സംസ്ഥാനത്തെ ആദ്യ ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് പാലക്കാട് പോളിടെക്നിക്കില്‍ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു

പ്രവര്‍ത്തനം ജെന്‍ റോബോട്ടിക്സിന്‍റെ സഹകരണത്തോടെ
Palakkad / January 6, 2025

പാലക്കാട്: സംസ്ഥാനത്തെ ആദ്യ ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് പാലക്കാട് പോളിടെക്നിക്കില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. ലോകത്തെ ആദ്യ സ്കാവഞ്ചര്‍ റോബോട്ടായ ബാന്‍ഡികൂട്ടിന്‍റെ നിര്‍മ്മാതാക്കളായ ജെന്‍ റോബോട്ടിക്സുമായി സഹകരിച്ചാണ് ഈ പദ്ധതി പാലക്കാട് നടപ്പാക്കുന്നത്.

സംസ്ഥാനത്തിന്‍റെ അഭിമാന മുഹൂര്‍ത്തമായാണ് ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് പദ്ധതിയെ കാണുന്നതെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു ചൂണ്ടിക്കാട്ടി. പുതു തലമുറയെ ആധുനിക സാങ്കേതിക നൈപുണ്യ ശേഷിയില്‍ മികവുറ്റവരാക്കാനുള്ള വലിയ ഉദ്യമത്തിന്‍റെ ഭാഗമാണിത്. ആധുനിക സാങ്കേതികവിദ്യയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം വ്യാപകമാക്കാനുള്ള ജെന്‍ റോബോട്ടിക്സ് സഹകരണത്തെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

അഡ്വക്കേറ്റ് കെ പ്രഭാകരന്‍ എംഎല്‍എ അധ്യക്ഷന്‍ ആയിരുന്നു.

ജെന്‍ റോബോട്ടിക്സിന്‍റെ ആധുനിക റോബോട്ടിക് ഗവേഷണങ്ങളും ഉത്പന്ന രൂപീകരണവും ഈ പദ്ധതിയോടനുബന്ധിച്ച് നടക്കും. ബാന്‍ഡികൂട്ട് 2.0, ബാന്‍ഡികൂട്ട് മൊബിലിറ്റി പ്ലസ് തുടങ്ങിയ പദ്ധതികളിലും പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥികള്‍ക്ക് സഹകരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. യഥാര്‍ത്ഥ വ്യവസായ പദ്ധതികളുമായി ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടുള്ള അനുഭവചയം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അത്യാധുനിക സാങ്കേതികവിദ്യകളായ റോബോട്ടിക്സ്, ഹെല്‍ത്ത് കെയര്‍, പുനരുപയോഗ ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ അനുഭവപരിചയം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പെട്ടെന്നുതന്നെ വ്യവസായങ്ങളില്‍ ജോലി സാധ്യതയും ലഭിക്കും. .

പാലക്കാട് പോളിടെക്നിക്കിലെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ വിഭാഗങ്ങളിലെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജെന്‍ റോബോട്ടിക്സ് യൂണിറ്റുമായി ചേര്‍ന്ന് നേരിട്ടുള്ള അനുഭവസമ്പത്ത് നേടാനാകുമെന്ന് പദ്ധതിയുടെ സംസ്ഥാന ഓര്‍ഡിനേറ്റര്‍ ഡോക്ടര്‍ എം പ്രദീപ്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോക്ടര്‍ പി ദിലീപ് എന്നിവര്‍ പറഞ്ഞു. ഉല്‍പാദന യൂണിറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സമയത്തിനൊപ്പം സമയം ചെലവഴിക്കാനും അതുവഴി സ്റ്റൈപ്പന്‍ഡ് ലഭിക്കാനും അവസരം ഉണ്ടാകും.

യുവതലമുറയെ റോബോട്ടിക്സ് അടക്കമുള്ള ആധുനിക സാങ്കേതികവിദ്യയില്‍ നൈപുണ്യ ശേഷിയുള്ളവരാക്കി മാറ്റുകയാണ് ഈ യൂണിറ്റിന്‍റെ ലക്ഷ്യമെന്ന് ജെന്‍ റോബോട്ടിക്സിന്‍റെ സഹ സ്ഥാപകന്‍ വിമല്‍ ഗോവിന്ദ് എം കെ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം പ്രാദേശികമായ സാങ്കേതിക ആവാസവ്യവസ്ഥയ്ക്ക് ഇത് മുതല്‍ക്കൂട്ടാവുകയും ചെയ്യും. അക്കാദമിക് രംഗവും പ്രൊഫഷണല്‍ രംഗവും തമ്മിലുള്ള വിടവ് നികത്തുന്നതിനു വേണ്ടി ഈ ഉദ്യമം സഹായിക്കും. പ്രാദേശികമായ നൂതനത്വം വര്‍ദ്ധിപ്പിക്കാനും ഈ സഹകരണത്തിലൂടെ  ലക്ഷ്യം വയ്ക്കുന്നു.

രാജ്യാന്തര തലത്തില്‍ തന്നെ നിരവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ സ്റ്റാര്‍ട്ടപ്പ് ആണ് ജെന്‍ റോബോട്ടിക്സ്. അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന ബാന്‍ഡികൂട്ട് റോബോട്ട് ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിച്ചുവരുന്നു.
 

Photo Gallery

+
Content