കേന്ദ്രസര്‍ക്കാരിന്‍റെ കണ്‍വെര്‍ജന്‍സ് ഇന്ത്യ ഡിജിറ്റല്‍ എക്സ്പോ- കേരളം സംസ്ഥാന പങ്കാളി

Trivandrum / January 23, 2025

തിരുവനന്തപുരം:  രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍- ഇനോവേഷന്‍ പ്രദര്‍ശനമായ കണ്‍വര്‍ജന്‍സ് ഇന്ത്യയുടെ 32 -ാമത് എക്സ്പോയുടെ സംസ്ഥാന പങ്കാളിയായി കേരളത്തെ പ്രഖ്യാപിച്ചു. കണ്‍വെര്‍ജന്‍സ് ഇന്ത്യയുടെ സാമൂഹ്യമാധ്യമ വിഭാഗം വഴിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

കേരള ഐടി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവയാണ് കണ്‍വെര്‍ജന്‍സ് ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. കേരള ഐടിയ്ക്ക് കീഴിലുള്ള ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, ഗവണ്‍മന്‍റ്  സൈബര്‍ പാര്‍ക്ക് എന്നിവയും ഇതിലൂടെ കണ്‍വെര്‍ജന്‍സ് ഇന്ത്യ 2025 ന്‍റെ പങ്കാളികളാകും.

കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍, എക്സിബിഷന്‍ ഇന്ത്യ ഗ്രൂപ്പ് എന്നിവ സംയുക്തമായാണ് കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോ നടത്തുന്നത്. മാര്‍ച്ച് 19, 20, 21 തിയതികളില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് എക്സ്പോ. പ്രദര്‍ശനത്തില്‍ 28 രാജ്യങ്ങളില്‍ നിന്നായി അമ്പതിനായിരത്തിലധികം പേരാണ് പങ്കെടുക്കുന്നത്.

കണ്‍വെര്‍ജന്‍സ് എക്സ്പോയുടെ സംസ്ഥാന പങ്കാളിയായി കേരളത്തെ പ്രഖ്യാപിച്ചത് ആവേശകരമാണെന്ന് സംഘാടകര്‍ അറിയിച്ചു. നൂതനത്വം, ശൈശവദശയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, നിക്ഷേപക സമൂഹം എന്നിവര്‍ക്ക് ഏറ്റവും അനുയോജ്യമായ വേദിയാണ് കണ്‍വെര്‍ജന്‍സ് ഇന്ത്യ.

ആയിരത്തിലധികം സ്റ്റാളുകളാണ് കണ്‍വെര്‍ജന്‍സ് ഇന്ത്യയില്‍ ഉണ്ടാകുന്നത്. 268 സ്റ്റാര്‍ട്ടപ്പുകളും ഇതില്‍ പങ്കെടുക്കും. 40 സെഷനുകളിലായി 180 അന്താരാഷ്ട്ര വിദഗ്ധരാണ് കണ്‍വെര്‍ജന്‍സ് ഇന്ത്യയില്‍ പങ്കെടുക്കുന്നത്. ഇതിനു പുറമെ സ്മാര്‍ട്ട് സിറ്റി ഇന്ത്യ പുരസ്ക്കാരം, ഫിന്‍ടെക് ഇന്ത്യ ഇനോവേഷന്‍ പുരസ്ക്കാരം തുടങ്ങിയവയും ഇതിനോടനുബന്ധിച്ച് സമ്മാനിക്കും.

Photo Gallery