ശബരിമല തീര്‍ഥാടകര്‍ക്കായി ബഹുഭാഷാ മൈക്രോസൈറ്റുമായി കേരള ടൂറിസം

തീര്‍ഥാടന വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും: മന്ത്രി റിയാസ്
Trivandrum / December 11, 2024

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന തീര്‍ഥാടന കേന്ദ്രമായ ശബരിമലയെ കുറിച്ചുള്ള പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയ ബഹുഭാഷാ മൈക്രോസൈറ്റുമായി (https://www.keralatourism.org/sabarimala/) ടൂറിസം വകുപ്പ്.

 വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സഹായകമാകും വിധം അഞ്ചു ഭാഷകളില്‍ തയ്യാറാക്കിയ മൈക്രോസൈറ്റും ഇംഗ്ലീഷ് ഇ-ബ്രോഷറും ഹ്രസ്വചിത്രവും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ഉള്ളടക്കമുള്ളത്.

തീര്‍ഥാടന വിനോദ സഞ്ചാരത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ഇതിന്‍റെ ഭാഗമായി കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല മൈക്രോസൈറ്റ് കേരളത്തിന്‍റെ ആകെ പ്രതീകമാണ്. കേരളത്തിന്‍റെ സംസ്കാരവും പൈതൃകവും അറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് മുതല്‍ക്കൂട്ടാകും.

തീര്‍ഥാടനം, ഗതാഗത, താമസ സൗകര്യങ്ങള്‍ തുടങ്ങി ശബരിമല തീര്‍ഥാടകര്‍ക്ക് സഹായകമാകുന്ന വിവരങ്ങളെല്ലാം മൈക്രോസൈറ്റിലുണ്ട്. സമഗ്രമായ ഉള്ളടക്കത്തിനൊപ്പം തീര്‍ഥാടകര്‍ക്ക് യാത്രാപദ്ധതി കൃത്യമായി ആസൂത്രണം ചെയ്യാനും മൈക്രോസൈറ്റ് സഹായിക്കും. പ്രതിവര്‍ഷം ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്ന ശബരിമല തീര്‍ഥാടനം തടസ്സരഹിതവും സുഖപ്രദവുമായ അനുഭവമാക്കി മാറ്റാന്‍ ഇതുവഴി സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ ചടങ്ങിന് സ്വാഗതവും ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാര്‍ നന്ദിയും പറഞ്ഞു.


ശബരിമലയുടെ പ്രധാന വിവരങ്ങള്‍ അടങ്ങുന്ന ഹ്രസ്വചിത്രവും ഫോട്ടോ ഗാലറിയും അധികൃതരെ ബന്ധപ്പെടാനുള്ള നമ്പറുകളും മൈക്രോസൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമ്പന്നമായ ഉള്ളടക്കമുള്ള ഇ-ബ്രോഷര്‍ തീര്‍ഥാടകര്‍ക്കുള്ള സമഗ്രവും വിശദവുമായ വെര്‍ച്വല്‍ യാത്രാ ഗൈഡാണ്. ഇതില്‍ ശബരിമലയുടെ ചരിത്രവും പ്രാധാന്യവും ചടങ്ങുകളുമെല്ലാം വിശദമാക്കുന്നു. ഇ-ബ്രോഷര്‍ ആയതിനാല്‍ ഇത് സ്മാര്‍ട്ട് ഫോണ്‍ വഴി മറ്റുള്ളവര്‍ക്ക് അയക്കാനും യാത്രക്കിടയില്‍ വിവരങ്ങള്‍ സൗകര്യപൂര്‍വ്വം നോക്കാനുമാകും.

ശബരിമല ദര്‍ശനത്തിനു ശേഷം സന്ദര്‍ശിക്കേണ്ട മറ്റു ക്ഷേത്രങ്ങളെയും പുണ്യസ്ഥലങ്ങളെയും കുറിച്ചുള്ള യാത്രാമാര്‍ഗങ്ങളും കേരള ടൂറിസം വെബ്സൈറ്റിലൂടെയും യൂട്യൂബ് ചാനലിലൂടെയും ലഭിക്കും. ഓരോ ആരാധനാലയത്തിലേക്കുമുള്ള റൂട്ടുകള്‍, ഗതാഗത സൗകര്യം, ആരാധനാലയങ്ങള്‍ക്കു സമീപമുള്ള താമസസൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ഭക്തര്‍ക്ക് സമഗ്രവും ആകര്‍ഷകവുമായ തീര്‍ഥാടനം ഉറപ്പാക്കും.

ശബരിമല ദര്‍ശനത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍, ഭൂമിശാസ്ത്രപരമായ വിശദാംശങ്ങള്‍, സാംസ്കാരിക സ്ഥിതിവിവരക്കണക്കുകള്‍, ക്ഷേത്രവുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകള്‍ എന്നിവ മൈക്രോസൈറ്റില്‍ ഉള്‍ക്കൊള്ളുന്നു. 

Photo Gallery

+
Content
+
Content