കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഐരലൂം ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജുമായി കൈകോര്‍ക്കുന്നു

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഐരലൂം ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജുമായി കൈകോര്‍ക്കുന്നു
Trivandrum / July 14, 2022

തിരുവനന്തപുരം: കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ നിര്‍മ്മിക്കുന്ന  പ്രകൃതിസൗഹാര്‍ദ കരകൗശല-കൈത്തറി ഉല്‍പ്പന്നങ്ങളുടെ ആഗോള വിപണനത്തിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) ഇ-കൊമേഴ്സ് സ്റ്റാര്‍ട്ടപ്പ് ഐരലൂമുമായി ധാരണയായി. 

ക്രാഫ്റ്റ് വില്ലേജില്‍ നടന്ന ചടങ്ങില്‍  കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ് സിഇഒ  ശ്രീപ്രസാദും ഐരലൂം സ്ഥാപകരായ ഹര്‍ഷ പുതുശ്ശേരിയും നിതിന്‍രാജും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു. ഇതോടെ കോവളത്ത് പ്രവര്‍ത്തിക്കുന്ന ക്രാഫ്റ്റ് വില്ലേജിന്‍റെ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനത്തിന് ഐരലൂം ഊര്‍ജമേകും.

കരകൗശല-കൈത്തറി ഉല്‍പ്പന്നങ്ങള്‍ ആഗോള തലത്തിലെത്തിക്കാന്‍ കരാര്‍ സഹായകമാകുമെന്ന്  ഹര്‍ഷ പുതുശ്ശേരി പറഞ്ഞു.  അനന്ത സാധ്യതയുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത് സംസ്ഥാനത്തെ തനത് കലാകാരന്‍മാരുടെ ഉന്നമനത്തിന് സഹായകമാകും. ഉപയോഗശേഷം പെട്ടെന്ന് നിര്‍മ്മാര്‍ജനം ചെയ്യാനോ, പുനരുപയോഗിക്കാനോ  സാധിക്കുന്ന നൂതന പ്രകൃതി സൗഹാര്‍ദ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് പ്രോത്സാഹിപ്പിക്കുന്നത്. സുസ്ഥിര ബ്രാന്‍ഡുകള്‍ ഉത്തരവാദിത്വത്തോടെ  അവതരിപ്പിക്കുന്ന രാജ്യത്തെ  ആദ്യ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാകുകയാണ് ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.

കോഴിക്കോട് സ്വദേശിയായ ഹര്‍ഷ ഐടി മേഖലയിലെ തൊഴില്‍ ഉപേക്ഷിച്ച് ഇളയ സഹോദരന്‍ നിതിന്‍ രാജിനൊപ്പം 2019 ല്‍ ആണ് ഐരലൂമിന് തുടക്കമിട്ടത്.  തദ്ദേശീയ കലാകാരന്‍മാര്‍ നിര്‍മ്മിക്കുന്ന  ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനത്തിന്‍റെ ഭാഗമായി  സംസ്ഥാനത്തെ നിരവധി കരകൗശല-കൈത്തറി യൂണിറ്റുകളുമായി നിലവില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ടെക്നോപാര്‍ക്കിലും  ആലുവയിലും ഈ സ്റ്റാര്‍ട്ടപ്പിന് ഓഫീസുകളുണ്ട്.

യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്‍റ് പ്രോഗ്രാമിലേക്ക് സംസ്ഥാനത്തു നിന്നും തെരഞ്ഞെടുത്ത  സാമൂഹിക പ്രതിബദ്ധത ഉളവാക്കുന്ന മികച്ച 11 സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണ് ഐരലൂം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ലൈവ് പ്രോഗ്രാമിലേക്കും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റിന്‍റെ വുമണ്‍ ഇന്‍ സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് എന്‍റര്‍പ്രൊണര്‍ഷിപ്പ് പ്രോഗ്രാമിലേക്കും തെരഞ്ഞെടുത്തിട്ടുണ്ട്.
 

Photo Gallery

+
Content