ഇന്ത്യ ആയുര്‍വേദ ആവാസവ്യവസ്ഥയുടെ ഡിജിറ്റലൈസേഷന്‍ വര്‍ദ്ധിപ്പിക്കും: ആയുഷ് മന്ത്രാലയ സെക്രട്ടറി രാജേഷ് കൊടേജ
ഡെറാഡൂണില്‍ ലോക ആയുര്‍വേദ കോണ്‍ഗ്രസിലെ ആദ്യ സെഷനില്‍ അധ്യക്ഷനായി
Dehradun / December 12, 2024
ഡെറാഡൂണ്‍: ആയുര്‍വേദ ആവാസവ്യവസ്ഥയുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ രാജ്യം മികച്ച പാതയിലാണെന്ന് ആയുഷ് സെക്രട്ടറി രാജേഷ് കൊടേജ. 2030 ഓടെ ആരോഗ്യത്തിലും സമ്പത്തിലും തുല്യത എന്ന ലക്ഷ്യം കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ സുസ്ഥിര വികസന അജണ്ടയെന്നും ഡെറാഡൂണില്‍ ആരംഭിച്ച പത്താമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന്റെ ആദ്യ സെഷനില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. വിജ്ഞാന്‍ ഭാരതിക്ക് കീഴിലുള്ള ലോക ആയുര്‍വേദ ഫൗണ്ടേഷനാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഇന്ത്യയ്ക്ക് മികച്ച ഡിജിറ്റല്‍ ആവാസവ്യവസ്ഥയാണുള്ളതെന്നും രാജ്യത്തെ ഡിജിറ്റലൈസേഷന്റെ പ്രാഥമിക ലക്ഷ്യം ആരോഗ്യത്തിലും സമ്പത്തിലുമുള്ള തുല്യതയാണെന്നും 'ഫ്യൂച്ചര്‍ റെഡി ആയുര്‍വേദ: ഡിജിറ്റല്‍ ഹെല്‍ത്ത് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്' എന്ന സെഷനില്‍ രാജേഷ് കൊടേജ പറഞ്ഞു. ഇന്ത്യ ആയുര്‍വേദ ആവാസവ്യവസ്ഥയുടെ ഡിജിറ്റലൈസേഷന്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുതാര്യത, പ്രവര്‍ത്തനക്ഷമത, സ്വകാര്യത, പ്രവേശനക്ഷമത തുടങ്ങിയവയിലൂന്നി ആരോഗ്യപരിരക്ഷാ പരിഹാരങ്ങളുടെ ധാര്‍മ്മികവും സുരക്ഷിതവും നീതിയുക്തവുമായ വിതരണത്തിനാണ് 2030 ലെ സുസ്ഥിര വികസന അജണ്ട മുന്‍ഗണന നല്‍കുന്നത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായുള്ള ആയുര്‍വേദ നവോത്ഥാനത്തിന്റെ വളര്‍ച്ച കൂടുതല്‍ ത്വരിതപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ സംരംഭങ്ങളുടെ പുരോഗതി അദ്ദേഹം വിവരിച്ചു. പരമ്പരാഗത വൈദ്യന്‍മാര്‍, ആയുര്‍വേദ ഡോക്ടര്‍മാര്‍, അക്കാദമിഷ്യന്‍മാര്‍, മരുന്ന് നിര്‍മ്മാതാക്കള്‍, സര്‍ക്കാരിതര സംഘടനകള്‍ തുടങ്ങിയവരുള്‍പ്പെടെയുള്ള ആയുര്‍വേദ പങ്കാളികളെ ഉള്‍ക്കൊള്ളുന്ന ശക്തമായ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആണ് ഡിജിറ്റല്‍ ഇന്ത്യ സംരംഭങ്ങളിലൂടെ വികസിപ്പിക്കുന്നത്. ആയുര്‍വേദത്തിന്റെ പരമ്പരാഗത അറിവുകള്‍ കൂടുതല്‍ ആധികാരികവും വിഷയാധിഷ്ഠിതവുമായ തലത്തിലേക്ക് മാറുന്നതിനെ പിന്തുണയ്ക്കുന്ന ഡിജിറ്റല്‍ സംയോജിത ആവാസവ്യവസ്ഥ കൊണ്ടുവരികയാണ് ഇതിന്റെ ലക്ഷ്യം.
ആയുഷ് സമ്പ്രദായങ്ങളെ മുഖ്യധാരാ ആരോഗ്യ പരിരക്ഷാ സംവിധാനവുമായി വിന്യസിച്ചുകൊണ്ടുള്ള സാങ്കേതിക പ്രയോഗങ്ങളും രോഗാവസ്ഥ കോഡുകളെയും കുറിച്ചുള്ള വിവരങ്ങള്‍ നമസ്തേ (നാഷണല്‍ ആയുഷ് മോര്‍ബിഡിറ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ടെര്‍മിനോളജിസ് ഇലക്ട്രോണിക്) പോര്‍ട്ടലിലുണ്ട്. ജോലി ഇടവേളകളില്‍ ചെയ്യാവുന്ന യോഗാസനങ്ങള്‍, ശ്വസനരീതികള്‍, ധ്യാനം എന്നിവയിലൂടെ ജീവനക്കാരുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത വൈ-ബ്രേക്ക് സംരംഭത്തെക്കുറിച്ചും രാജേഷ് കൊടേജ പരാമര്‍ശിച്ചു. ഈ സംരംഭത്തിന് ഇതിനകം ഒരു ദശലക്ഷത്തിലധികം ജീവനക്കാരെ ആകര്‍ഷിക്കാനായി. ആയുര്‍വേദ ഗവേഷണ പ്രബന്ധങ്ങള്‍ ഉള്‍പ്പെടെ 43,000-ലധികം പ്രസിദ്ധീകരണങ്ങള്‍ ആയുര്‍ റിസര്‍ച്ച് പോര്‍ട്ടലില്‍ ലഭ്യമാണ്. മരുന്നുകള്‍ കണ്ടെത്തുന്നതിനും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള മരുന്ന് വിതരണത്തിനും ആയുഷ് മേഖലയിലെ ഗവേഷണ-വികസന ശ്രമങ്ങളെ സഹായിക്കുന്നതിനും ഈ പോര്‍ട്ടല്‍ പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഗനിര്‍ണയത്തിലും ഇടപെടലുകളിലും എഐയ്ക്ക് പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ഡീപ്-ടെക് കമ്പനിയായ ആയുര്‍.എഐയുടെ സ്ഥാപകനും സിഇഒയുമായ ബാല പെസല പറഞ്ഞു. രോഗങ്ങളുടെ മൂലകാരണങ്ങള്‍ മനസ്സിലാക്കാനും രോഗനിര്‍ണയത്തിലും ചികിത്സയിലും മെഷീന്‍ ലേണിംഗ്, ഡീപ് ലേണിംഗ് അല്‍ഗോരിതങ്ങള്‍ എന്നിവ പ്രയോഗിക്കാനും ഡോക്ടര്‍മാരെ സഹായിക്കാന്‍ എഐക്ക് കഴിയും. എന്നാല്‍ എഐ ഡോക്ടര്‍മാര്‍ക്കുള്ള പകരക്കാരന്‍ അല്ലെന്നും രോഗനിര്‍ണയം നടത്താനും ചികിത്സയിലും സഹായിക്കുന്ന ഉപകരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയുര്‍.എഐ വികസിപ്പിച്ചെടുത്ത നൂതനമായ രണ്ട് ആപ്പുകളും സെഷനില്‍ ബാല പസാല പരിചയപ്പെടുത്തി.
പ്രമുഖ ആയുര്‍വേദ കണ്‍സള്‍ട്ടന്റ് ഡോ. പ്രീതി ഛബ്ര സെഷനില്‍ മോഡറേറ്ററായി.
Photo Gallery
