അശ്വഗന്ധ സുരക്ഷിതം;പാശ്ചാത്യരാജ്യങ്ങളിലെ നിയന്ത്രണം അനാവശ്യം- വിദഗ്ധര്‍

Dehradun / December 14, 2024

ഡെറാഡൂണ്‍: ആയുര്‍വേദ ചികിത്സയിലെ സുപ്രധാന ഔഷധമായ അശ്വഗന്ധയ്ക്കെതിരെ രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങള്‍ മുന്‍നിറുത്തിയാണ് പാശ്ചാത്യരാജ്യങ്ങള്‍ പെരുമാറുന്നതെന്ന് ലോക ആയുര്‍വേദ കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. അശ്വഗന്ധ പൂര്‍ണമായും സുരക്ഷിതമാണെന്നും, നിരോധനം അനാവശ്യമാണെന്നും ഈ വിഷയം ചര്‍ച്ച ചെയ്ത ലോക ആയുര്‍വേദ കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

'സുരക്ഷ, ശാസ്ത്രം, തെളിവ്- അശ്വഗന്ധയുടെ ധീരകഥ' എന്ന വിഷയത്തിലാണ് സെമിനാര്‍ നടന്നത്.ആയിരക്കണക്കിന് വര്‍ഷങ്ങളായി ഉപയോഗിച്ച് വരുന്ന അശ്വഗന്ധയെ നിരോധിച്ചു കൊണ്ട് ഡെډാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നു. പാര്‍ശ്വഫലങ്ങളുണ്ടെന്ന കാരണം പറഞ്ഞ് പല യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും പല വിധത്തിലുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയാണ് അശ്വഗന്ധയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ആയുര്‍വേദത്തില്‍ അശ്വഗന്ധയുടെ വേര് മാത്രമാണ് ഔഷധനിര്‍മ്മാണത്തിനുപയോഗിക്കുന്നത്. എന്നാല്‍ വീര്യത്തിനും ശക്തിയ്ക്കുമായി പല പാശ്ചാത്യരാജ്യങ്ങളും അശ്വഗന്ധയുടെ ഇലയുടെ സത്ത് ഭക്ഷ്യസപ്ലിമന്‍റിന് ഉപയോഗിക്കുന്നുവെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി.
നൂറുകണക്കിന് ഗവേഷണരേഖകളാണ് അശ്വഗന്ധയുടെ ഔഷധഗുണത്തിന് തെളിവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സ്വീഡനിലെ കരോലിന്‍സ്ക സര്‍വകലാശാലയിലെ പ്രൊഫ. വിനോദ് ദിവാന്‍, അര്‍ജന്‍റീന മെഡിക്കല്‍ അസോസിയേഷനിലെ ആയുര്‍വേദ വിഭാഗം ഡയറക്ടര്‍ ഡോ. യോര്‍ഗെ ലൂയി ബെറ, ആയുഷ് മന്ത്രാലയത്തിലെ നാഷണല്‍ പ്രൊഫ. ഡോ. ഭൂഷണ്‍ പട്വര്‍ധന്‍, ലോക അശ്വഗന്ധ കൗണ്‍സിലിലെ പ്രൊഫ. ജെ ബി ഗുപ്ത, സ്വീഡിഷ് അസോസിയേഷന്‍ ഓഫ് ആയുര്‍വേദയിലെ സ്റ്റൈന ആന്‍ഡേഴ്സണ്‍ എന്നിവരാണ് ഈ ചര്‍ച്ചയില്‍ പങ്കെടുത്തത്.

അശ്വഗന്ധയെ നിരോധിക്കാനുള്ള ഡെډാര്‍ക്കിന്‍റെ നടപടിയെ പിന്തുണയ്ക്കുന്ന ഗവേഷണ രേഖകളൊന്നും ലഭ്യമല്ലെന്ന് ഈ വിദഗ്ധര്‍ പറഞ്ഞു. എടുത്ത സാമ്പിളുകളില്‍ ആയുര്‍വേദം നിഷ്കര്‍ഷിക്കുന്നതിലും വളരെ കൂടുതല്‍ അശ്വഗന്ധ ചേരുവ ചേര്‍ത്തിട്ടുണ്ട്. അശ്വഗന്ധയുടെ ഇലയ്ക്ക് വിഷാംശമുണ്ട്. ഇത് ആയുര്‍വേദത്തില്‍ ഔഷധമായി ചേര്‍ക്കാന്‍ വിധിയില്ല.
അശ്വഗന്ധയുടെ ഇല അടങ്ങിയ ഭക്ഷ്യ സപ്ലിമന്‍റുകളുടെ പരിശോധനയെ അടിസ്ഥാനമാക്കിയാണ് പാശ്ചാത്യ ലോകം പ്രതികരിച്ചത്. ഈ പഠനം പോലും തൈറോയിഡ് ഗ്രന്ഥിയെയും മറ്റ് ആന്തരികാവയവങ്ങളെയും എത്രകണ്ട് ബാധിക്കുമെന്ന് തെളിയിക്കുന്നില്ല. പച്ചവെള്ളം പോലും അളവില്‍ കൂടുതല്‍ കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പറയുന്നതിന് തുല്യമാണിതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.


അശ്വഗന്ധയുടെ ഇല കയറ്റുമതിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ചിലര്‍ അഭിപ്രായപ്പെട്ടു. ഈ നിരോധനം അവസരമായി കാണണമെന്നാണ് സര്‍ക്കാരിനോടും ഈ രംഗത്തുള്ളവരോടും അന്താരാഷ്ട്ര വിദഗ്ധര്‍ ആഹ്വാനം ചെയ്തത്. കൊവിഡ് ബാധയ്ക്ക് ശേഷം അശ്വഗന്ധയുടെ ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. ഗവേഷണ രേഖകളുടെ പിന്തുണയോടെ ഇക്കാര്യങ്ങള്‍ ചെയ്യണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

വിജ്ഞാന്‍ ഭാരതിക്ക് കീഴിലുള്ള ലോക ആയുര്‍വേദ ഫൗണ്ടേഷനും, ഉത്തരാഖണ്ഡ് സര്‍ക്കാരുമാണ് ആയുര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. കേന്ദ്ര ആയുഷ് മന്ത്രാലയം, വിവിധ സംസ്ഥാന സര്‍ക്കാരുകള്‍, പ്രമുഖ ആയുര്‍വേദ ചികിത്സ ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ലോക ആയുര്‍വേദ കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
58 രാജ്യങ്ങളിലെന്നായി 320 വിദേശികളുള്‍പ്പെടെ 9500ലധികം പ്രതിനിധികളാണ് ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. 350 ലധികം സ്റ്റാളുകളിലായി ഒന്നര ലക്ഷത്തിലധികം പേരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

 

 

 

 

Photo Gallery

+
Content