തൊഴിലിടങ്ങളില്‍ പോഷ് നിയമത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കണം: അഡ്വ.പി സതീദേവി

കേരള വനിതാ കമ്മീഷന്‍ ടെക്നോപാര്‍ക്കില്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു
Trivandrum / February 5, 2025

തിരുവനന്തപുരം: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പോഷ് നിയമം നിലവില്‍ വന്ന് 12 വര്‍ഷം കഴിഞ്ഞിട്ടും നിയമത്തെക്കുറിച്ചുള്ള അവബോധം സ്ത്രീകള്‍ക്കിടയില്‍ പരിമിതമാണെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണും മുന്‍ എംപി യുമായ അഡ്വ. പി സതീദേവി പറഞ്ഞു. ജോലിസ്ഥലത്തെ സ്ത്രീ ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ സ്ഥാപനങ്ങളിലും നിരീക്ഷണ സംവിധാനം ശക്തമാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേരള വനിതാ കമ്മീഷന്‍റെ നേതൃത്വത്തില്‍ ടെക്നോപാര്‍ക്കിലെ വനിതാ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച പോഷ് ബോധവത്കരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.  

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പോഷ് ആക്ട് 2013-നെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കേരള വനിതാ കമ്മീഷന്‍ സംസ്ഥാന വ്യാപകമായി ഐടി പാര്‍ക്കുകളും ഷോപ്പിംഗ് മാളുകളും കേന്ദ്രീകരിച്ച് നടത്തുന്ന കാമ്പയ്നുകളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

വീട്ടിലും ജോലിസ്ഥലത്തും മാത്രമല്ല യാത്രകള്‍ക്കിടയിലും സ്ത്രീകള്‍ പലതരത്തിലുള്ള ചൂഷണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്നു. ഇതിനെല്ലാം പരിഹാരമാകുന്ന പോഷ് നിയമത്തെക്കുറിച്ച് സ്ത്രീകള്‍ ബോധവതികളാകേണ്ട സമയമാണിതെന്നും സതീദേവി പറഞ്ഞു.

വനിതാ കമ്മീഷന്‍റെ മുമ്പാകെ വരുന്ന പീഡനക്കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഇത്തരം പ്രചാരണങ്ങള്‍ അനിവാര്യമാണ്. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ സൗകര്യമൊരുക്കിയ ടെക്നോപാര്‍ക്കിനെ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഭിനന്ദിച്ചു.

സ്ത്രീ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം ജോലിസ്ഥലത്ത് സമ്മര്‍ദ്ദരഹിതമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.  
കേരള വനിതാ കമ്മീഷന്‍റെ പോഷ് ബോധവത്കരണ സെമിനാര്‍ മികച്ച സംരംഭമാണെന്ന് ചടങ്ങില്‍ അധ്യക്ഷത ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടെക്നോപാര്‍ക്ക് സിഇഒ (റിട്ട) കേണല്‍ സഞ്ജീവ് നായര്‍ പറഞ്ഞു.

സ്ത്രീ ജീവനക്കാരുടെ മികച്ച പങ്കാളിത്തം ഉള്ളതു കൊണ്ടു തന്നെ ടെക്നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള ഐടി പാര്‍ക്കുകളില്‍ ഇത്തരം ബോധവല്‍ക്കരണ കാമ്പയിന്‍ അത്യന്താപേക്ഷിതമാണ്.  
 
വനിതാ ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ ടെക്നോപാര്‍ക്കില്‍ ഇന്‍റേണല്‍ കംപ്ലയിന്‍റ്സ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. അനീതികള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാന്‍ സ്ത്രീകള്‍ ധൈര്യത്തോടെ മുന്നോട്ട് വരേണ്ടതുണ്ട്. പോഷ് ആക്ടിനെക്കുറിച്ച് പുരുഷ ജീവനക്കാരും ബോധവാന്‍മാരാകണം. വനിതാ സഹപ്രവര്‍ത്തകരുമായി മികച്ച ബന്ധം സൂക്ഷിക്കാന്‍ ഇതിലൂടെ അവര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

തിരുവനന്തപുരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ അഡ്വ. അനീഷ വി എല്‍ വിഷയം അവതരിപ്പിച്ചു. കേരള വനിതാ കമ്മീഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, കേരള വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍, കേരള വനിതാ കമ്മീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐപിഎസ്, ലോ ഓഫീസര്‍ കെ. ചന്ദ്രശോഭ, പിആര്‍ഒ എസ്. സന്തോഷ് കുമാര്‍, റിസര്‍ച്ച് ഓഫീസര്‍ എ ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിച്ചു. ടെക്നോപാര്‍ക്ക് ജീവനക്കാരും ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.

 

Photo Gallery

+
Content
+
Content