ആയുര്‍വേദം ആധികാരിക തെളിവുകളില്‍ അധിഷ്ഠിതം: ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ വിദഗ്ധര്‍

Dehradun / December 14, 2024

ഡെറാഡൂണ്‍: കൃത്യമായ ആധികാരിക തെളിവുകളുടെ പിന്‍ബലമുള്ളതാണ് ഇന്ത്യയുടെ പരമ്പരാഗത ആയുര്‍ശാസ്ത്രമെന്ന് പത്താമത് ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആയുര്‍വേദ ഡോക്ടര്‍മാര്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായ പ്രതിനിധികള്‍ എന്നിവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 ആധികാരികമായ തെളിവില്ലാത്തതിനാല്‍ ആയുര്‍വേദം ശാസ്ത്രീയമല്ലെന്ന മിഥ്യാധാരണ മറികടക്കാനുളള മാര്‍ഗമാണ് തെളിവ് അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സാ സംവിധാനമെന്ന് പാനലിസ്റ്റുകള്‍ എടുത്തുപറഞ്ഞു. പരമ്പരാഗത ഇന്ത്യന്‍ ചികിത്സാ സമ്പ്രദായത്തിന്റെ മേലുള്ള ഇത്തരം തെറ്റിദ്ധാരണകള്‍ വിദേശ രാജ്യങ്ങളില്‍ ആയുര്‍വേദത്തിന്റെ സ്വീകാര്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്.

 പുതിയ മരുന്നുകളിലും ചികിത്സകളിലും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തി ആയുര്‍വേദം ആധികാരികമെന്ന് തെളിയിക്കാമെന്നും അതിന്റെ ഫലങ്ങള്‍ മേഖലയുമായി ബന്ധപ്പെട്ട ജേണലുകളിലും പോര്‍ട്ടലുകളിലും പ്രസിദ്ധീകരിച്ച് ആയുര്‍വേദ പങ്കാളികളിലേയ്ക്ക് എത്തിക്കാനാകുമെന്ന നിര്‍ദേശവും പാനലിസ്റ്റുകള്‍ മുന്നോട്ട് വച്ചു. ആയുര്‍വേദ ഡോക്ടര്‍മാര്‍ തങ്ങളുടെ ഡോക്യുമെന്റേഷന്‍ കഴിവുകള്‍ മെച്ചപ്പെടുത്തണമെന്നും ആയുര്‍വേദ ക്ലിനിക്കല്‍ ഇ-ലേണിംഗ് (ആയുര്‍സെല്‍) പോലുള്ള വെബ് പ്ലാറ്റ്‌ഫോമുകളില്‍ വിശദമായ അന്വേഷണ പഠനങ്ങള്‍ (കേസ് സ്റ്റഡീസ്) അപ്‌ലോഡ് ചെയ്യാന്‍ പരിശ്രമിക്കണമെന്നും അഭിപ്രായമുയര്‍ന്നു.

 അതേസമയം കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ 300 ആയുര്‍വേദ അന്വേഷണ പഠനങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍, കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ മാത്രം 100 ലധികം പഠനങ്ങള്‍ ആയുര്‍സെല്ലില്‍ പോസ്റ്റ് ചെയ്യപ്പെട്ടു എന്നത് ശുഭസൂചനയാണെന്നും അഭിപ്രായമുണ്ടായി.

ആശയങ്ങള്‍ക്ക് തെളിച്ചമുണ്ടാകുന്നതിന് ആധികാരിക തെളിവുകള്‍ ആവശ്യമാണെന്ന് സാവിത്രിഭായ് ഫുലെ പൂനൈ യൂണിവേഴ്‌സിറ്റിയിലെ ഡോ. ഗിരീഷ് ടില്ലു ചൂണ്ടിക്കാട്ടി. കൃത്യമായ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളത് എപ്പോഴും യുക്തിസഹമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാലത്തിനനുസരിച്ച് തെളിവുകള്‍ക്കും മാറ്റമുണ്ടാകുമെന്ന് കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍ പറഞ്ഞു. എക്‌സ്-റേ യെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. രോഗനിര്‍ണയത്തിന് ആന്തരിക അവയവങ്ങള്‍ പരിശോധിക്കാന്‍ എക്‌സ്-റേ വ്യാപകമായി ഉപയോഗിച്ചിരുന്നെന്നും എന്നാല്‍ എക്‌സ്-റേ ക്യാന്‍സറിന് കാരണമാകുമെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നതിനാല്‍ നിലിവില്‍ ഇതിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആയുര്‍വേദം വിശ്വാസത്തില്‍ അധിഷ്ഠിതമായതല്ലെന്നും വര്‍ഷങ്ങളുടെ പരിശീലനത്തിലൂടെ ആര്‍ജ്ജിച്ചെടുത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് വര്‍ഷങ്ങളായിട്ടും അത് നിലനില്‍ക്കുന്നുവെന്നത് തന്നെ മികച്ച തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേസ് സ്റ്റഡികള്‍ രേഖപ്പെടുത്തുന്ന ശീലം വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടു. നിങ്ങളത് രേഖപ്പെടുത്താത്ത പക്ഷം അത് നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തെളിവ് അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സംവിധാനത്തില്‍ തെളിവ് എന്താണെന്നും അത് ആയുര്‍വേദത്തിന് എങ്ങനെ പ്രസക്തമാകുന്നു എന്നതിലും ആയുര്‍വേദ പങ്കാളികള്‍ യോജിപ്പിലെത്തേണ്ടത് പ്രധാനമാണെന്ന് ലക്‌നൗ യൂണിവേഴ്‌സിറ്റിയിലെ ആയുര്‍വേദ ഫാക്കല്‍റ്റിയായ ഡോക്ടര്‍ സഞ്ജീവ് റസ്‌തോഗി അഭിപ്രായപ്പെട്ടു. ആയുര്‍വേദം എപ്പോഴും ആധികാരിക തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ചികിത്സാ  സമ്പ്രദായമാണെന്ന് പറഞ്ഞ അദ്ദേഹം പാരമ്പര്യ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന തെളിവുകളും ക്ലിനിക്കല്‍ പരിശീലനത്തിലൂടെ ഡോക്ടര്‍ വ്യക്തിപരമായി ആര്‍ജ്ജിച്ച അനുഭവങ്ങളുമാണ് ആയുര്‍വേദ ചികിത്സയെ മുന്നോട്ട് നയിക്കുന്നതെന്ന് പറഞ്ഞു. അതേസമയം ആധുനിക വൈദ്യശാസ്ത്രം പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അവിടെ പരിശീലനത്തിന് പ്രാധാന്യം കുറവാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം ആധുനിക വൈദ്യശാസ്ത്രത്തിനാണ് മാറ്റം വരേണ്ടതെന്നും വാദിച്ചു.

ചികിത്സാ രീതികള്‍ ആധികാരികത അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് ആയുഷ് മന്ത്രാലയത്തിലെ പ്രൊഫസര്‍ ഡോ. ഭൂഷണ്‍ പട്‌വര്‍ധന്‍ പറഞ്ഞു. ഏത് ചികിത്സാ രീതികളും തെളിവുകളില്‍ അധിഷ്ഠിതമായിരിക്കണം. എന്തുകൊണ്ടാണ് ഒരു ചികിത്സ വിജയിച്ചതെന്ന് നിങ്ങള്‍ക്ക്  വിശദീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് യാദ്യച്ഛികമായി സംഭവിച്ചതായി കണക്കാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ കാഴ്ചപ്പാടില്‍ നിന്ന് തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള വഴിയിലേയ്ക്ക് പോകുമ്പോഴുളള വെല്ലുവിളികള്‍ ഹിമാലയ വെല്‍നെസ് കമ്പനിയിലെ ഗവേഷണ വികസന വിഭാഗം ഡയറക്ടര്‍ ഡോ. ബാബു യു വി ചൂണ്ടിക്കാട്ടി. ഭൂമിശാസ്ത്രം, കാലാവസ്ഥ, കാര്‍ഷിക രീതികള്‍ എന്നിവ കാരണം ഔഷധസസ്യങ്ങള്‍ പോലുള്ള ചേരുവകളുടെ തോതില്‍ മാറ്റം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ സ്ഥിരമായ ഉത്പന്ന ഗുണനിലവാരം ഉറപ്പാക്കല്‍ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഉത്പന്നം വികസിപ്പിച്ചെടുത്താല്‍ അത് പലഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ക്ക് വിധേയമായാണ് സ്ഥിരീകരണം നേടി വാണിജ്യപരമായ വില്‍പനയ്ക്ക് തയ്യാറാകുന്നത്. തെളിവുകള്‍ സ്ഥാപിക്കുകയും ആ തെളിവുകള്‍ ശരിയാണെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

Photo Gallery