പുതുവര്‍ഷം ആഘോഷമാക്കാന്‍ കനകക്കുന്നില്‍ 'വസന്തോത്സവ'ത്തിന് ഇന്ന് (ഡിസംബര്‍ 25) തുടക്കം

പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും
Trivandrum / December 24, 2024

തിരുവനന്തപുരം: പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കനകക്കുന്ന് ഒരുങ്ങി. ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവം' പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 25) വൈകിട്ട്  ആറിന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. 'ഇലുമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാര്‍മണി' എന്ന ആശയത്തിലാണ് ആഘോഷ പരിപാടി.

ചടങ്ങില്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ മുഖ്യാതിഥിയാകും.

ജനങ്ങള്‍ക്ക് ഒത്തുചേര്‍ന്ന് സന്തോഷം പങ്കിടാനും സഹവര്‍ത്തിത്വത്തിന്‍റെ സന്ദേശം കൈമാറാനും ഇത്തരം ആഘോഷങ്ങള്‍ അവസരമൊരുക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് കനകക്കുന്നിലെ ദീപാലങ്കാരവും ഇന്‍സ്റ്റലേഷനുകളും ഉത്സവ ചാരുത പകരും. വന്‍കിട നഗരങ്ങളില്‍ സംഘടിപ്പിക്കുന്നതിന് സമാനമായ വൈവിധ്യപൂര്‍ണവും വര്‍ണ്ണാഭവുമായ ദീപാലങ്കാരമാണ് ടൂറിസം വകുപ്പ് ഇക്കുറിയും ഒരുക്കുന്നത്. ലോകത്തിലെ ട്രെന്‍ഡിംഗ് ആയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം ഇതിനോടകം തന്നെ ഇടം പിടിച്ചു കഴിഞ്ഞു. ടൂറിസം സീസണ്‍ ആയതിനാല്‍ നഗരത്തില്‍ ആളുകള്‍ ഒത്തുചേരുന്ന സുപ്രധാന സ്ഥലങ്ങളിലേക്ക് കൂടുതല്‍ ആഭ്യന്തര, വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇത് വഴിയൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന് പുറത്തുനിന്നെത്തിക്കുന്ന പുഷ്പങ്ങള്‍ ഉള്‍പ്പെടെ ക്യൂറേറ്റ് ചെയ്ത പുഷ്പമേളയാണ് ജനുവരി 3 വരെ നടക്കുന്ന വസന്തോത്സവത്തിന്‍റെ പ്രധാന ആകര്‍ഷണം. കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് പുഷ്പമേള ഒരുക്കുന്നത്. അപൂര്‍വ്വമായ പുഷ്പങ്ങള്‍ അടക്കം നയനമനോഹരമായ രീതിയില്‍ ക്രമീകരിച്ച് വസന്തോത്സവത്തെ ആകര്‍ഷകമാക്കും.
 
എംപിമാരായ ശശി തരൂര്‍, എ.എ റഹിം, വി.കെ പ്രശാന്ത് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, കൗണ്‍സിലര്‍ ഡോ. റീന കെ.എസ്, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍ അനുകുമാരി, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ പി. വിഷ്ണുരാജ്, ഡിടിപിസി സെക്രട്ടറി സതീഷ് മിറാന്‍ഡ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പതിന്മടങ്ങ് സൗന്ദര്യത്തോടെയാണ് പുതുവര്‍ഷത്തെ വരവേറ്റുകൊണ്ടുള്ള ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്. കനകക്കുന്നിലെ പ്രവേശന കവാടത്തില്‍ ദീപാലങ്കാരത്തിനൊപ്പം പ്രത്യേക ആശയം അടിസ്ഥാനമാക്കിയുള്ള ഇന്‍സ്റ്റലേഷനും ഉണ്ടായിരിക്കും. നടവഴികളും മരങ്ങളും കൊട്ടാരമതിലുകളും ദീപാലങ്കാരത്തിന്‍റെ ഭാഗമാകും. പടുകൂറ്റന്‍ ഗ്ലോബ്, ലണ്ടനിലെ ക്രിസ്മസിനെ ഓര്‍മിപ്പിക്കും വിധം യൂറോപ്യന്‍ സ്ട്രീറ്റ്, കുട്ടികള്‍ക്കായി സിന്‍ഡ്രല്ല, പോളാര്‍ ബിയര്‍, ദിനോസര്‍, വിവിധ ലൈറ്റുകള്‍ കൊണ്ടുള്ള രൂപങ്ങള്‍ എന്നിവയുമുണ്ടാകും.

മനോഹരമായ പൂച്ചെടികളുടെ ഉദ്യാനം, ബോണ്‍സായിയുടെ അപൂര്‍വ ശേഖരം, കട്ട് ഫ്ളവര്‍ ഡിസ്പ്ലേ, വിവിധ ഇനം ചെടികളുടെ അപൂര്‍വ ശേഖരങ്ങളുമായി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും നഴ്സറികളുടെയും സ്റ്റാളുകള്‍ എന്നിവ വസന്തോത്സവത്തിലുണ്ടാകും. ഫ്ളോറിസ്റ്റുകള്‍ക്കായി മത്സരങ്ങളും നടക്കും.

ഔഷധസസ്യ പ്രദര്‍ശനം, ബയോ ഡൈവേഴ്സിറ്റി എക്സിബിഷന്‍, ഭക്ഷ്യമേള, അമ്യൂസ്മെന്‍റ് പാര്‍ക്ക്, വ്യാപാരമേള, വിവിധ കലാപരിപാടികള്‍ എന്നിവയാണ് പരിപാടിയുടെ മറ്റ് ആകര്‍ഷണങ്ങള്‍.

ഇന്ന് രാവിലെ മുതല്‍ മേളയിലേക്ക് പ്രവേശനം അനുവദിക്കും. ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്നാണ് ആഘോഷം സംഘടിപ്പിക്കുന്നത്.

Photo Gallery

+
Content
+
Content
+
Content
+
Content