ശക്തമായ ഭരണസംവിധാനവും പ്രൊഫഷണലുകളും നഗരാസൂത്രണത്തിന് നിര്‍ണായകമെന്ന് വിദഗ്ധര്‍
Trivandrum / January 10, 2025
തിരുവനന്തപുരം: അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ വൈദഗ്ധ്യമുള്ള നഗരാസൂത്രകരടങ്ങുന്ന പ്രാദേശിക ഭരണസംവിധാനത്തിന് രാജ്യത്തിന്‍റെ നഗര പദ്ധതികളില്‍ ഗണ്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
നഗരാസൂത്രണ മേഖലയില്‍ പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തുന്നതിന്‍റെ പ്രാധാന്യം വ്യക്തമാക്കിയ അവര്‍ വ്യത്യസ്തമായി ചിന്തിച്ച് കാലാനുസൃതമായ മാറ്റങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്സ് ഇന്ത്യ (ഐടിപിഐ) തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് നടത്തുന്ന 73-ാമത് നാഷണല്‍ ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനേഴ്സ് സമ്മേളനത്തില്‍ 'ഇന്‍റലിജന്‍റ്, ഡിജിറ്റല്‍ സ്പേഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് ഗവേണന്‍സ്' എന്ന വിഷയത്തില്‍ നടന്ന പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ന് ഏറ്റവും പ്രാധാന്യമുള്ള വ്യക്തികളാണ് നഗരാസൂത്രകരെന്നും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിവുള്ള പ്രൊഫഷണലുകളെ മേഖലയില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണമെന്നും സബര്‍മതി റിവര്‍ ഫ്രണ്ട് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എസ്ആര്‍എഫ്ഡിസിഎല്‍) ചെയര്‍മാന്‍ കേശവ് വര്‍മ്മ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അദ്ദേഹം ചര്‍ച്ചയില്‍ സംസാരിച്ചത്.
ഇച്ഛാശക്തിയുള്ള പ്രാദേശിക ഭരണവും നഗരാസൂത്രണത്തിന് അര്‍പ്പണബോധമുള്ള പ്രൊഫഷണുകളും ആവശ്യമാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എഐ, മെഷീന്‍ ലേണിംഗ്, ഓപ്പണ്‍ എഐ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളുടെ കടന്നുവരവ് രാജ്യത്തെ ജിയോ-സ്പേഷ്യല്‍ ആവാസവ്യവസ്ഥയെ മാറ്റിമറിച്ചതായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ (എന്‍ഐസി) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ വി. ഉദയ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗ്രാമ പ്രദേശങ്ങളുടെ സര്‍വേയ്ക്കായുളള സ്വാമിത്വ, നക്ഷ പോലുള്ള വിപ്ലവകരമായ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയതായി അദ്ദേഹം പറഞ്ഞു.
ആഗോള ജിയോ-സ്പേഷ്യല്‍ മാനദണ്ഡപ്രകാരം രൂപകല്‍പന ചെയ്തിട്ടുള്ള രാജ്യത്തെ കൃത്യമായ മാപ്പുകള്‍, ഉപഗ്രഹ ചിത്രങ്ങള്‍, ഹൈബ്രിഡ് മാപ്പുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മള്‍ട്ടി-ലേയര്‍ഡ് ജിഐഎസ് പ്ലാറ്റ് ഫോമാണ് ഭാരത് മാപ്സ്. എളുപ്പവും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ഭരണ നിര്‍വഹണം ഉറപ്പാക്കുന്ന ഡിജിറ്റല്‍ ഇന്ത്യ പരിപാടിയുടെ ഘടകമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2035 ആകുമ്പോള്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഭൂഗര്‍ഭ നിര്‍മ്മാണങ്ങളുടെ സര്‍വേയും മാപ്പിംഗും പുതിയ ജിയോ-സ്പേഷ്യല്‍ നയത്തിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായും ഇത് ഇന്ത്യയിലെ വന്‍കിട നഗരങ്ങളെയും പട്ടണങ്ങളെയും സാങ്കേതികമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്താകമാനം കൃത്യതയുളള ഡിജിറ്റല്‍ എലവേഷന്‍ മോഡല്‍ (ഡിഇഎം) നടപ്പാക്കുന്നതും 2030 ഓടെ സമഗ്രമായ ഡാറ്റയും വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള ജിയോ-സ്പേഷ്യല്‍ നോളജ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുക എന്നതും നയത്തിലൂടെ ലക്ഷ്യമിടുന്നു.
നഗരങ്ങളും സമ്പദ്ഘടനയും രൂപാന്തരപ്പെടുത്തുന്നതില്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ നിര്‍ണായക പങ്ക് വഹിക്കുന്നതായി വിജയവാഡ സ്കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചറിലെ പ്ലാനിംഗ് ഡിപാര്‍ട്മെന്‍റ് പ്രൊഫസര്‍ ഡോ. അബ്ദുള്‍ റസാഖ് മുഹമ്മദ് പറഞ്ഞു.
എച്ച്സിപി ഡിസൈന്‍ ചെയര്‍മാനും അഹമ്മദാബാദിലെ സിഇപിടി യൂണിവേഴ്സിറ്റി മുന്‍ പ്രസിഡന്‍റുമായ ഡോ. ബിമല്‍ പട്ടേല്‍, അഹമ്മദാബാദ് സിഇപിടി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. ശാശ്വത് ബന്ദ്യോപാധ്യായ, കൊച്ചിയിലെ സെന്‍റര്‍ ഫോര്‍ എന്‍വയോണ്‍മെന്‍റല്‍ എഫിഷ്യന്‍സി സ്ഥാപക ട്രസ്റ്റിയും ചീഫ് പ്ലാനറുമായ ഡോ. മേയ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.