സിബിഎല്‍ നാലാം കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാലിന്

നാലാം വട്ടവും ചാമ്പ്യന്മാരായി പിബിസി
Kollam / December 21, 2024

കൊല്ലം: കേരള ടൂറിസം സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ നാലം സീസണില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ ചാമ്പ്യന്മാരായി. കൊല്ലത്ത് നടന്ന സിബിഎല്ലിന്‍റെ ആറാമത്തെതും അവസാനത്തെയും മത്സരമായ പ്രസിഡന്‍റ്സ് ട്രോഫിയില്‍ രണ്ടാം സ്ഥാനത്തായെങ്കിലും ആകെയുള്ള പോയിന്‍റ് നിലയില്‍ ഒന്നാമതെത്തിയാണ് പിബിസി തുഴഞ്ഞ കാരിച്ചാല്‍ കിരീടം നേടിയത്. വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ പ്രസിഡന്‍റ്സ് ട്രോഫി കരസ്ഥമാക്കി.
 
ഇതോടെ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുടര്‍ച്ചയായ നാലാം തവണയും സിബിഎല്‍ ചാമ്പ്യന്മാരായി. 25 ലക്ഷം രൂപയും ട്രോഫിയുമടങ്ങുന്നതാണ് സിബിഎല്‍ ചാമ്പ്യന്‍ പട്ടം.

കൊല്ലത്ത് കായലിന് തീ പിടിക്കുന്ന മത്സരമാണ് ഫൈനലില്‍ തുഴഞ്ഞ മൂന്നു വള്ളങ്ങളും കാഴ്ച വച്ചത്. തീരുമാനിച്ചുറപ്പിച്ച പോലെയായിരുന്നു വീയപുരത്തിന്‍റെ തുടക്കം. ഒരു ഘട്ടത്തില്‍ പോലും മറ്റു രണ്ട് വള്ളങ്ങളെയും മുന്നിലെത്താന്‍ വില്ലേജ് ബോട് ക്ലബ് അനുവദിച്ചില്ല. ഫോട്ടോ ഫിനിഷിനൊന്നും ഇടം കൊടുക്കാതെ വീയപുരം പ്രസിഡന്‍റ്സ് ട്രോഫി കരസ്ഥമാക്കി.

കൊല്ലത്ത് മൂന്നാം സ്ഥാനത്തായെങ്കില്‍ സിബിഎല്‍ കിരീടം നഷ്ടപ്പെടുമെന്ന ഭീതിയുള്ളതിനാല്‍ കയ് മെയ് മറന്നുള്ള തുഴച്ചിലാണ് പിബിസി കാരിച്ചാല്‍ നടത്തിയത്. ഹീറ്റ്സില്‍ മികച്ച സമയം കുറിച്ച് നിരണം ബോട്ട് ക്ലബ് തുഴയുന്ന നിരണം മുന്നിലെതതിയപ്പോള്‍ തന്നെ കാരിച്ചാല്‍ അപടകടം മണത്തതാണ്. അവസാന കുതിപ്പില്‍ 50 മൈക്രോസെക്കന്‍റുകളുടെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കുമ്പോള്‍ കൊല്ലത്തെ ഒമ്പത് പോയിന്‍റ് കൂടി ചേര്‍ത്ത് അപരാജിതമായ 58 പോയിന്‍റുമായി കാരിച്ചാലിന്‍റെ ചിറകേറി പിബിസി നാലാം സിബിഎല്‍ കിരീടമണഞ്ഞു.

വിബിസി വീയപുരം(3:53:85 മിനിറ്റ്), പിബിസി കാരിച്ചാല്‍ (3:55:14 മിനിറ്റ്), നിരണം ബോട്ട് ക്ലബ് നിരണം ചുണ്ടൻ( 3:55:64 മിനിറ്റ്) എന്നിങ്ങനെയാണ് ഫൈനല്‍ ഫിനിഷ്.

പള്ളാത്തുരുത്തിയുടെ അപ്രമാദിത്യത്തിന് ശക്തമായ തിരിച്ചടി നല്‍കിയാണ് ഇക്കുറി സിബിഎല്‍ നടന്നത്. കൈനകരി, കരുവാറ്റ, കായംകുളം എന്നിവിടങ്ങളില്‍ പള്ളാത്തുരുത്തി വെറും മൈക്രോസെക്കന്‍റുകള്‍ക്കാണ് ഒന്നാമതെത്തിയത്. പാണ്ടനാട് വീയപുരം വിജയിച്ചെങ്കിലും പിബിസി കാരിച്ചാല്‍ ഒരിക്കല്‍ പോലും രണ്ടാം സ്ഥാനത്തില്‍ താഴേക് പോകാത്തതിനാല്‍ പട്ടികയില്‍ ഒരു പോയിന്‍റ് വ്യത്യാസത്തിന് അവര്‍ നാലാമതും ചാമ്പ്യന്മാരായി.

ആറ് സിബിഎല്‍ മത്സരങ്ങളില്‍ നിന്ന് പിബിസി കാരിച്ചാലിന് 58 പോയിന്‍റും വിബിസി വീയപുരത്തിന് 57 പോയിന്‍റും നിരണം ചുണ്ടന് 48 പോയിന്‍റും ലഭിച്ചു.

നടുഭാഗം ചുണ്ടന്‍, മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍, വീയപുരം എന്നീ ചുണ്ടനുകളില്‍ തുഴഞ്ഞാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് കഴിഞ്ഞ മൂന്ന് തവണ സിബിഎല്‍ കിരീടം സ്വന്തമാക്കിയത്.


പത്തനംതിട്ട ജില്ലയില്‍ നിന്ന് ആദ്യമായി സിബിഎല്ലിനെത്തിയ ക്ലബ്ബായ നിരണം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, എംഎല്‍എ മാരായ എം മുകേഷ്, എം നൗഷാദ് എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നടത്തി. ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍, സിബിഎല്‍ ഭരണസമിതി അംഗങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തലവടി(യുബിസി കൈനകരി), നടുഭാഗം(കുമരകം ടൗണ്‍ ബോട്ട് ക്ലബ്)  ചമ്പക്കുളം(പുന്നമട ബോട്ട് ക്ലബ്), മേല്‍പ്പാടം(കുമരകം ബോട്ട് ക്ലബ്),  പായിപ്പാട്(ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്), ആയാപറമ്പ് വലിയദിവാന്‍ജി (ചങ്ങനാശേരി ബോട്ട് ക്ലബ്) എന്നീ ചുണ്ടന്‍ വളളങ്ങളാണ് സിബിഎല്ലില്‍ മാറ്റുരച്ചത്.

ആകെ 3.20 കോടി രൂപയാണ് ആറ് മത്സരങ്ങളിലുമായി നല്‍കുന്ന സമ്മാനത്തുക. ഓരോ ലീഗ് മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ടീമിന് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ വീതം ലഭിക്കും. സിബിഎല്ലിന്‍റെ ആറ് ലീഗ് മത്സരങ്ങളുടെയും പോയിന്‍റുകളുടെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ടീമിന് 25 ലക്ഷവും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവര്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവും ലഭിക്കും.

ഇതിനു പുറമെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും  ഓരോ മത്സരത്തിനും മൂന്ന് ലക്ഷം രൂപ വീതവും ലഭിക്കും. ചുണ്ടന്‍വള്ളം ഉടമകള്‍ക്ക് ഓരോ മത്സരത്തിനും ഒരു ലക്ഷം രൂപ വീതം ബോണസും നല്‍കും.

 

Photo Gallery

+
Content
+
Content
+
Content