സംസ്ഥാന സര്‍ക്കാരിന്‍റേത് എല്ലാ സാമൂഹിക വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വ്യാവസായിക നയം : മന്ത്രി പി രാജീവ്
വിവിധ ട്രേഡ് യൂണിയനുകളുമായി മന്ത്രി ചര്‍ച്ച നടത്തി
Trivandrum / February 14, 2025
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിഭാഗക്കാരേയും ഉള്‍ക്കൊള്ളുന്ന വ്യാവസായിക നയമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് വ്യവസായ, കയര്‍, നിയമ മന്ത്രി പി രാജീവ് പറഞ്ഞു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലാ സാമൂഹിക വിഭാഗക്കാര്‍ക്കും സംരംഭകരാകാന്‍ അവസരം ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്‍റെ (ഐകെജിഎസ് 2025) മുന്നോടിയായി കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) സംഘടിപ്പിച്ച ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കൊച്ചിയിലെ ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് വ്യവസായ വാണിജ്യ വകുപ്പിനു വേണ്ടി കെഎസ്ഐഡിസിയാണ് സംഘടിപ്പിക്കുന്നത്.
സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ ഏകദേശം 3.5 ലക്ഷം പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു. പുതിയ സംരംഭകരില്‍ 31 ശതമാനം സ്ത്രീകളാണ്. എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക് നാല് ശതമാനം വീതം പ്രാതിനിധ്യമുണ്ട്. സംരംഭകരില്‍ 50 ശതമാനത്തിലധികവും ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്.ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനും ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ 1000 എംഎസ്എംഇകളുടെ മൊത്തം വിറ്റുവരവ് നാല് വര്‍ഷത്തിനുള്ളില്‍ ശരാശരി ഒരു ലക്ഷം കോടി രൂപയായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന 'മിഷന്‍ 1000' പദ്ധതി പ്രകാരം ഏകദേശം 250 ലധികം സംരംഭങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ വര്‍ഷം 500 സംരംഭങ്ങളായത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ പങ്കെടുക്കേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ പ്രധാന ട്രേഡ് യൂണിയനുകളുടെ പ്രതിനിധികള്‍ ഐകെജിഎസ് 2025 ന് പിന്തുണ അറിയിച്ചു. യോഗത്തില്‍ സിഐടിയുവിനെ പ്രതിനിധീകരിച്ച് എല്‍ഡിഎഫ് കണ്‍വീനറും എംഎല്‍എയുമായ ടി പി രാമകൃഷ്ണന്‍ പങ്കെടുത്തു. ആര്‍ രാമു (സിഐടിയു), പ്രദീപ് നെയ്യാറ്റിന്‍കര, ആന്‍റണി ആല്‍ബര്‍ട്ട് (ഐഎന്‍ടിയുസി), ടോമി മാത്യു (എച്ച്എംഎസ്); ജി കെ അജിത്ത് (ബിഎംഎസ്), റഹ്മത്തുള്ള, മാഹിന്‍ അബൂബക്കര്‍, ആലംകോട് സിദ്ദിഖ്, നഹാസ് എ (എസ് ടിയു), എം ജി രാഹുല്‍, ആര്‍ സജിലാല്‍, അഡ്വ. ജി ലാലു, എ ശോഭ (എഐടിയുസി) എന്നിവരാണ് മറ്റ് ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
കേരളത്തിലെ എംഎസ്എംഇകള്‍, പരമ്പരാഗത വ്യവസായങ്ങള്‍, ഐടി ആവാസവ്യവസ്ഥ തുടങ്ങി വിവിധ മേഖലകളിലെ പുത്തന്‍ പ്രവണതകള്‍ ഐകെജിഎസ് 2025-ല്‍ പ്രദര്‍ശിപ്പിക്കുമെന്ന് വ്യവസായ-വാണിജ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു.
കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എസ് ഹരികിഷോര്‍, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍, ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വിഷ്ണുരാജ് പി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.