ഫാബ് അക്കാദമി 2025: അപേക്ഷ ക്ഷണിക്കുന്നു ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ പഠിക്കാനൊരു അവസരം

Kochi / December 19, 2024

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ കീഴിലുള്ള ഫാബ് അക്കാദമി 2025 കോഴ്‌സിലേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അന്താരാഷ്ട്ര അംഗീകാരമുള്ള ഫാബ് ഫൗണ്ടേഷന്‍ തയ്യാറാക്കുന്ന സിലബസിലാണ് ഇവിടെ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നത്. അമേരിക്കൻ സാങ്കേതിത സർവകലാശാലയായ മസാച്ചുസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി (എം.ഐ.ടി) സഹകരിച്ചാണ് ഫാബ് അക്കാദമി പ്രവര്‍ത്തിക്കുന്നത്.

ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍, റാപ്പിഡ് പ്രോട്ടോടൈപ്പിംഗ് എന്നീ മേഖലകളിൽ താല്‍പര്യമുള്ളവര്‍ക്ക് ആറുമാസ ദൈര്‍ഘ്യമുള്ള ഈ കോഴ്‌സിന് അപേക്ഷിക്കാം. 20 ആഴ്ചകളിലായി 20 വ്യത്യസ്ത കംപ്യൂട്ടർ അധിഷ്ഠിത നിർമാണ മാർഗങ്ങൾ പഠിക്കുന്നതാണ് കോഴ്‌സിന്‍റെ പ്രത്യേകത. എം.ഐ.ടി സെൻറർ ഫോർ ബിറ്റ്‌സ് ആൻഡ് ആറ്റംസ് ഡയറക്ടർ പ്രൊഫ. നീൽ ഗർഷൻഫെൽഡിന്‍റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്. ഓരോ ആഴ്ചയിലും ഓരോ പ്രോജക്ടുകൾ പൂർത്തിയാക്കും കോഴ്സ് അവസാനിക്കുമ്പോൾ പഠിത ടെക്നിക്കുകൾ എല്ലാം ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു പ്രോജക്ട് വിദ്യാർത്ഥികൾ നിർമിക്കണം.

ഡിസൈൻ അല്ലെങ്കിൽ ടെക്നോളജി മേഖലയോട് താൽപര്യമുള്ള, ഇംഗ്ലീഷ് ഭാഷയിൽ പ്രാഥമിക അറിവുള്ള ഏതൊരാൾക്കും ഈ കോഴ്‌സ്  പഠിക്കാം . അർഹരായവർക്ക് ഫാബ് ഫൗണ്ടേഷൻ സ്കോളർഷിപ്പ് വഴി 80 ശതമാനം ഫീസ് ഇളവ് ലഭിക്കും. കൂടാതെ അഞ്ച് വനിതാ വിദ്യാർത്ഥികൾക്ക് 95 ശതമാനം ഫീസ് ഇളവും നൽകുന്നു. അപേക്ഷകരെ ഇൻറ്റർവ്യൂവിന്‍റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്താണ് പ്രവേശനം നൽകുക.

അപേക്ഷകൾ https://fabacademy.fablabkerala.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം. ഡിസംബർ 20-ന് ഫാബ് അക്കാദമിയെ കുറിച്ചുള്ള ഓണ്‍ലൈന്‍ സംശയ നിവാരണ സെഷന്‍ സംഘടിപ്പിക്കുന്നതാണ് . പങ്കെടുക്കാൻ താത്പര്യമുള്ളവർ https://ksum.in/ama_fabacademy എന്ന ഫോം പൂരിപ്പിച്ച് ക്ഷണം നേടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്, ബന്ധപെടുക: fablab@startupmission.in

 

Photo Gallery