ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റില്‍ വിസ്മയം തീര്‍ക്കാന്‍ എയര്‍ ഷോയും
Calicut / January 1, 2025
കോഴിക്കോട്: ടൂറിസം വകുപ്പ് ജനുവരി 4, 5 തീയതികളിലായി സംഘടിപ്പിക്കുന്ന ബേപ്പൂര്‍ ഇന്‍റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് നാലാം പതിപ്പില്‍ വിസ്മയം തീര്‍ക്കാന്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സിന്‍റെ എയര്‍ ഷോയും. ബേപ്പൂര്‍ മറീന ബീച്ചിലാണ് എയര്‍ ഫോഴ്സ് വിസ്മയക്കാഴ്ച ഒരുക്കുന്നത്.
ജനുവരി നാലിന് ഉച്ചയ്ക്ക് ശേഷം മൂന്നു മുതല്‍ നാലു വരെയാണ് എയര്‍ ഷോ നടക്കുക. ഇതിന്‍റെ പ്രാഥമിക പരിശോധനയും ട്രയല്‍ റണ്ണും ഇന്നും നാളെയും (ജനുവരി 2, 3) ഉച്ചയ്ക്ക് ശേഷം മുന്നു മുതല്‍ നടക്കും. ബേപ്പൂര്‍ ഇന്‍റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു എയര്‍ ഷോ സംഘടിപ്പിക്കുന്നത്.
ഇത്തവണത്തെ ബേപ്പൂര്‍ ഇന്‍റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്‍റെ ഏറ്റവും ആകര്‍ഷക കാഴ്ചകളിലൊന്നായിരിക്കും എയര്‍ ഷോയെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ജലകായിക മത്സരങ്ങള്‍ക്കും വിനോദങ്ങള്‍ക്കും പുറമേ ഇത്തരം വ്യത്യസ്തങ്ങളായ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ വാട്ടര്‍ ഫെസ്റ്റിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫെസ്റ്റ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിന്‍റെ ഭാഗമായുള്ള മത്സരങ്ങള്‍ക്ക് നാലിന് രാവിലെ 8 മണിക്ക് തുടക്കമാകും.
സിറ്റ് ഓണ്‍ കയാക്ക്, സെയിലിംഗ്, ഫ്ളൈ ബോര്‍ഡ് ഡെമോ, പാരാമോട്ടറിംഗ്, ഡിങ്കി ബോട്ട് റേസ്, സര്‍ഫിംഗ്, നെറ്റ് ത്രോയിംഗ്, ആംഗ്ലിംഗ് കോമ്പിറ്റീഷന്‍, കണ്‍ട്രി ബോട്ട് റേസ് എന്നീ മത്സരങ്ങള്‍ ഫെസ്റ്റില്‍ നടക്കും. ഇന്‍റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റ്, ഡ്രോണ്‍ ഷോ എന്നിവയും ഫെസ്റ്റിന്‍റെ സവിശേഷതകളാണ്.
മറീന ബീച്ചിനു പുറമേ ചാലിയം ബീച്ച്, ബേപ്പൂര്‍ തുറമുഖം, പുലിമുട്ട്, ബ്രേക്ക് വാട്ടര്‍, ഹാര്‍ബര്‍ റോഡ് എന്നീ സ്ഥലങ്ങള്‍ ഫെസ്റ്റിന്‍റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് വേദിയാകും. ടൂറിസം വകുപ്പ് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്നാണ് ബേപ്പൂര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.