മാര്‍ക്കറ്റിംഗ് ടെക്നോളജി ദാതാക്കളായ എക്സ്പെവോ ഡിജിറ്റല്‍ ടെക്നോപാര്‍ക്കില്‍ ഓഫീസ് തുറന്നു
Trivandrum / March 4, 2025
തിരുവനന്തപുരം: പ്രമുഖ മാര്‍ക്കറ്റിംഗ് ടെക്നോളജി ദാതാക്കളായ എക്സ്പെവോ ഡിജിറ്റല്‍ സര്‍വീസസ് എല്‍എല്‍പി ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു. ടെക്നോപാര്‍ക്കിലെ എസ്ടിപിഐ കെട്ടിടത്തില്‍ ആറാം നിലയിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുക.
ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍, സോഫ്റ്റ് വെയര്‍ ടെക്നോളജി പാര്‍ക്ക്സ് ഇന്ത്യ (എസ്ടിപിഐ) അഡീഷണല്‍ ഡയറക്ടര്‍ മഹേഷ് എം നായര്‍, സണ്‍ടെക് ഗ്രൂപ്പിന്‍റെ ഗ്ലോബല്‍ ഐടി മേധാവിയും സിഐഒ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്റര്‍ പ്രസിഡന്‍റുമായ ശ്രീകുമാര്‍ ബാലചന്ദ്രന്‍, ടെക്കികളുടെ ക്ഷേമസംഘടനയായ പ്രതിധ്വനിയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
അത്യാധുനിക സാസ് സൊല്യൂഷനുകളിലൂടെയും ഡിജിറ്റല്‍ സേവനങ്ങളിലൂടെയും മാര്‍ക്കറ്റിംഗ് ടെക്നോളജി മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് എക്സ്പെവോ ഡിജിറ്റല്‍ സിഇഒ പത്മനാഭന്‍ പി കെ പറഞ്ഞു.
ടെക്നോപാര്‍ക്കിലെ പുതിയ ഓഫീസിലൂടെ പ്രവര്‍ത്തനം വിപുലീകരിക്കാനും ബിസിനസ് പങ്കാളിത്തം വര്‍ധിപ്പിക്കാനും ആഗോളതലത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെ പുനര്‍നിര്‍വചിക്കുന്ന നൂതന ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനും ഒരുങ്ങുന്നതായി അദ്ദേഹം പറഞ്ഞു.
മാര്‍ക്കറ്റിംഗ് സാങ്കേതികവിദ്യ, എഐ അധിഷ്ഠിത ഓട്ടോമേഷന്‍ തുടങ്ങിയവയില്‍ എക്സ്പെവോ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. അത്യാധുനിക ഡിജിറ്റല്‍ ഉത്പന്നങ്ങളിലൂടെ ബിസിനസിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
എക്സ്പെവോയുടെ മുന്‍നിര സാസ് ഉത്പന്നങ്ങളിലൊന്നായ ഔട്ട്റീച്ചബിള്‍ എഐ (Outreachable.ai) ചടങ്ങില്‍ അവതരിപ്പിച്ചു.
ബിസിനസ്സുകള്‍ക്കാവശ്യമായ വാട്ട്സ്ആപ്പ് എപിഐ സംയോജനം സാധ്യമാക്കുന്ന ഒരു കമ്മ്യൂണിക്കേഷന്‍-ആസ്-എ-സര്‍വീസ് (CaaS) പ്ലാറ്റ് ഫോമാണ് ഔട്ട്റീച്ചബിള്‍. ബ്രാന്‍ഡുകളുടെ ദൃശ്യപരത വര്‍ദ്ധിപ്പിക്കാനും വ്യക്തിഗത ഉപഭോക്തൃ ഇടപെടലുകളിലൂടെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനും ഈ പ്ലാറ്റ് ഫോം ബിസിനസുകളെ സഹായിക്കുന്നു.
Photo Gallery
