വേനലവധിക്കാലത്ത് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് പ്രതീക്ഷിച്ച് കേരളം

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ടൂറിസം പങ്കാളികളുമായി പ്രീ-സമ്മര്‍ ബിടുബി മീറ്റുമായി കേരള ടൂറിസം
New Delhi / February 13, 2025

ന്യൂഡല്‍ഹി: ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് പ്രതീക്ഷിക്കുന്ന കേരളം വേനലവധിക്കാലത്ത് സന്ദര്‍ശകരെ വരവേല്‍ക്കാനായുള്ള ആകര്‍ഷകമായ ടൂറിസം അനുഭവങ്ങളും ഉല്‍പ്പന്നങ്ങളും രാജ്യതലസ്ഥാനത്ത് അവതരിപ്പിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ടൂറിസം പങ്കാളികളുമായി കേരള ടൂറിസം നടത്തുന്ന പ്രീ-സമ്മര്‍ ബിടുബി മീറ്റിന്റെ ഭാഗമായിട്ടായിരുന്നു ന്യൂഡല്‍ഹിയിലെ പരിപാടി.

തനത് വിനോദസഞ്ചാര ആകര്‍ഷണീയത നിലനിര്‍ത്തുന്നതിനൊപ്പം നൂതന ടൂറിസം ഉല്‍പ്പന്നങ്ങളും സംരംഭങ്ങളുമായി കേരളം വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് ബിടുബി മീറ്റിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. എല്ലാ സീസണിനും അനുയോജ്യമായ ഡെസ്റ്റിനേഷനെന്ന കേരളത്തിന്റെ സവിശേഷതയ്ക്ക് പ്രാധാന്യം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ന്യൂഡല്‍ഹിയിലെ ടൂറിസം പങ്കാളികള്‍ ബിടുബി മീറ്റില്‍ പങ്കെടുത്തു.

കേരളത്തിന്റെ ടൂറിസം മേഖലയിലെ വലിയ പങ്ക് ആഭ്യന്തര വിനോദസഞ്ചാരികളാണെന്നും അതിനാല്‍ വേനലവധിക്കാലം ലക്ഷ്യമിട്ട് രാജ്യത്തുടനീളമുള്ള ടൂറിസം പങ്കാളികളുമായി പങ്കാളിത്തം ഉറപ്പിക്കുന്നതിനായി കേരള ടൂറിസം അഖിലേന്ത്യാ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ടെന്ന് ശിഖ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിന്റെ വിനോദസഞ്ചാരത്തെ ഊര്‍ജ്ജസ്വലമാക്കുന്നതില്‍ രാജ്യത്തിനകത്തെ വിനോദസഞ്ചാരികള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യത്തിനകത്തു നിന്ന് വിവിധ മേഖലകളില്‍ നിന്ന് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും കേരളത്തിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായിട്ടാണ് പാന്‍ ഇന്ത്യന്‍ പ്രമോഷണല്‍ കാമ്പയിന്‍ നടത്തുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

2022 ല്‍ കോവിഡിന് മുന്‍പുള്ളതിനേക്കാള്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ കേരളത്തിനായി. 2023-ല്‍ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം റെക്കോര്‍ഡിലെത്തി. 2024-ലും സഞ്ചാരികളുടെ വര്‍ധനവ് തുടര്‍ന്നു. 2024-ന്റെ ആദ്യ പകുതിയില്‍ (ജനുവരി-ജൂണ്‍) കേരളത്തിലെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,08,57,181 ആണ്.

ന്യൂഡല്‍ഹിക്ക് പുറമേ ബെംഗളൂരു, അഹമ്മദാബാദ്, ചണ്ഡീഗഡ്, ജയ്പൂര്‍, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ കേരളം പ്രീ-സമ്മര്‍ ബി2ബി മീറ്റ് നടത്തും. ഈ വര്‍ഷത്തെ ഇത്തരത്തിലുള്ള ആദ്യത്തെ റോഡ്ഷോ ജനുവരി 21 ന് ഹൈദരാബാദില്‍ നടന്നു. ഇന്ത്യയിലുടനീളമുള്ള സന്ദര്‍ശകര്‍ക്ക് ആസ്വാദ്യകരമായ യാത്രാ-വിനോദ അനുഭവം ഉറപ്പാക്കുന്നതിനായി രാജ്യത്തുടനീളമുള്ള ടൂറിസം ഫെസിലിറ്റേറ്റര്‍മാരെയും പങ്കാളികളെയും ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബേക്കല്‍, വയനാട്, കോഴിക്കോട് ഉള്‍പ്പെടെയുള്ള വടക്കന്‍ കേരളത്തിലെ സ്ഥലങ്ങള്‍ക്ക് ഇത്തവണ കാമ്പയിനില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, ലോജിസ്റ്റിക്‌സ്, ഡിജിറ്റല്‍ കണക്റ്റിവിറ്റി എന്നിവയുള്ള അറിയപ്പെടാത്ത ഡെസ്റ്റ്‌റിനേഷനുകളെയും പരിചയപ്പെടുത്തും.

കോവിഡിനു ശേഷം കേരളം എന്ന ഡെസ്റ്റിനേഷന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് നിരവധി അന്താരാഷ്ട്ര, ദേശീയ ബഹുമതികളാണ് കേരള ടൂറിസത്തിന് ലഭിച്ചത്. പ്രമുഖ ഡിജിറ്റല്‍ ട്രാവല്‍ കമ്പനിയായ ബുക്കിംഗ് ഡോട്ട് കോമിന്റെ 13-ാമത് വാര്‍ഷിക ട്രാവലേഴ്‌സ് റിവ്യൂ അവാര്‍ഡില്‍ മോസ്റ്റ് വെല്‍ക്കമിംഗ് റീജിയന്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിയതാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ അംഗീകാരം.

ബീച്ചുകള്‍, ഹില്‍ സ്റ്റേഷനുകള്‍, ഹൗസ് ബോട്ടുകള്‍, കായലുകള്‍ തുടങ്ങിയ സംസ്ഥാനത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ക്കൊപ്പം പുതിയ ഉല്‍പ്പന്നങ്ങള്‍ സന്ദര്‍ശകരുടെ യാത്രാനുഭവത്തിന്റെ സമഗ്രത വര്‍ദ്ധിപ്പിക്കും. പ്രകൃതി സൗന്ദര്യം, സംസ്‌കാരികമായ സവിശേഷതകള്‍, സമ്പന്നമായ പൈതൃകം എന്നിവയ്ക്ക് പേരുകേട്ട കേരളം പ്രൗഢമായ സാംസ്‌കാരിക, സാഹിത്യ പരിപാടികളും സന്ദര്‍ശകര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഫെബ്രുവരി 14 മുതല്‍ 20 വരെ തിരുവനന്തപുരം നഗരം നിശാഗന്ധി നൃത്തോത്സവത്തിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ്. മോഹിനിയാട്ടം, കഥക്, കുച്ചിപ്പുടി, ഭരതനാട്യം, മണിപ്പൂരി തുടങ്ങിയ ശാസ്ത്രീയ നൃത്തരൂപങ്ങളെ പ്രതിനിധീകരിക്കുന്ന ഇന്ത്യയിലുടനീളമുള്ള പ്രശസ്ത നര്‍ത്തകര്‍ ഇതില്‍ പങ്കെടുക്കും.

അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള കേരളത്തിന്റെ സ്ഥാനം വര്‍ധിപ്പിക്കുന്നതിനായി ഈ വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ അന്താരാഷ്ട്ര സര്‍ഫിംഗ്, പാരാഗ്ലൈഡിംഗ്, മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തും. ഫെബ്രുവരി 27, 28 തീയതികളില്‍ തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍, മാര്‍ച്ച് 19 മുതല്‍ 23 വരെ ഇടുക്കിയിലെ വാഗമണില്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍, മാര്‍ച്ച് 28 മുതല്‍ 30 വരെ വയനാട്ടിലെ മാനന്തവാടിയില്‍ മൗണ്ടന്‍ ടെറൈന്‍ ബൈക്കിംഗ് ചാമ്പ്യന്‍ഷിപ്പ് (എംടിബി കേരള 2025) എന്നിവ നടക്കും.

ആഡംബരവും വിനോദവും സംയോജിപ്പിച്ചുകൊണ്ട് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനും മൈസ് ടൂറിസത്തിനും (മീറ്റിംഗുകള്‍, സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍) കേരളം പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നു. കൂടുതല്‍ ഇന്ത്യക്കാരും വിദേശികളും വെഡ്ഡിങ് ഡെസ്റ്റിനേഷനായി കേരളത്തെ തെരഞ്ഞെടുക്കുന്ന പ്രവണതയും വര്‍ധിച്ചു വരുന്നു. മനോഹരമായ ഭൂപ്രകൃതി, ലോകോത്തര സൗകര്യങ്ങള്‍, പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സംയോജനം എന്നിവയാല്‍ വേറിട്ട അനുഭവം തേടുന്ന ഇവന്റ്-വെഡ്ഡിങ് പ്ലാനര്‍മാര്‍, ദമ്പതികള്‍, കോര്‍പ്പറേറ്റ് ക്ലയന്റുകള്‍ എന്നിവരെ സംസ്ഥാനം ആകര്‍ഷിക്കുന്നു.

ഹൗസ് ബോട്ടുകള്‍, കാരവന്‍ സ്റ്റേകള്‍, പ്ലാന്റേഷന്‍ സന്ദര്‍ശനങ്ങള്‍, ജംഗിള്‍ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ആയുര്‍വേദ അധിഷ്ഠിത വെല്‍നസ് സെന്ററുകള്‍, ട്രെക്കിംഗ്, വില്ലേജ് വാക്ക് എന്നിങ്ങനെ യാത്രാപ്രേമികള്‍ക്ക് വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ നല്‍കുന്നതില്‍ കേരളം മുന്‍പന്തിയിലാണ്.n

 

Photo Gallery

+
Content
+
Content
+
Content