പാലക്കാട് ഗവ. പോളിടെക്നിക്കില്‍ ജെന്‍ റോബോട്ടിക്സിന്‍റെ കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്

മന്ത്രി ഡോ. ആര്‍. ബിന്ദുവിന്‍റെ സാന്നിധ്യത്തില്‍ ധാരണാപത്രം കൈമാറി
Trivandrum / December 11, 2024

തിരുവനന്തപുരം: റോബോട്ടിക്സ്, എഐ മേഖലയിലെ മുന്‍നിര കമ്പനിയായ ജെന്‍ റോബോട്ടിക്സ് നൈപുണ്യ വികസനവും പ്രാദേശിക സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്ന കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി പാലക്കാട് ഗവ. പോളിടെക്നിക് കോളേജുമായി ധാരണാപത്രം ഒപ്പുവച്ചു. സംരംഭക മേഖലയിലേക്ക് പ്രൊഫഷണലുകളെ സൃഷ്ടിക്കുകയാണ് പങ്കാളിത്തത്തിന്‍റെ ലക്ഷ്യം.

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇന്‍ഡസ്ട്രി-അക്കാദമിയ-ഗവണ്‍മെന്‍റ് കോണ്‍ക്ലേവ് 'ഉദ്യമ 1.0' യില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്‍റെ സാന്നിധ്യത്തില്‍ ധാരണാപത്രം കൈമാറി.

മാനുവല്‍ സ്കാവഞ്ചിംഗിന് പകരം ഓട്ടോമേറ്റഡ് സൊല്യൂഷനുകള്‍ ഉപയോഗിച്ച് നഗര ശുചീകരണത്തെ പരിവര്‍ത്തനം ചെയ്യുന്ന ബാന്‍ഡികൂട്ട് റോബോട്ടുകള്‍ ഉള്‍പ്പെടെയുള്ള ജെന്‍ റോബോട്ടിക്സിന്‍റെ അത്യാധുനിക സാങ്കേതികവിദ്യകളുടെ നിര്‍മ്മാണത്തില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. നവീകരണത്തിനുള്ള കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാര്‍ക്ക് വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, സംരംഭകര്‍ എന്നിവര്‍ക്ക് സഹകരണത്തിനും വളര്‍ച്ചയ്ക്കും അവസരമൊരുക്കും.

ഒരു അക്കാദമിക് സ്ഥാപനത്തിനുള്ളില്‍ ഈ സൗകര്യം സ്ഥാപിക്കുന്നതിലൂടെ ഉദ്യമ 1.0 ന്‍റെ ലക്ഷ്യങ്ങളുമായി ഈ പങ്കാളിത്തം ഒത്തുചേരും. അക്കാദമിക-വ്യവസായ വിടവ് നികത്തുന്നതിലും സുപ്രധാനമാണ് ഈ സഹകരണം. ഈ വര്‍ഷം ആദ്യം ജെന്‍ റോബോട്ടിക്സിന്‍റെ ആദ്യത്തെ കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് മൂവാറ്റുപുഴയിലെ ഇലാഹിയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ ആരംഭിച്ചു.

വി.കെ. പ്രശാന്ത് എം.എല്‍.എ, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയ്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. ചന്ദ്രദത്തന്‍, കൊളീജിയറ്റ് എജ്യുക്കേഷന്‍ ഡയറക്ടര്‍ സുധീര്‍ കെ, ടിസിഎസ് കേരള വൈസ് പ്രസിഡന്‍റും ഡെലിവറി സെന്‍റര്‍ മേധാവിയുമായ ദിനേശ് പി തമ്പി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും ഉദ്യമ 1.0 യുടെ കോര്‍ഡിനേറ്ററുമായ  ഡോ. ഷാലിജ് പി.ആര്‍, ഉദ്യമ 1.0 കോ-ഓര്‍ഡിനേറ്റര്‍ ഡോ.ആശാലത ആര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്കാവെഞ്ചറായ ബാന്‍ഡികൂട്ട് വികസിപ്പിച്ചെടുത്ത ജെന്‍ റോബോട്ടിക്സ് നഗര ശുചിത്വ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മുന്‍പന്തിയിലാണ്. അവരുടെ റോബോട്ടിക് സാങ്കേതിക പരിഹാരങ്ങളിലൂടെ അപകടകരമായ മാനുവല്‍ സ്കാവഞ്ചിംഗ് ഒഴിവാക്കി ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ സുരക്ഷിതത്വവും ജീവിത നിലവാരവും ഉറപ്പാക്കുന്നു.

ബിഐആര്‍എസി ഇന്നൊവേഷന്‍ വിത്ത് ഹൈ സോഷ്യല്‍ ഇംപാക്ട് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ശ്രദ്ധേയമായ ബഹുമതികള്‍ ജെന്‍ റോബോട്ടിക്സ് നേടിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണം, പുനരുപയോഗ ഊര്‍ജ്ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയുടെ സാങ്കേതിക പരിവര്‍ത്തനത്തിലെ പ്രധാന കണ്ണിയായി ജെന്‍ റോബോട്ടിക്സ് ഉയര്‍ന്നുവന്നിട്ടുണ്ട്.

Photo Gallery

+
Content