ആയുര്‍വേദത്തിന്റെ ആഗോള വ്യാപനത്തിന് ആഹ്വാനം ചെയ്ത് ലോക ആയുര്‍വേദ കോണ്‍ഗ്രസിസ് സമാപനം
Dehradun / December 15, 2024
ഡെറാഡൂണ്‍: ഇന്ത്യയുടെ പരമ്പരാഗത ആരോഗ്യ സംരക്ഷണ സംവിധാനത്തെ ലോകമെമ്പാടും എത്തിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പത്താമത് ലോക ആയുര്‍വേദ കോണ്‍ഗ്രസും ആരോഗ്യ എക്‌സ്‌പോയും സമാപിച്ചു.
'ഡിജിറ്റല്‍ ആരോഗ്യം-ആയുര്‍വേദ കാഴ്ച്ചപ്പാടില്‍' എന്നതായിരുന്നു നാല് ദിവസമായി നടന്ന പരിപാടിയുടെ മുഖ്യ വിഷയം. ആയുഷ് മന്ത്രാലയം, ഉത്തരാഖണ്ഡ് സര്‍ക്കാര്‍, ആയുര്‍വേദ മേഖലയിലെ പങ്കാളികള്‍ എന്നിവരുമായി സഹകരിച്ചാണ് വിജ്ഞാന ഭാരതിയുടെ ഭാഗമായ വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്‍ പരിപാടി സംഘടിപ്പിച്ചത്.
രാജ്യത്തിനകത്തും പുറത്തുമുള്ള ആയുര്‍വേദ സമൂഹത്തെ ഒരുമിച്ച് കൂട്ടുന്നതിന് സമ്മേളനത്തിന് സാധിച്ചു. ലോകം പാരിസ്ഥിതിക-ആരോഗ്യ വെല്ലുവിളികള്‍ നേരിടുമ്പോള്‍ ആയുര്‍വേദത്തിലൂടെ ആരോഗ്യകരമായ സുസ്ഥിര ആരോഗ്യ സംരക്ഷണ സംവിധാനം സൃഷ്ടിക്കുന്നത് സംബന്ധിച്ച് ശാസ്ത്ര സാങ്കേതിക മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ തങ്ങളുടെ വീക്ഷണങ്ങള്‍ പങ്കുവച്ചു.
ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലഫ്റ്റനന്റ് ജനറല്‍ (റിട്ട) ഗുര്‍മിത് സിങ്, മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, ആയുഷ് മന്ത്രാലയം സെക്രട്ടറി രാജേഷ് കൊടേച്ച തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.
പ്രമുഖ ആയുര്‍വേദ ഡോക്ടര്‍മാര്‍, അക്കാദമിക് വിദഗ്ധര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, സംരംഭകര്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചകള്‍ക്കും ആകര്‍ഷകമായ സംവാദങ്ങള്‍ക്കും അവതരണങ്ങള്‍ക്കും സെഷനുകള്‍ക്കും പരേഡ് ഗ്രൗണ്ടില്‍ നടന്ന സമ്മേളനം സാക്ഷിയായി.
58 രാജ്യങ്ങളില്‍ നിന്നുള്ള 352 വിദേശ പ്രതിനിധികളെ കൂടാതെ 10,000 ത്തിലധികം ആളുകള്‍ ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ പങ്കെടുത്തു. 1,50,000 പേര്‍ ആരോഗ്യ എക്‌സ്‌പോ സന്ദര്‍ശിച്ചു. 40 രാജ്യങ്ങളില്‍ നിന്നുളള 132 ബയര്‍മാര്‍ ബി2ബി മീറ്റില്‍ പങ്കെടുത്തു. 10 ഒപിഡി ക്ലിനിക്കുകളിലായി 4000 രോഗികള്‍ക്ക് സൗജന്യ കണ്‍സള്‍ട്ടേഷന്‍ ലഭിച്ചു.
ആയുര്‍വേദത്തെ സംബന്ധിച്ച മിഥ്യാധാരണകള്‍ നീക്കം ചെയ്ത് ലോകത്തെ പ്രധാന ആരോഗ്യ സംരക്ഷണ സംവിധാനമായി ആയുര്‍വേദത്തെ സ്ഥാപിക്കുന്നതിനുള്ള ശക്തമായ ആഹ്വാനമാണ് ലോക ആയുര്‍വേദ കോണ്‍ഗ്രസ്-2024 ല്‍ ഉണ്ടായത്. രാഷ്ട്രീയ നേതാക്കള്‍, നയരൂപകര്‍ത്താക്കള്‍, ബിസിനസുകാര്‍ എന്നിവര്‍ ഭൂഖണ്ഡങ്ങളിലുടനീളം ആയുര്‍വേദം വ്യാപിപ്പിക്കുന്നത് സംബന്ധിച്ച തങ്ങളുടെ ആശയങ്ങള്‍ പങ്കിട്ടു. ആയുര്‍വേദ മേഖലയിലെ പുതിയ ബിസിനസുകള്‍ക്കും നവീന സംരംഭങ്ങള്‍ക്കുമുള്ള സാധ്യതകളെ കുറിച്ചും നിക്ഷേപകരുടെ പിന്തുണ സംബന്ധിച്ചും ഒരു സെഷന്‍ ചര്‍ച്ച ചെയ്തു.
മുന്‍നിര ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളുടെയും ഔഷധ നിര്‍മ്മാതാക്കളുടെയും പങ്കാളിത്തത്തില്‍ നടന്ന ആരോഗ്യ എക്‌സ്‌പോയില്‍ ആയുര്‍വേദത്തിന്റെ സമ്പന്നമായ പരാമ്പര്യം പ്രദര്‍ശിപ്പിച്ചു. സംരംഭകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ബിസിനസുകാര്‍ക്കും സമീപകാലത്ത് ആയുര്‍വേദം കൈവരിച്ച മുന്നേറ്റങ്ങള്‍ തെളിയിക്കാനും ഇത് മികച്ച വേദിയായിരുന്നു.
സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആയുര്‍ ക്ലിനിക്കില്‍ നിരവധിയാളുകള്‍ സന്ദര്‍ശനം നടത്തി. വിവിധ വിഭാഗങ്ങളിലായി ഡോക്ടര്‍മാരുടെ സൗജന്യ കണ്‍സള്‍ട്ടേഷന്‍ സേവനവും ഉണ്ടായിരുന്നു.