കേരള ഓട്ടോമോട്ടീവ് ടെക്നോളജി ഉച്ചകോടി: നൂതന ഇവി വാഹനങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയം

ബിവൈഡി, ബിഎംഡബ്ല്യു, മഹീന്ദ്ര എന്നിവയുടെ പുതിയ മോഡലുകള്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു
Trivandrum / February 6, 2025

തിരുവനന്തപുരം: ഓട്ടോമോട്ടീവ് ടെക്നോളജി ഹബ്ബായി മാറാനുള്ള സംസ്ഥാനത്തിന്‍റെ ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ പ്രദര്‍ശനവുമായി ആഗോള വാഹനനിര്‍മ്മാതാക്കള്‍. കേരള ഓട്ടോമോട്ടീവ് ടെക്നോളജി ഉച്ചകോടി (കെഎടിഎസ് 2025) യിലാണ് ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഇലക്ട്രിക് വാഹനനിര്‍മ്മാതാക്കള്‍ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചത്.

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് കാറുകളായ ബിഇ 6, എക്സ് ഇ വി 9 ഇ ഇലക്ട്രിക് ബോണ്‍ വാഹനങ്ങള്‍ കേരളത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത് എക്സ്പോയിലാണെന്നത് ശ്രദ്ധേയം. മെഴ്സിഡസ്-ബെന്‍സ് ഇക്യുഎ 250-പ്ലസ്, ഇക്യുഎസ് 580 എസ് യുവി, ബിഎംഡബ്ല്യു മോട്ടോറാഡ്, ബിഎംഡബ്ല്യുവിന്‍റെ ഇലക്ട്രിക് ബൈക്കുകള്‍ തുടങ്ങിയ അത്യാധുനിക ഇവി മോഡലുകളും എക്സ്പോയിലുണ്ട്.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ (കെഎസ്ഐഡിസി) സഹകരണത്തോടെ സംഘടിപ്പിച്ച ഉച്ചകോടിയുടെ ഭാഗമായാണ് എക്സ്പോ സംഘടിപ്പിച്ചത്.

ഫെബ്രുവരി 20 ന് രാജ്യത്ത് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഇലക്ട്രിക് കാര്‍ മോഡലായ ബിവൈഡി സീലിയന്‍ 7 ന്‍റെ  വിവരങ്ങളും എക്സ്പോയില്‍ ലഭ്യമായിരുന്നു.

തിരുവനന്തപുരത്തു നിന്നുള്ള ഓട്ടോമോട്ടീവ് സോഫ്റ്റ് വെയര്‍ ടെക്നോളജി കമ്പനികളുടെ ഉത്പന്നങ്ങളാണ് പുതുതായി പുറത്തിറങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളില്‍ അധികമായി ഉപയോഗിക്കുന്നതെന്ന പ്രത്യേതകയുമുണ്ട്.

മെഴ്സിഡസ് ബെന്‍സ് ഇക്യുഎസ് 580 എസ് യുവിയുടെ ഉയര്‍ന്ന നിലവാരമുള്ള മോഡലാണ് എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. പ്രമുഖ ജര്‍മ്മന്‍ ഓട്ടോമോട്ടീവ് കമ്പനിയായ ഹോണ്ടയുടെ എന്‍ട്രി ലെവല്‍ മോഡലായ 'ഇക്യുഎ 250 പ്ലസ്' ന് കേരളത്തില്‍ 68 ലക്ഷം രൂപയാണ് വില.

കെഎടിഎസ് 2025 എക്സ്പോയില്‍ തിരുവനന്തപുരത്തെ പ്രമുഖ ഓട്ടോമോട്ടീവ് ടെക്നോളജി ദാതാക്കളുടെ പ്രദര്‍ശനങ്ങളും ഉണ്ടായിരുന്നു. ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള ആക്സിയ, വിസ്റ്റിയോണ്‍, ഡിസ്പേസ്, ആലപ്പുഴ ആസ്ഥാനമായുള്ള ടെക്നോമേക്ക്, ബെംഗളൂരുവില്‍ നിന്നുള്ള ആള്‍ട്ടയര്‍ എഞ്ചിനീയറിംഗ്, ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായുള്ള ഇഗ്നിറ്റേറിയം എന്നിവ ശ്രദ്ധേയമായിരുന്നു.

ടെസ്ലയുടെ ഇലക്ട്രിക് കാറായ 'മോഡല്‍ എക്സ്' എക്സ്പോയില്‍ അവതരിപ്പിച്ചതും ശ്രദ്ധേയമായി.

ഇലക്ട്രിക്, സോഫ്റ്റ് വെയര്‍ ഡ്രൈവ് വാഹനങ്ങളിലേക്കുള്ള ആഗോളമാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച ഉച്ചകോടിയിലെ എക്സ്പോയില്‍ ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയിലെ സംസ്ഥാനത്തിന്‍റെ നേട്ടങ്ങളും പ്രദര്‍ശിപ്പിച്ചു.

ഫെബ്രുവരി 21 മുതല്‍ 22 വരെ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്‍റെ മുന്നോടിയായാണ് കേരള ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ് സംഘടിപ്പിച്ചത്.

Photo Gallery

+
Content
+
Content
+
Content
+
Content
+
Content