ഉത്തരവാദിത്ത ധനവിനിയോഗ അവബോധം പൊതുജനങ്ങള്‍ക്ക് നല്‍കണം-ധനമന്ത്രി

മണി കോണ്‍ക്ലേവ് 2024 ന് സമാപനമായി
Kochi / December 19, 2024

കൊച്ചി: ഉത്തരവാദിത്തത്തോടെയുള്ള ധനവിനിയോഗത്തെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ മണി കോണ്‍ക്ലേവ് ഉച്ചകോടി പോലുള്ള ഉദ്യമങ്ങള്‍ക്ക് സാധിക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. മണി കോണ്‍ക്ലേവില്‍ ഓണ്‍ലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.

നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ദ്വിദിന ഉച്ചകോടിയില്‍ പത്തോളം വിഷയങ്ങളിലാണ് ആഴത്തിലുള്ള പാനല്‍ ചര്‍ച്ചകള്‍ നടന്നത്.

നിക്ഷേപങ്ങള്‍ക്കും ലാഭത്തിന്‍റെയും പേരില്‍ പരസ്യങ്ങളുടെ പുറകെ പോയി ഇയാംപാറ്റകളെപ്പോലെ നിക്ഷേപകര്‍ വീഴുന്ന അവസ്ഥയിന്നുണ്ട്. ഇതില്‍ നിന്ന് വ്യത്യസ്തമായി എങ്ങിനെ ആരോഗ്യകരമായ രീതിയില്‍ സമ്പത്തുണ്ടാക്കാമെന്ന അവബോധം സൃഷ്ടിക്കുകയാണ് മണി കോണ്‍ക്ലേവ് 2024 ലെ ചര്‍ച്ചകള്‍. ഇതിന് മുന്‍കയ്യെടുത്ത ഉച്ചകോടിയുടെ സംഘാടകരെ മന്ത്രി അഭിനന്ദിച്ചു.

നിയമാനുസൃതമായി രീതിയില്‍ പണമുണ്ടാക്കുന്നത് മോശം കാര്യമല്ലെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിച്ച കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി. മലയാളികളുടെ നിക്ഷേപ ശീലത്തില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയെ കൂടി ഉള്‍പ്പെടുത്തണം. സംസ്ഥാന സര്‍ക്കാര്‍ ഇത്രയധികം പിന്തുണ നല്‍കുന്ന മറ്റൊരു മേഖലയുണ്ടാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ എയ്ഞജല്‍ നിക്ഷേപകരും വെഞ്ച്വര്‍ മൂലധന നിക്ഷേപകരും കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് രംഗത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.


സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നത് പോലെ തന്നെ പ്രധാനമാണ് അതില്‍ നിന്ന് എങ്ങിനെ രക്ഷ നേടേണ്ടതെന്നുമെന്ന് ഈ വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ച ചൂണ്ടിക്കാട്ടി. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമെന്ന രീതിയിലാണ് സ്ഥാപകര്‍ സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നത്. എന്നാല്‍ അതില്‍ നിന്ന് എപ്പോള്‍ പിന്മാറണമെന്ന ധാരണ തുടക്കം മുതല്‍ തന്നെ വേണമെന്ന് ഒമ്നിവോര്‍ വെഞ്ച്വേഴ്സ് പാര്‍ട്ണര്‍ സുഭദീപ് സന്യാല്‍ ചൂണ്ടിക്കാട്ടി.

പരാജയസാധ്യത ഏറെയായതിനാല്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ വിമുഖത പ്രകടമാണെന്ന് ഹീല്‍ സ്ഥാപകന്‍ രാഹുല്‍ മാമ്മന്‍ പറഞ്ഞു. അതിനാല്‍ തന്നെ പ്രവര്‍ത്തനമാതൃകയും അതിന്‍റെ വിപണി സാധ്യതയെക്കുറിച്ചും വ്യക്തമായ ധാരണ സ്ഥാപകര്‍ക്കുണ്ടാകണം. ഇത് നിക്ഷേപകരെ ബോധ്യപ്പെടുത്താനും സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകളില്‍ ഒരു നിക്ഷേപത്തിന്‍റെ കാലാവധി ശരാശരി എട്ടു വര്‍ഷമാണ്. ഈ കാലഘട്ടത്തിനുള്ളില്‍ നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കുന്നതിനൊപ്പം ഉത്പന്നത്തിന്‍റെ വിപണിമൂല്യം വര്‍ധിപ്പിക്കാനുള്ള നടപടികളുമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ക്ലേവിനോടനുബന്ധിച്ച് നടത്തിയ സ്റ്റാര്‍ട്ടപ്പ് പിച്ചിംഗില്‍ വണ്‍ കിരാന, ഫള്‍വ എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. 10000 ഡോളര്‍ ഇക്വിറ്റിഫ്രീ ഗ്രാന്‍റായി ഇവര്‍ക്ക് ലഭിക്കും. ചില്ലറ വില്‍പനശാലകളില്‍ കാര്‍ഷികോത്പന്നങ്ങള്‍ പായ്ക്ക് ചെയ്ത് നല്‍കുന്നതാണ് കിരാന വണ്‍ ചെയ്യുന്നത്. വിപണി വിലയ്ക്ക് തന്നെ പായ്ക്ക് ചെയ്ത ഉത്പന്നങ്ങള്‍ ചെറുകിട പലചരക്ക് കടകളിലെത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

കാലിക്കറ്റ് കസിന്‍സ് എന്ന കമ്പനിയുടെ ഫള്‍വ എന്ന അലുവ വില്‍പ്പന പ്ലാറ്റ്ഫോമാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. 26 തരം അലുവ ഓണ്‍ലൈനിലൂടെയും ആമസോണ്‍, സ്വിഗി തുടങ്ങിയ പ്ലാറ്റ്ഫോമിലൂടെയും ഇവര്‍ വില്‍ക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട പത്ത് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നാണ് ആറംഗ വിധികര്‍ത്താക്കള്‍ വിജയിയെ തെരഞ്ഞെടുത്തത്.

മികച്ച ആശയാവതരണം നടത്തുന്ന ഐഡിയാത്തോണ്‍ മത്സരത്തില്‍ എറണാകുളം മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിന്‍റെ ടീം റിസ്, രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ ടീം ഐറിസ്, ഐസിസിഎസ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്മന്‍റിലെ ടീം കോക്കനട്ട്, ശ്രീചിത്ര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗ് തിരുവനന്തപുരത്തെ ടീം എക്സോബോണിക് എന്നിവര്‍ വിജയികളായി. കമ്മ്യൂണിറ്റി വോട്ടിംഗില്‍ എംഇഎസ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ടീമും തെരഞ്ഞെടുക്കപ്പെട്ടു.

 

 

 

Photo Gallery

+
Content