ആഗോള ആരോഗ്യപരിപാലന രംഗത്തെ ശക്തിപ്പെടുത്താന്‍ ആയുര്‍വേദത്തിനാകും- പ്രധാനമന്ത്രി നരേന്ദ്രമോദി
Dehradun / December 12, 2024
ഡെറാഡൂണ്‍: ആഗോള ആരോഗ്യപരിപാലന രംഗത്തെ ശക്തിപ്പെടുത്താന്‍ ആയുര്‍വേദത്തെ പ്രാപ്തമാക്കാനുള്ള ഊര്‍ജ്ജിത ശ്രമം ഭാരതത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ലോക ആയുര്‍വേദ കോണ്‍ഗ്രസിന്‍റെ പത്താമത് ലക്കത്തിന്‍റെ ഉദ്ഘാടന വേളയില്‍ നല്‍കിയ വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
രോഗപ്രതിരോധം, പോഷകാഹാരം, മാനസികാരോഗ്യം എന്നിവയില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് ആഗോള ആരോഗ്യപരിപാലന രംഗത്ത് സമഗ്രമായ രോഗനിവാരണം ഉറപ്പാക്കുന്ന അപൂര്‍വമായ വൈദ്യശാഖയാണ് ആയുര്‍വേദമെന്ന് അദ്ദേഹം പറഞ്ഞു. 54 രാജ്യങ്ങളില്‍ നിന്നുള്ള 350 പേരുള്‍പ്പെടെ 5500 ഓളം പ്രതിനിധികളാണ് ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. വിജ്ഞാന്‍ ഭാരതി, ഉത്തരാഖണ്ഡ് സര്‍ക്കാര്‍ എന്നിവ സംയുക്തമായാണ് ആയുര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.
ആയുര്‍വേദത്തെ ലോകനിലവാരത്തിലേക്കെത്താനുള്ള വിശദമായ പദ്ധതി രേഖ തയ്യാറാക്കണമെന്ന് പ്രധാനമന്ത്രി ആയുര്‍വേദ കോണ്‍ഗ്രസിനോട് ആഹ്വാനം ചെയ്തു. നാല് ദിവസം നീണ്ടു നില്‍ക്കുന്ന ലോക ആയുര്‍വേദ കോണ്‍ഗ്രസിനൊപ്പം എക്സ്പോയും നടക്കുന്നുണ്ട്.
രാജ്യത്തിന്‍റെ ഓരോ മുക്കിലും മൂലയിലും ആയുര്‍വേദ ചികിത്സാ സൗകര്യം എത്തിക്കുമെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയും കേന്ദ്ര ആയുഷ് മന്ത്രി പ്രതാപ് റാവു ഗണപത് റാവു ജാദവും ഉറപ്പ് നല്‍കി. ആയുര്‍വേദ-ഔഷധസസ്യ ഉത്പാദകരുടെ സഹകരണത്തോടെ ഈ ചികിത്സാ മേഖലയെ അന്താരാഷ്ട്ര തലത്തില്‍ പ്രചരിപ്പിക്കും.
കൊവിഡ് മഹാമാരിക്കാലത്ത് ആയുര്‍വേദ ചികിത്സ ഏറെ ഫലപ്രദമായിരുന്നുവെന്ന് പുഷ്കര്‍ സിംഗ് ധാമി ചൂണ്ടിക്കാട്ടി. അലോപ്പതി ചികിത്സകര്‍ ഈ മഹാമാരിയെ കൈകാര്യം ചെയ്യേണ്ടതെങ്ങിനെയെന്ന് ആശയക്കുഴപ്പത്തിലായപ്പോഴും ആയുര്‍വേദം വഴികാട്ടിയായെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സാരീതികളിലെ സമഗ്രമായ കാഴ്ചപ്പാടാണ് ആയുര്‍വേദത്തെ ലോകമെമ്പാടും അംഗീകരിക്കാന്‍ സഹായിച്ചത്. പത്ത് മുതല്‍ അമ്പത് കിടക്കകളുള്ള 300 ആയുര്‍വേദ ആശുപത്രികളാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. ആയുര്‍വേദ ഗവേഷണങ്ങള്‍ക്കായി ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങാനായി കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്. ഔഷധ സസ്യങ്ങളുടെ ഇംഗ്ലീഷ് പേരുകള്‍ക്ക് പ്രചാരണം നല്‍കിയാല്‍ അവയുടെ ലഭ്യത ഉറപ്പാക്കാനാവുമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ്, ടെലിമെഡിസിന്‍ പോലുള്ള ആധുനിക സമ്പ്രദായങ്ങള്‍ ആയുര്‍വേദത്തിന്‍റെ ഗവേഷണങ്ങളിലും, തുടര്‍പ്രവര്‍ത്തനങ്ങളിലും ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ജാദവ് പറഞ്ഞു. ആയുര്‍വേദത്തെക്കൂടാതെ, യുനാനി, ഹോമിയോപ്പതി, സിദ്ധ ചികിത്സാരീതികളിലും ഇത് ഉപയോഗപ്പെടുത്തണം. ഇവയുടെ പ്രചാരത്തില്‍ എട്ട് മടങ്ങ് വര്‍ധനയാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ എല്ലാ നഗരങ്ങളിലും ആയുഷ് മരുന്നുകള്‍ മാത്രം ലഭിക്കുന്ന മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കും. ആദ്യ ആയുഷ് ഷോപ്പ് ഒക്ടോബറില്‍ ഡല്‍ഹിയില്‍ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
ആയുഷ് മേഖലയില്‍ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ വിവിധ ഘട്ടത്തിലാണെന്ന് കേന്ദ്ര ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊടേജ പറഞ്ഞു. പുതിയ മരുന്നുകള്‍ വികസിപ്പിച്ചെടുക്കാനുള്ള ആയുഷ് മന്ത്രാലയത്തിന്‍റെ പ്രകൃതി പരീക്ഷ വന്‍ വിജയമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ആയുര്‍വേദം, ഔഷധസസ്യം എന്നീ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സ്കൂളുകള്‍ കേന്ദ്രീകരിച്ച് 8000 ക്യാമ്പുകള്‍ സംഘടിപ്പിച്ചുവെന്ന് ഉത്തരാഖണ്ഡ് ആയുഷ് സെക്രട്ടറി അവിനാഥ് രാമന്‍ പറഞ്ഞു. ഉത്തരാഖണ്ഡില്‍ 300 ആയുഷ് കേന്ദ്രങ്ങളുണ്ട്. ആയുര്‍വേദത്തെ കൂടുതല്‍ ഉയരത്തിലത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ലോകത്തെ ചികിത്സാരംഗത്തെ പൊതുധാരയില്‍ സജീവമാകും വിധം ആയുര്‍വേദം മുന്നേറ്റം നടത്തിയിട്ടുണ്ടെന്ന് ലോക ആരോഗ്യ കോണ്‍ഗ്രസ് സംഘാടക സമിതി ചെയര്‍മാന്‍ ഡോ. പി എം വാര്യര്‍ ചൂണ്ടിക്കാട്ടി.1 50 ഓളം ശാസ്ത്ര സെഷനുകള്‍, ഗുരു-ശിഷ്യ സമാഗമം, ഔഷധസസ്യങ്ങളെക്കുറിച്ചുള്ള സെഷന്‍. ആരോഗ്യമന്ത്രിമാരുടെ സമ്മേളനം, രാജ്യാന്തരതലത്തിലുള്ള വിദഗ്ധരുടെ പ്രത്യേക ക്ലാസുകള്‍, നിക്ഷേപക സംഗമം തുടങ്ങിയവയും ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ നടക്കും.
ആതിഥേയരായ ഉത്തരാഖണ്ഡിനെ കൂടാതെ ഗുജറാത്ത്, ഗോവ, മധ്യപ്രദേശ്, കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും സമ്മേളനത്തിന്‍റെ പങ്കാളികളാണ്. ഇതിനു പുറമേ രാജ്യത്തെ പ്രമുഖ ആയുര്‍വേദ സര്‍വകലാശാലകളും ലോക ആയുര്‍വേദ കോണ്‍ഗ്രസിനോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
രാജ്യത്തിനകത്തും പുറത്തുമുള്ള ആയുര്‍വേദ സ്ഥാപനങ്ങളുടെ പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയ ആയുര്‍ എക്സ്പോയും കോണ്‍ഗ്രസില്‍ ഉണ്ടാകും. 350 ലധികം ഉള്ള സ്റ്റാളുകളില്‍ ഒന്നരലക്ഷത്തോളം സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
Photo Gallery
