ലോക ആയുര്‍വേദ കോണ്‍ഗ്രസ് : 150 ദശലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 1275 കോടി രൂപ)ബിസിനസ് നേട്ടം
30 രാജ്യങ്ങളില്‍ നിന്നായി 142 ബയര്‍മാര്‍ ബി2ബി മീറ്റിംഗുകളില്‍ പങ്കെടുത്തു
New Delhi / December 18, 2024
ന്യൂഡല്‍ഹി: ഡെറാഡൂണില്‍ സമാപിച്ച പത്താമത് ലോക ആയുര്‍വേദ കോണ്‍ഗ്രസും ആരോഗ്യ എക്‌സ്‌പോയും സമാഹരിച്ചത് 150 ദശലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 1275 കോടി രൂപ) ബിസിനസ്. ആഗോളതലത്തില്‍ ആയുര്‍വേദ മരുന്നുകള്‍ക്കും വെല്‍നസ് ഉത്പന്നങ്ങള്‍ക്കും വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
ഡിസംബര്‍ 12-15 വരെ നടന്ന സമ്മേളനത്തില്‍ മുന്‍കാല റെക്കോര്‍ഡുകളെല്ലാം ഭേദിച്ച മികച്ച ബിസിനസ് സാധ്യതകളാണ് ലഭിച്ചത്. ആയുഷ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ മുഖേന നടത്തിയ 3200 ബി2ബി മീറ്റിംഗുകളില്‍ 30 രാജ്യങ്ങളില്‍ നിന്നുള്ള 142 ബയര്‍മാര്‍ പങ്കെടുത്തു.
'ഡിജിറ്റല്‍ ആരോഗ്യം-ആയുര്‍വേദ കാഴ്ച്ചപ്പാടില്‍' എന്നതായിരുന്നു നാല് ദിവസത്തെ പരിപാടിയുടെ മുഖ്യ വിഷയം. ആയുഷ് മന്ത്രാലയം, ഉത്തരാഖണ്ഡ് സര്‍ക്കാര്‍, ആയുര്‍വേദ മേഖലയിലെ പങ്കാളികള്‍ എന്നിവരുമായി സഹകരിച്ചാണ് വിജ്ഞാന ഭാരതിയുടെ ഭാഗമായ വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്‍ പരിപാടി സംഘടിപ്പിച്ചത്.
58 രാജ്യങ്ങളില്‍ നിന്നുള്ള 352 വിദേശ പ്രതിനിധികളെ കൂടാതെ 10321 പ്രതിനിധികള്‍ ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ പങ്കെടുത്തു. ഡെറാഡൂണിലെ പരേഡ് ഗൗണ്ടില്‍ നടന്ന പരിപാടിയില്‍ 172 സെഷനുകളിലായി വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ലോകത്തെ പ്രധാന ആരോഗ്യ സംരക്ഷണ സംവിധാനമായി ആയുര്‍വേദത്തെ സ്ഥാപിക്കുന്നതിനുള്ള മുന്നേറ്റം നടത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഇന്റര്‍നാഷണല്‍ ഡെലിഗേറ്റ്‌സ് അസംബ്ലിയില്‍ 27 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. രാജ്യത്തെ ആയുര്‍വേദമേഖലയുടെ വളര്‍ച്ചാ റിപ്പോര്‍ട്ടും സമ്മേളനത്തില്‍ അവതരിപ്പിച്ചു. ആയുര്‍വേദത്തിന്റെ ആഗോള തിരിച്ചുവരവിന് ആക്കം കൂട്ടുന്നതിനായി ഒരു ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അസോസിയേഷനുകള്‍ രൂപീകരിക്കാനും ലോക ആയുര്‍വേദ കോണ്‍ഗ്രസ് മുന്‍കൈയെടുത്തു.
ആദ്യമായി ഇന്ത്യക്ക് പുറത്തുള്ള ഒരു ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടിന് അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനും പരിപാടി സാക്ഷ്യം വഹിച്ചു. യൂറോപ്പ് ആയുര്‍വേദ അക്കാദമി അസോസിയേഷനാണ് അക്രഡിറ്റേഷന്‍ ലഭിച്ചത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന ആയുഷ് ചെയര്‍ പാനല്‍ ചര്‍ച്ചയില്‍ തായ്ലന്‍ഡ്, മൗറീഷ്യസ്, ലാത്‌വിയ, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
മുന്‍നിര ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളുടെയും ഔഷധ നിര്‍മ്മാതാക്കളുടെയും പങ്കാളിത്തത്തോടെ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരുക്കിയ ആരോഗ്യ എക്സ്പോയിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. പ്രമുഖ ആയുര്‍വേദ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിച്ച എക്സ്പോ 1.5 ലക്ഷം പേര്‍ സന്ദര്‍ശിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആയുര്‍ ക്ലിനിക്കില്‍ 4000-ലധികം ആളുകള്‍ക്ക് സൗജന്യ കണ്‍സള്‍ട്ടേഷന്‍ ലഭിച്ചു.
ഇന്‍ഡസ്ട്രി കോണ്‍ക്ലേവ്-ഇന്‍വെസ്റ്റ് ഇന്ത്യ, എന്‍സിഐഎം കോണ്‍ക്ലേവ്, ട്രഡീഷണല്‍ ഹീലേഴ്സ് മീറ്റ്, ഇന്റര്‍നാഷണല്‍ മെഡിസിനല്‍ പ്ലാന്റ്‌സ് സെമിനാര്‍, വെറ്ററിനറി ആയുര്‍വേദ, വൃക്ഷ ആയുര്‍വേദ, ആയുര്‍വേദ ഫിലിം ഫെസ്റ്റിവല്‍ എന്നിവയുടെ അന്താരാഷ്ട്ര കോണ്‍ക്ലേവുകള്‍ എന്നിവയായിരുന്നു നാല് ദിവസത്തെ മീറ്റിലെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.
ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും പാരിസ്ഥിതിക വെല്ലുവിളികളും അഭിമുഖീകരിക്കുന്ന ലോകത്ത് സമഗ്രവും സുസ്ഥിരവുമായ ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതില്‍ ആയുര്‍വേദത്തിന്റെ പങ്കിനെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്തു. ഇതിനായി ശാസ്ത്ര സാങ്കേതിക മേഖലകളിലെ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ഒരുമിച്ച് കൂട്ടുന്നതിന് സമ്മേളനത്തിന് സാധിച്ചു.