കായംകുളം സര്‍ക്കാരാശുപത്രിയ്ക്ക് കേരള ഫീഡ്സിന്‍റെ ആംബുലന്‍സും മെഡിക്കല്‍ ഉപകരണങ്ങളും മന്ത്രി ജെ ചിഞ്ചുറാണി സമര്‍പ്പിച്ചു

കായംകുളം സര്‍ക്കാരാശുപത്രിയ്ക്ക് കേരള ഫീഡ്സിന്‍റെ ആംബുലന്‍സും മെഡിക്കല്‍ ഉപകരണങ്ങളും മന്ത്രി ജെ ചിഞ്ചുറാണി സമര്‍പ്പിച്ചു
kayamkulam / July 9, 2022

കായംകുളം: ആശുപത്രികളുടെ നിലവാരം ഉയര്‍ത്തുന്നതിലൂടെ ജനങ്ങളുടെ ജീവിത നിലവാരമാണ് ഉയരുന്നതെന്ന് സംസ്ഥാന മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കേരള ഫീഡ്സിന്‍റെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി കായംകുളം താലൂക്കാശുപത്രിയ്ക്ക് അനുവദിച്ച ബഗ്ഗി ആംബുലന്‍സിന്‍റെയും ഇഎന്‍ടി മെഡിക്കല്‍ ഉപകരണങ്ങളുടെയും കൈമാറ്റം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 7.90 ലക്ഷത്തിന്‍റെ ഉപകരണങ്ങളാണ് കേരള ഫീഡ്സ് നല്‍കിയത്.

സാധാരണക്കാര്‍ക്ക് ഏറ്റവും മികച്ച ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ സര്‍ക്കാരാശുപത്രികള്‍ക്ക് സ്വകാര്യമേഖലയുമായി കിടപിടിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികളില്‍ നിന്ന് തന്നെ ആവശ്യപ്പെട്ട ഉപകരണങ്ങളാണ് കേരള ഫീഡ്സ് വാങ്ങി നല്‍കുന്നത്. അതു വഴി ഇത്തരം ഉപകരണങ്ങളുടെ ഗുണഫലം നേരിട്ട് സാധാരണക്കാരിലേക്കെത്തും. സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ ഇത്തരത്തിലുള്ള ഉദ്യമങ്ങള്‍ കാരണമാകുമെന്നും മന്ത്രി പറഞ്ഞു.

അടിയന്തര ആവശ്യം പരിഗണിച്ച് കായംകുളം ആശുപത്രിയ്ക്ക് തന്നെ ബഗ്ഗി ആംബുലന്‍സ് അനുവദിച്ചതില്‍ ഏറെ നന്ദിയുണ്ടെന്ന് എം എല്‍ എ അഡ്വ. യു പ്രതിഭ പറഞ്ഞു. മൃഗസംരക്ഷണ-ക്ഷീരവികസന മേഖലയില്‍ കായംകുളം മണ്ഡലത്തില്‍ മന്ത്രി കാണിക്കുന്ന പ്രത്യേക താത്പര്യവും യു പ്രതിഭ എടുത്തു പറഞ്ഞു.

2021-22 ല്‍ 577 കോടി മൊത്ത വരുമാനമാണ് കേരള ഫീഡ്സ് ഉണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടവതരിപ്പിച്ച് കെഎഫ്എല്‍ എംഡി ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം  3 കോടി 91 ലക്ഷം ലാഭം ഉണ്ടാക്കി. ഇതില്‍ നിന്നുള്ള നിശ്ചിത തുകയാണ് സാമൂഹ്യപ്രതിബദ്ധതാ ഫണ്ടിലേക്ക് മാറ്റിവയ്ക്കുന്നത്. ഇത് ചെലവഴിക്കാന്‍ കൊല്ലം, ആലപ്പുഴ, തൃശൂര്‍ എന്നീ ജില്ലകളെയാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കായംകുളം നഗരസഭാധ്യക്ഷ പി ശശികല സ്വാഗതവും താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. മനോജ് എല്‍ നന്ദിയും രേഖപ്പെടുത്തി.

കായംകുളം നഗരസഭ ഉപാധ്യക്ഷന്‍ ജെ ആദര്‍ശ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ഫര്‍സാന ഹബീബ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ മായ രാധാകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ എസ് കേശുനാഥ്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ പി എസ് സുള്‍ഫിക്കര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

നേരത്തെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് കടയ്ക്കല്‍ സര്‍ക്കാരാശുപത്രിയില്‍ 5.2 ലക്ഷം രൂപയുടെ ഉപകരണങ്ങളും ഇരിങ്ങാലക്കുട സര്‍ക്കാരാശുപത്രിയ്ക്ക് ബഗ്ഗി ആംബുലന്‍സും കേരള ഫീഡ്സ് നല്‍കിയിരുന്നു. 

Photo Gallery

+
Content
+
Content
+
Content
+
Content
+
Content
+
Content