ആസൂത്രണമേഖലയില്‍ ലിംഗാവബോധം അനിവാര്യം: ഐടിപിഐ വിമണ്‍സ് ഫോറം
Trivandrum / January 11, 2025
തിരുവനന്തപുരം: നഗരാസൂത്രണ പ്രവര്‍ത്തനങ്ങളില്‍ ലിംഗാവബോധം അനിവാര്യമാണെന്നും അതിലൂടെ സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കാനാകുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്സ് ഇന്ത്യയുടെ (ഐടിപിഐ) വിമണ്‍ ഫോറം അഭിപ്രായപ്പെട്ടു.
ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൗണ്‍ പ്ലാനേഴ്സ് ഇന്ത്യ (ഐടിപിഐ) തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് നടത്തുന്ന 73-ാമത് നാഷണല്‍ ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനേഴ്സ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഐടിപിഐ വിമണ്‍ ഫോറം പ്രതിനിധികള്‍.
ഐടിപിഐയിലെ 8700 അംഗങ്ങളില്‍ മൂവായിരത്തിലധികം അംഗങ്ങളും സ്ത്രീകളാണെന്ന് ഐടിപിഐ വിമണ്‍സ് പ്ലാനേഴ്സ് ഫോറം ചെയര്‍മാനും ഡി വ്യാസ് ആന്‍റ് അസോസിയേറ്റ്സിലെ ആര്‍ക്കിടെക്ടുമായ ദീപ്തി ഡി വ്യാസ് പറഞ്ഞു. വിമണ്‍ ഫോറം നടത്തിയ ഗൂഗിള്‍ ഫോംസ് സര്‍വേയില്‍ 80 ശതമാനം വനിതാ ആസൂത്രകരും ആസൂത്രണ മേഖലയില്‍ സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. ആസൂത്രണത്തില്‍ ലിംഗനീതി നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍വേയിലൂടെ ലഭ്യമായതായും അവര്‍ പറഞ്ഞു.
ഐടിപിഐയുടെ നയരൂപീകരണ പ്രക്രിയയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുക, ആസൂത്രണ മേഖലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുക, വനിതാസംവരണം നടപ്പിലാക്കുക, ഗവേഷണത്തിനുള്ള പ്രോത്സാഹനത്തിനൊപ്പം ഗ്രാന്‍റുകളും പുരസ്കാരങ്ങളും നല്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും വിമണ്‍ ഫോറം പ്രതിനിധികള്‍ മുന്നോട്ട് വച്ചു.
സമ്മേളനത്തോടനുബന്ധിച്ച് 'സിറ്റി ത്രൂ ഹെര്‍ ഐസ്' എന്ന വിഷയത്തില്‍ നടത്തിയ പോസ്റ്റര്‍ മത്സരത്തിലെ വിജയികളെയും വിമണ്‍ ഫോറം സെഷനില്‍ പ്രഖ്യാപിച്ചു. കോളേജുകള്‍, വിവിധ സ്ഥാപനങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച 72 ഓളം എന്‍ട്രികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 പോസ്റ്ററുകളും സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
പോസ്റ്റര്‍ മത്സരത്തില്‍ സൂറത്തിലെ ഐഡിപിടി-എസ്സിഇടിയില്‍ (സാര്‍വജനിക് സര്‍വകലാശാല) നിന്നുള്ള ജെഷിക ജെ പട്ടേല്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഐഐടി റൂര്‍ക്കിയിലെ പരുള്‍ ഭരദ്വാജ് രണ്ടാംസ്ഥാനവും ന്യൂഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയയിലെ സാദിയ സിദ്ദിഖി മൂന്നാം സ്ഥാനവും നേടി.
ഐടിപിഐ വിമണ്‍സ് പ്ലാനേഴ്സ് ഫോറം സെക്രട്ടറിയും സിഇപിടി യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് പ്ലാനിംഗ് അര്‍ബന്‍ ഹൗസിംഗ് പ്രോഗ്രാം ചെയറുമായ ഡോ. സെജല്‍ പട്ടേലാണ് വിജയികളെ പ്രഖ്യാപിച്ചത്.
ഐടിപിഐ വിമണ്‍സ് പ്ലാനേഴ്സ് ഫോറം അംഗവും ന്യൂഡല്‍ഹിയിലെ സ്കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ പ്രൊഫസറുമായ ഡോ. പൂനം പ്രകാശ് ഗൂഗിള്‍ ഫോംസ് സര്‍വേയെക്കുറിച്ച് അവതരണം നടത്തി.
ജനുവരി 10-11 തീയതികളില്‍ നടന്ന ഐടിപിഐ സമ്മേളനത്തില്‍ രാജ്യത്തെ നഗരാസൂത്രണവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്.