സ്ട്രിംഗ് തിയറി മ്യൂസിക് ബാന്‍ഡിന്‍റെ സംഗീതപരിപാടിയ്ക്ക് ഗൊയ്ഥെ-സെന്‍ട്രം വേദിയൊരുക്കുന്നു

വിഖ്യാത ജര്‍മ്മന്‍ സിത്താര്‍ വാദകന്‍ സെബാസ്റ്റ്യന്‍ ഡ്രെയറും സംഘവും 13 ന് തിരുവനന്തപുരത്ത്
Trivandrum / February 9, 2025

തിരുവനന്തപുരം: ജര്‍മ്മനിയിലെ സിത്താര്‍ വാദകരുടെ കൂട്ടായ്മയായ സ്ട്രിംഗ് തിയറിയുടെ മാസ്മരിക ഈണങ്ങള്‍ ആസ്വദിക്കാന്‍ സംഗീതപ്രേമികള്‍ക്ക് അവസരം. തിരുവനന്തപുരത്തെ ജര്‍മ്മന്‍ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ-സെന്‍ട്രമാണ് ഇതിനുള്ള അവസരമൊരുക്കുന്നത്. തിരുവനന്തപുരത്തെ ഗൊയ്ഥെ ആംഫി തിയേറ്ററില്‍ ഫെബ്രുവരി പതിമൂന്നിന് വൈകീട്ട് ഏഴിനാണ് സ്ട്രിംഗ് തിയറിയുടെ സംഗീത പരിപാടി.

ജര്‍മ്മന്‍ സിത്താര്‍ വാദകനായ സെബാസ്റ്റ്യന്‍ ഡ്രെയറിന്‍റെ നേതൃത്വത്തിലുള്ള എട്ട് സിത്താര്‍ വാദകരുടെ കൂട്ടായ്മയാണ് സ്ട്രിംഗ് തിയറി. ജര്‍മ്മനി, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള സിത്താര്‍ കലാകാരന്‍മാര്‍ സ്ട്രിംഗ് തിയറിയുടെ ഭാഗമാണ്.

ക്ലാസിക്കല്‍ ഇന്ത്യന്‍ രാഗ സംഗീതത്തിന്‍റെ കാലാതീത സൗന്ദര്യത്തെ സമകാലിക സംഗീത രീതികളുമായി ഇഴ ചേര്‍ത്താണ് സ്ട്രിംഗ് തിയറി അവതരിപ്പിക്കുക. പാരമ്പര്യത്തിലൂടെയും ആധുനികതയിലൂടെയും ഒരേ സമയം സഞ്ചരിക്കാന്‍ ആസ്വാദകന് പരിപാടിയിലൂടെ സാധ്യമാകും.

പ്രശസ്ത തബലിസ്റ്റ് വിര്‍ച്യുസോ റെറ്റ്നശ്രീ അയ്യര്‍, സോളോ പെര്‍മോന്‍സുകാരായ ടിന 'ട്രില്ലി' ബാര്‍ട്ടല്‍, അലക്സാണ്ടര്‍ കൊണാന്‍ചുക്, ഹാന്‍ഡോംഗ് റിയു, ഗ്രൂപ്പ് വാദകരായ വില്‍ ദേവര്‍, സുസാന്‍ ക്രെറ്റ്ഷ്മാന്‍, മത്തിയാസ് സീഡല്‍, അനുരാഗ് ശര്‍മ്മ, തബലിസ്റ്റ് രത്നശ്രീ അയ്യര്‍ എന്നിവരാണ് സ്ട്രിംഗ് തിയറി സംഘത്തിലുള്ളത്.

ക്ലാസിക്കല്‍ രാഗ സംഗീതം അതിന്‍റെ പരമ്പരാഗത രൂപത്തില്‍ പഠിച്ച ചുരുക്കം ചില യൂറോപ്യന്‍ സംഗീതോപകരണ വിദഗ്ദ്ധരില്‍ ഒരാളാണ് സെബാസ്റ്റ്യന്‍ ഡ്രെയര്‍. ഗൊയ്ഥെ സെന്‍ട്രത്തില്‍ മൂന്നാം വട്ടമാണ് സെബാസ്റ്റ്യന്‍ സംഗീത പരിപാടിയുമായെത്തുന്നത്. ജര്‍മ്മനിയ്ക്ക് പുറമെ ഇന്ത്യ, സ്വിറ്റ്സര്‍ലന്‍ഡ്, റഷ്യ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, ലാത്വിയ, ഇന്തോനേഷ്യ, ഗ്രേറ്റ് ബ്രിട്ടണ്‍ എന്നിവിടങ്ങളിലും അദ്ദേഹം സംഗീതപരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

ദക്ഷിണ കൊറിയന്‍ സംഗീതജ്ഞനാണ് ഹാന്‍ഡോങ് റിയു. ഗിറ്റാറിസ്റ്റ്, ഗായകന്‍, ഗാനരചയിതാവ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

ഫ്ളൂട്ട്, പിയാനോ, ഗിറ്റാര്‍ എന്നിവയിലും അഗ്രഗണ്യയായ ടീന 'ട്രില്ലി' ബാര്‍ട്ടല്‍ വിവിധ സംഗീതബാന്‍ഡുകളിലെ മള്‍ട്ടി ഇന്‍സ്ട്രമെന്‍റലിസ്റ്റാണ്. സെബാസ്റ്റ്യന്‍ ഡ്രെയറില്‍ നിന്ന് സിത്താര്‍ അഭ്യസിക്കുകയും ചെയ്യുന്നു.

സെബാസ്റ്റ്യന്‍ ഡ്രെയറിന്‍റെ വിദ്യാര്‍ത്ഥിയല്ലാത്ത ഗ്രൂപ്പിലെ ഏക അംഗമാണ് അലക്സാണ്ടര്‍ കൊണാന്‍ചുക്. സെന്‍റ് പീറ്റേഴ്സ്ബര്‍ഗ് ഫെസ്റ്റിവലിലെ പ്രധാന സിത്താര്‍ വാദകരില്‍ ഒരാളാണ് അലക്സാണ്ടര്‍.  

സിത്താര്‍, തബല, സരോദ്, ഗിറ്റാര്‍, ഡ്രംസ്, എന്നിവയില്‍ പ്രാവീണ്യമുള്ളയാളാണ് വില്‍ ദേവര്‍. പരിചയപ്പെടുത്തി. ജോഹന്നാസ്ബര്‍ഗിലെ ഇന്ത്യന്‍ മ്യൂസിക് സ്കൂളിലെ ക്ലാസുകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. വാസ്തുവിദ്യ, പോസ്റ്റ് കൊളോണിയല്‍ സിദ്ധാന്തം എന്നിവയുമായി ബന്ധപ്പെട്ടും അദ്ദേഹത്തിന് മികച്ച അറിവുണ്ട്.

ഗിറ്റാറിസ്റ്റായ മത്തിയാസ് സീഡല്‍ സെബാസ്റ്റ്യന്‍ ഡ്രെയറിന്‍റെ മാര്‍ഗനിര്‍ദേശപ്രകാരം പരമ്പരാഗത രീതിയില്‍ സിത്താര്‍ വായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കലാകാരനാണ്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ അനുരാഗ് ശര്‍മ്മ ശാസ്ത്രീയ സംഗീതത്തിലും മികച്ച അറിവുള്ളയാളാണ്. തബല കലാകാരിയായ രത്നശ്രീ അയ്യര്‍ ഹിന്ദുസ്ഥാനിയും കര്‍ണാടക സംഗീതവും സമന്വയിപ്പിച്ചുള്ള പ്രകടനവും കാഴ്ച വയ്ക്കാറുണ്ട്.

ജര്‍മ്മന്‍ ഭാഷയും സംസ്ക്കാരവും ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനും സാംസ്ക്കാരിക കൈമാറ്റവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വേദിയാണ് ഗൊയ്ഥെ ഇന്‍സ്റ്റിറ്റ്യൂട്ട്.

പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യ പാസ് വഴി നിയന്ത്രിതമാണ്. https://trivandrum.german.in/events എന്ന വെബ്സൈറ്റില്‍ നിന്ന് പാസുകള്‍ നേടാവുന്നതാണ്.

Photo Gallery