കാര്‍ഷിക ഗവേഷണ ഫലങ്ങള്‍ എത്രയും പെട്ടന്ന് കര്‍ഷകരിലെത്തണം- റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ്

Kasargod / December 20, 2024

കാസര്‍ഗോഡ്: കാര്‍ഷിക രംഗത്തെ ഗവേഷണങ്ങളുടെ വാണിജ്യഉത്പന്നങ്ങള്‍ എത്രയും പെട്ടന്ന് കര്‍ഷകര്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ ലഭ്യമാക്കണമെന്ന് റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ്(ആര്‍ഐബിസി) അഭിപ്രായപ്പെട്ടു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍,  സി.പി.സി.ആര്‍.ഐ, കല്‍പ ഇന്‍കുബേറ്റര്‍, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള, എന്നിവര്‍  സംയുക്തമായാണ് ആര്‍ഐബിസി മൂന്നാം എഡിഷന്‍ സംഘടിപ്പിച്ചത്.

ജില്ലാകളക്ടര്‍ ഇമ്പശേഖര്‍ കെ സമ്മേളനം ഉദ്ഘാടനം ചെയ്തു. റൂറല്‍ ഇനോവേഷന്‍ മേഖലയില്‍ കാസര്‍കോഡിനെ പ്രധാന ഹബ്ബാക്കിമാറ്റാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രാമീണമേഖലയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സാമൂഹ്യസംരംഭങ്ങള്‍ കെട്ടിപ്പെടുക്കണമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക അഭിപ്രായപ്പെട്ടു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ കെഎസ് യുഎമ്മിലുണ്ട്. ഇവയെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അഗ്രിബിസിനസ് ഇന്‍കുബേറ്ററുകളിലൂടെ ദേശീയ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ കര്‍ഷകരിലേക്കെത്തിക്കണമെന്ന് ഐസിഎആര്‍-സിഐഎഫ്ടി ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് നൈനാന്‍ പറഞ്ഞു.

 ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സാമ്പത്തികവിദഗ്ദ്ധര്‍, സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുടെ  പങ്കാളിത്തം കൊണ്ട് ആര്‍ഐബിസി ശ്രദ്ധേയമായി.
ഗ്രാമീണ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സാങ്കേതികത എങ്ങനെ പ്രയോജനപ്പെടുത്താം എന്ന പ്രമേയത്തിലാണ് സമ്മേളനങ്ങള്‍ നടന്നത്. സമ്മേളനത്തില്‍ ഗ്രാമീണ-കാര്‍ഷിക മേഖലകളിലെ സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, കാര്‍ഷിക- ഭക്ഷ്യോത്പാദന മേഖലകളിലെ സാങ്കേതിക വളര്‍ച്ചയും സാധ്യതകളും വിശദീകരിക്കുന്ന സെഷനുകള്‍, ഗ്രാമീണ ഇന്ത്യയുടെ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന പാനലുകള്‍, കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രമുള്‍പ്പടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലെ ഗവേഷണ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത വാണിജ്യ സാധ്യതയുള്ള സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തല്‍ തുടങ്ങി നിരവധി പരിപാടികള്‍ നടന്നു.

കോണ്‍ക്ലേവിന്‍റെ ഭാഗമായി റൂറല്‍-അഗ്രിടെക് ഹാക്കത്തോണ്‍ സംഘടിപ്പിച്ചു. കേരള കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു. 160 ടീമുകളില്‍ നിന്ന് 18 ടീമുകളാണ് ഹാക്കത്തോണില്‍ പങ്കെടുത്തത്. കോഴിക്കോട് നിന്നുള്ള കോക്കോ ബോട്ട് ടീമിനെ വിജയിയായി തെരഞ്ഞെടുത്തു. നബാര്‍ഡ് നല്‍കുന്ന 50,000 രൂപയാണ് ഒന്നാം സമ്മാനം.  എംഐടിഎസ് കൊച്ചി, എസ് സിഇടി തൃശൂര്‍, എല്‍ബിഎസ് കാസര്‍കോഡ് ടീമുകള്‍ റണ്ണര്‍ അപ്പുകളായി. 

Photo Gallery

+
Content