കേരള ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ് ഫെബ്രുവരി ആറിന്

കേരളത്തെ ലോകോത്തര വാഹന സാങ്കേതികവിദ്യാ കേന്ദ്രമായി മാറ്റുക ലക്ഷ്യം
Trivandrum / January 30, 2025

തിരുവനന്തപുരം: ഓട്ടോമോട്ടീവ് വ്യവസായത്തിനാവശ്യമായ അത്യാധുനിക സാങ്കേതികവിദ്യകളുടെ സുപ്രധാന കേന്ദ്രമായി കേരളത്തെ മാറ്റുന്നതും നിക്ഷേപം ആകര്‍ഷിക്കുന്നതും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന കേരള ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ് (കാറ്റ്സ് 2025) ഫെബ്രുവരി ആറിന് തിരുവനന്തപുരത്ത് നടക്കും.

ഇലക്ട്രിക്, സോഫ്റ്റ് വെയര്‍ ഡ്രൈവ് വാഹനങ്ങളിലേക്കുള്ള ആഗോളമാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ സംഘടിപ്പിക്കുന്ന ഉച്ചകോടിയില്‍ നയരൂപകര്‍ത്താക്കള്‍, ഓട്ടോമോട്ടീവ് വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ലോകോത്തര വാഹന സാങ്കേതികവിദ്യാ കേന്ദ്രമായി കേരളത്തെ മാറ്റുന്നതിനുള്ള സാധ്യതകള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ (കെഎസ്ഐഡിസി) സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി പി. രാജീവും എന്നിവര്‍ സംസാരിക്കും.

ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ ഒറിജിനല്‍ എക്യുപ്മെന്‍റ് മാനുഫാക്ചേഴ്സ് (ഒഇഎം), ഓട്ടോമോട്ടീവ് വസ്തുക്കളുടെ വിതരണക്കാര്‍, സാങ്കേതികവിദ്യാ വിദഗ്ധര്‍ എന്നിവരുമുണ്ടാകും. സംസ്ഥാനത്തെ ഇലക്ട്രിക് വെഹിക്കിള്‍ റിസര്‍ച്ച് ആന്‍റ്  ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലൂടെയുള്ള നിക്ഷേപ സാധ്യതകള്‍ ഉച്ചകോടി ആരായും.

ഫെബ്രുവരി 21 മുതല്‍ 22 വരെ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്‍റെ മുന്നോടിയായി സംഘടിപ്പിക്കുന്ന കേരള ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ് 2025 ല്‍ ഓട്ടോമോട്ടീവ് മേഖലയിലെ സംസ്ഥാനത്തിന്‍റെ  നേട്ടങ്ങളും സാധ്യതകളും പ്രദര്‍ശിപ്പിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന ഘടകങ്ങളായ ബാറ്ററികള്‍, മോട്ടോറുകള്‍, ചാര്‍ജറുകള്‍ തുടങ്ങിയവയുടെ ഉത്പാദനത്തിലെ കേരളത്തിന്‍റെ സാങ്കേതികവിദ്യാ പുരോഗതിയും ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിക്കും. ലോകോത്തര വാഹന സാങ്കേതികവിദ്യകളില്‍ കേരളത്തിന്‍റെ മേല്‍ക്കോയ്മ ഉറപ്പിക്കാന്‍ ഉച്ചകോടിയിലൂടെ സാധിക്കും.

കേരളത്തില്‍ നിന്നുള്ള നിസ്സാന്‍ ഡിജിറ്റല്‍ ഇന്ത്യ, ഡിസ്പെയ്സ്, ആക്സിയ ടെക്നോളജീസ്, വിസ്റ്റിയോണ്‍, ടാറ്റാ എല്‍ക്സി തുടങ്ങിയ മുന്‍നിര കമ്പനികള്‍ കേരളം ആസ്ഥാനമാക്കി ഇതിനകം തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വിളപ്പില്‍ശാലയില്‍ ആരംഭിച്ച ഇലക്ട്രിക് വെഹിക്കിള്‍ റിസര്‍ച്ച് ആന്‍റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പോലുള്ള സംരംഭങ്ങളിലൂടെ ഇലക്ട്രിക് വാഹന ഗതാഗത രംഗത്ത് സര്‍ക്കാര്‍ പ്രതിബദ്ധത കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക്, സോഫ്റ്റ് വെയര്‍ ഡ്രൈവ് വാഹനങ്ങളിലേക്കുള്ള ആഗോളമാറ്റങ്ങളെ സംബന്ധിച്ച വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട അവതരണങ്ങളും ഉച്ചകോടിയിലുണ്ടാകും.
 
ബിഎംഡബ്ല്യു ടെക് വര്‍ക്ക്സ് ഇന്ത്യ സിഇഒ ആദിത്യ ഖേര, മെഴ്സിഡസ് ബെന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ എംഡിയും സിഇഒയുമായ സന്തോഷ് അയ്യര്‍, ടാറ്റ എല്‍ക്സി സിഎംഒ ആന്‍റ് ചീഫ് സ്ട്രാറ്റജി ഓഫീസര്‍ നിതിന്‍ പൈ, ആര്‍ ആന്‍റ് ഡി  മുന്‍ വൈസ് പ്രസിഡന്‍റ്  സ്റ്റീഫന്‍ ജുറാഷെക്, സിഐഐ തിരുവനന്തപുരം സോണ്‍ ചെയര്‍മാനും ആക്സിയ ടെക്നോളജീസ് സ്ഥാപകനും സിഇഒയുമായ ജിജിമോന്‍ ചന്ദ്രന്‍, ഡിസ്പെയ്സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഫ്രാങ്ക്ലിന്‍ ജോര്‍ജ് തുടങ്ങിയവര്‍ ഉച്ചകോടിയില്‍ സംസാരിക്കും.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി ചെയര്‍മാന്‍ ബാലഗോപാല്‍ ചന്ദ്രശേഖര്‍, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ എന്നിവര്‍ സംസ്ഥാനത്തെ ഓട്ടോമോട്ടീവ് സംരംഭങ്ങളെ കുറിച്ച് അവതരണം നടത്തും.

ആംഗ്ലിയന്‍ ഒമേഗ ഗ്രൂപ്പിന്‍റെയും ഒമേഗ സെയ്കി മൊബിലിറ്റിയുടെയും ചെയര്‍മാന്‍ ഉദയ് നാരംഗ്, കെയര്‍സോഫ്റ്റ് ഗ്ലോബല്‍ സി.ഇ.ഒ മാത്യു വാച്ചപറമ്പില്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയറിംഗ് വിസ്റ്റണ്‍ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്‍റ് രാഹുല്‍ സിംഗ്, ഇന്ത്യ കോണ്ടിനെന്‍റല്‍ ഓട്ടോമോട്ടീവ് കംപോണന്‍റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്‍റ് ലത ചെമ്പ്രക്കളം, പാര്‍ട്ണര്‍ ആന്‍റ് ഹെഡ് ബിസിനസ് കണ്‍സള്‍ട്ടിംഗ് കെപിഎംജി ഇന്ത്യ വിനോദ് കുമാര്‍ .ആര്‍ എന്നിവരും സംസാരിക്കും.

ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഇവി നിര്‍മ്മാതാക്കളുടെ വാഹനങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. മഹീന്ദ്രയുടെ 6, 9 ഇലക്ട്രിക് ബോണ്‍ വാഹനങ്ങള്‍ കേരളത്തില്‍ ആദ്യമായാണ് പ്രദര്‍ശനത്തിനെത്തുന്നത്.

എസ് ഡിവി, ഇവി വാഹനങ്ങളുടെ ആഗോള കേന്ദ്രമാക്കി തിരുവനന്തപുരത്തെ മാറ്റുന്നതില്‍ കാറ്റ്സ് 2025 പ്രധാന പങ്ക് വഹിക്കും. സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, ക്ലീന്‍ എനര്‍ജി സൊല്യൂഷനുകള്‍, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, എന്‍ജിനീയറിങ് മേഖലയിലെ വിഭവശേഷി എന്നിവയുടെ സംയോജനത്തിലൂടെ വാഹനഗതാഗത മേഖലയില്‍ ഉയര്‍ന്നുവരാനും കേരളത്തിന് ഇത് അവസരമൊരുക്കും.

ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആഗോളതലത്തിലെ എസ് ഡിവി വിപണി 2024 ലെ 320 ബില്യണ്‍ ഡോളറില്‍ നിന്ന് 2035 ഓടെ 1.2 ട്രില്യണ്‍ ഡോളറായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വാഹനങ്ങളുടെ ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ മേഖലകളില്‍ പുത്തന്‍ സാധ്യതകള്‍ കണ്ടെത്താന്‍ ഉച്ചകോടി വഴിയൊരുക്കും. ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയിലുണ്ടാകുന്ന അത്യാധുനിക മാറ്റങ്ങളിലൂടെ കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം മികച്ച തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. എസ് ഡിവി, ഇവി സാങ്കേതികവിദ്യകളിലെ നിക്ഷേപം വര്‍ധിക്കുന്നതോടെ കേരളത്തിന്‍റെ ജിഡിപിയും വര്‍ദ്ധിക്കും. അനുബന്ധ വ്യവസായ വളര്‍ച്ചയ്ക്കും ഇത് കാരണമാകും. ഗവേഷണ, വികസന, ഉത്പാദന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ ആഗോള ഒഇഎമ്മുകളേയും സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനാകും.

കാറ്റ്സ് 2025 ന് ആതിഥേയത്വം വഹിക്കുന്നതിലൂടെ ആഗോള വാഹന വിതരണ ശൃംഖലയില്‍ ഒരു പ്രധാന ഘടകമായി തിരുവനന്തപുരം മാറും. കാര്‍ബണ്‍ പുറന്തള്ളലും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും കുറച്ചു കൊണ്ടുള്ള സുസ്ഥിര ഗതാഗതമെന്ന കാഴ്ചപ്പാടിലൂടെ അത്യാധുനിക വാഹന ഗവേഷണ-വികസനത്തിനുള്ള കേന്ദ്രമെന്ന നിലയില്‍ അന്താരാഷ്ട്ര സഹകരണങ്ങളെ ആകര്‍ഷിക്കാനും സാധിക്കും. 

Photo Gallery