കെടിഎക്സ് ഗ്ലോബല്‍ 2025- സൈബര്‍പാര്‍ക്കില്‍ അവബോധന യോഗം നടന്നു
Calicut / January 24, 2025
കോഴിക്കോട്: ഫെബ്രുവരി 13,14,15 തിയതികളില്‍ നടക്കുന്ന ടെക്നോളജി എക്സ്പോയായ കെടിഎക്സ് ഗ്ലോബല്‍ 2025 ന്‍റെ അവബോധന യോഗം ഗവണ്‍മന്‍റ് സൈബര്‍പാര്‍ക്കില്‍ നടന്നു. കെടിഎക്സിലേക്കുള്ള പങ്കാളിത്തം, പ്രതിനിധികള്‍, വിവിധ സെഷനുകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു.
മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, സിറ്റി 2.0 (കാലിക്കറ്റ് ഇനോവേഷന്‍ ആന്‍ഡ് ടെക്നോളജി ഇനിഷ്യേറ്റീവ്), കോഴിക്കോട് ഗവണ്മന്‍റ് സൈബര്‍ പാര്‍ക്ക്, കാഫിറ്റ്, തുടങ്ങിയവര്‍ സംയുക്തമായാണ് കെടിഎക്സ് ഗ്ലോബല്‍ സംഘടിപ്പിക്കുന്നത്. കാലിക്കറ്റ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന ഉച്ചകോടിയില്‍ 125 പ്രാസംഗികരും ആറായിരത്തിലേറെ പ്രതിനിധികളുമാണ് പങ്കെടുക്കുന്നത്.
മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് നിത്യാനന്ദ കാമത്ത്, സിറ്റി 2.0 ചെയര്‍മാന്‍ അജയന്‍ കെ ആനാട്ട്, സെക്രട്ടറി അനില്‍ ബാലന്‍, സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍, കാഫിറ്റ് സെക്രട്ടറി അഖില്‍ കൃഷ്ണ, എംഎംആക്ടീവ് ചെയറിന്‍റെ അസോസിയേറ്റ് വൈസ് പ്രസിഡന്‍റ് മഞ്ജുനാഥ റെഡ്ഡി തുടങ്ങിയവര്‍ പങ്കെടുത്തു.
സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പ്രാതിനിധ്യം കെടിഎക്സില്‍ ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള അവബോധന പരിപാടികളാണ് നടന്നത്. പരിപാടിയുടെ വിശദാംശങ്ങള്‍ കെടിഎക്സിന്‍റെ സംഘാടകര്‍ യോഗത്തില്‍ അവതരിപ്പിച്ചു. കെടിഎക്സ് 2025 ന്‍റെ വിജയകരമായ നടത്തിപ്പിനായി ടെക്നോളജി കമ്പനികളുടെ സഹകരണം ഉറപ്പാക്കുകയും യോഗത്തിലൂടെ ലക്ഷ്യമിട്ടിരുന്നു.
Photo Gallery
