ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ ശ്രദ്ധ പിടിച്ചുപറ്റി മലയാളി ഡോക്ടര്‍മാരുടെ ആയുര്‍വേദ ആപ്പ്
Dehradun / December 13, 2024
ഡെറാഡൂണ്‍: ഷൊര്‍ണൂരില്‍ നിന്നുള്ള മൂന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍ വികസിപ്പിച്ചെടുത്ത ഭിഷക് എന്ന ആയുര്‍വേദ ആപ്പ് ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ പ്രധാന ശ്രദ്ധാകേന്ദ്രമായി. വിവിധ രോഗങ്ങള്‍, മരുന്നുകള്‍, ചികിത്സ, ലാബ് റിപ്പോര്‍ട്ട,് രോഗികളുടെ വിവരങ്ങള്‍ തുടങ്ങിയവ അടങ്ങിയ സമഗ്രമായ ആയുര്‍വേദ ആപ്പാണ് ഭിഷക്ക്.
ആയുര്‍വേദ ഡോക്ടര്‍മാരായ സന്ദീപ്, രാകേഷ്, ഉത്തം ഷാ എന്നിവരാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്. ആയുര്‍വേദ ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ ആപ്പ്.
മുന്നൂറിലധികം രോഗങ്ങളുടെ വിശദാംശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് ഡോക്ടര്‍ ഷാ പറഞ്ഞു. രോഗ കാരണങ്ങള്‍, രോഗ നിര്‍ണയം, 10 വിഭാഗങ്ങളിലുള്ള ചികിത്സ രീതികള്‍ തുടങ്ങിയവ ഇതില്‍ വിശദീകരിച്ചിരിക്കുന്നു. നിര്‍മ്മിക്കേണ്ട ചേരുവകളുടെ വിശദാംശങ്ങള്‍ അടക്കം 550 മരുന്നുകളെ കുറിച്ചും ഇതില്‍ പറയുന്നുണ്ട്. അവ ഉണ്ടാക്കേണ്ട വിധം, കഴിക്കേണ്ട രീതി തുടങ്ങിയവ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ അടക്കം ഇതില്‍ നല്‍കിയിരിക്കുന്നു. രോഗാവസ്ഥ കണക്കിലെടുത്ത് ചെയ്യേണ്ട പഞ്ചകര്‍മ്മ, കേരള പാരമ്പര്യ രീതിയിലുള്ള ആയുര്‍വേദ ചികിത്സ മുതലായവയുടെ ഏറ്റവും വലിയ വിവരശേഖരണം ആണ് ഈ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കോവിഡ് കാലത്താണ് മൂവരും ചേര്‍ന്ന് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്. സങ്കീര്‍ണ്ണമായ രോഗാവസ്ഥയെ കുറിച്ചുള്ള വൈവിധ്യമാര്‍ന്ന വിശദീകരണങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 60ല്‍ അധികം ശ്വേത യോഗങ്ങള്‍, ക്രിയാക്രമങ്ങള്‍, സ്നേഹനം, സ്വേദനം, വാമന - വിരേചന രീതികളും ഇതില്‍ ഉള്‍പ്പെടുന്നു. ഡോക്ടര്‍മാര്‍ക്ക് ഓണ്‍ലൈന്‍ ഓഫ് ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നടത്താനും സ്വന്തം രീതിയില്‍ മരുന്ന് കുറിക്കാനുള്ള സംവിധാനവും ഈ ആപ്പിലുണ്ട്.
'ഡിജിറ്റല്‍ ആരോഗ്യം ആയുര്‍വേദത്തിന്‍റെ കാഴ്ചപ്പാടില്‍' എന്നതാണ് പത്താമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്‍റെ പ്രമേയം. ആധുനിക സാങ്കേതിക വിദ്യയെ ആയുര്‍വേദ ഗവേഷണങ്ങളിലും മരുന്ന് നിര്‍മ്മാണത്തിലും എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിന്‍റെ ഗൗരവമേറിയ ചര്‍ച്ചകളും രാജ്യത്തിനകത്തും പുറത്തുമുള്ള ആയുര്‍വേദ സ്ഥാപനങ്ങളുടെ പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയ ആയുര്‍ എക്സ്പോയും കോണ്‍ഗ്രസിന്‍റെ ആകര്‍ഷണങ്ങളാണ്.
വിജ്ഞാന്‍ ഭാരതിക്ക് കീഴിലുള്ള ലോക ആയുര്‍വേദ ഫൗണ്ടേഷനും, ഉത്തരാഖണ്ഡ് സര്‍ക്കാരുമാണ് ആയുര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. കേന്ദ്ര ആയുഷ് മന്ത്രാലയം, വിവിധ സംസ്ഥാന സര്‍ക്കാരുകള്‍, പ്രമുഖ ആയുര്‍വേദ ചികിത്സ ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം ലോക ആയുര്‍വേദ കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
54 രാജ്യങ്ങളിലെന്നായി 350 വിദേശികളുള്‍പ്പെടെ 5500ലധികം പ്രതിനിധികളാണ് ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. 350 ലധികം സ്റ്റാളുകളിലായി ഒന്നര ലക്ഷത്തിലധികം പേരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
Photo Gallery
