മാജിക്കിന്‍റെ മായക്കാഴ്ചയൊരുക്കി മജീഷ്യന്‍ മുതുകാടിന്‍റെ ഭാരതപര്യടനത്തിന് ഡല്‍ഹിയില്‍ സമാപനമായി

New Delhi / December 4, 2024

ന്യൂഡല്‍ഹി: ഏവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യ എന്ന പ്രമേയവുമായി രണ്ട് മാസം നീണ്ടു നിന്ന മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്‍റെ ഭാരതപര്യടനത്തിന് ന്യൂഡല്‍ഹിയില്‍ സമാപനമായി. അദ്ദേഹത്തിന്‍റെ ഡിഫറന്‍റ് ആര്‍ട്ട് സെന്‍റര്‍(ഡിഎസി) പരിശീലിപ്പിച്ച ഭിന്നശേഷിക്കാരുടെ, സംഗീതപരിപാടി എന്നിവയുടെ മാസ്മരിക പ്രകടനമാണ് സമാപന പരിപാടിയോടനുബന്ധിച്ച് നടന്നത്.


പരിപാടിയില്‍ അതിഥിയായെത്തിയ സുപ്രീംകോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫിനെ വേദിയിലേക്ക് ആനിയിച്ചാണ് മജീഷ്യന്‍ മുതുകാട് തന്‍റെ പരിപാടി ആരംഭിച്ചത്. സദസ്സിലെ ചെറുപ്പക്കാരന്‍റെ വാച്ച് ഒരു പെട്ടിയിലിടുകയും അത് ജസ്റ്റീസ് കുര്യന്‍ ജോസഫിന്‍റ പക്കലുള്ള പെട്ടിയില്‍ നിന്ന് കണ്ടെടുക്കുയും ചെയ്തത് സദസിനെ വിസ്മയത്തിലാക്കി.


ഡല്‍ഹിയിലെ അംബേദ്കര്‍ സെന്‍ററില്‍ നടന്ന പരിപാടിയില്‍ കേന്ദ്രമന്ത്രി രാംദാസ് അഠ്വാലെ മുഖ്യാതിഥിയിയാരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാമൂഹമെന്ന മാറ്റത്തിന്‍റെ സന്ദേശം മാജിക്കിലൂടെ എന്ന പ്രമേയവുമായാണ് മജീഷ്യന്‍ മുതുകാട് ഭാരതപര്യടനം നടത്തിയത്.
ലോക സെറിബ്രല്‍ പാള്‍സി ദിനമായ ഒക്ടോബര്‍ ആറിന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ യാത്ര ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്നിന് ഡല്‍ഹിയില്‍ അവസാനിച്ചു.
സെറിബ്രല്‍ പാള്‍സിയുടെ വിഷമതകള്‍ അനുഭവിക്കുന്ന ആര്‍ വിഷ്ണുവിന്‍റെ മാജിക് ട്രിക്ക് ഏവരെയും അത്ഭുതപ്പെടുത്തി. ചവിട്ടി നിന്നിരുന്ന പെട്ടി അപ്രത്യക്ഷമാക്കി പെണ്‍കുട്ടിയെ വായുവില്‍ നിറുത്തിയാണ് വിഷ്ണു ഇന്ദ്രജാലം കാട്ടിയത്.


ജസ്റ്റിസ് കുര്യന്‍ ജോസഫിനെ ഉള്‍പ്പെടുത്തി കാണിച്ച മാജിക്കിലെ വാച്ച് എന്ന ഇംഗ്ലീഷ് വാക്കിന്‍റെ ഓരോ അക്ഷരങ്ങളുടെയും പൂര്‍ണരൂപം പറഞ്ഞു കൊണ്ടാണ് മുതുകാട് ഡിഎസിയുടെ പതാക സാമൂഹ്യക്ഷേമവകുപ്പിന്‍റ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രിക്ക് കൈമാറിയത്. വേര്‍ഡ്സ്, ആക്ഷന്‍, തോട്സ്, കോളാബറേഷന്‍, ഹ്യമന്‍നെസ് എന്നിവ യഥാര്‍ത്ഥ ജീവിതത്തില്‍ പകര്‍ത്തിയാല്‍ ഏവരെയും ഉള്‍ക്കൊള്ളുന്ന സമൂഹമാവാന്‍ നമ്മുക്ക് കഴിയുമെന്ന് മജീഷ്യന്‍ മുതുകാട് പറഞ്ഞു.
ഡോ ശശി തരൂരടക്കം നിരവധി എംപിമാര്‍ പരിപാടിയില്‍ പങ്കെടുത്തു. സാമൂഹ്യനീതി-അംഗപരിമിത ശാക്തീകരണ വകുപ്പ് സെക്രട്ടറി രാജേഷ് അഗര്‍വാള്‍ അടുത്ത കൊല്ലം 100 ചെറുനഗരങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള യാത്രയും പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര സഭയുടെ ഇന്ത്യ റസിഡന്‍റ് കോ-ഓര്‍ഡിനേറ്റര്‍ ഷോംബി ഷാര്‍പും പരിപാടിയില്‍ സന്നിഹിതനായിരുന്നു.


മൈന്‍ഡ് റീഡിംഗ്, ടൈം ട്രാവല്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍, എന്നിവയടക്കം പന്ത്രണ്ടോളം കണ്‍കെട്ട് വിദ്യകളാണ് മജീഷ്യന്‍ മുതുകാട് അവതരിപ്പിച്ചത്. സ്നേഹത്തോടെയുള്ള സദസ്സിന്‍റെ നോട്ടം ഗ്ലാസ് ക്യൂബിനകത്തെ പുഷ്പത്തെ സ്വതന്ത്രമാക്കിയത് അവിശ്വസനീയമായി. അതു പോലെ ഒന്നരവര്‍ഷം മുമ്പത്തെ പത്രം അവിടെ കിടന്നിരുന്നു. അതില്‍ അപ്പോള്‍ സമാപിച്ച ഭാരതപര്യടന മാജിക്ക് പരിപാടിയുടെ  വാര്‍ത്തയുണ്ടായതും നിരവധി പേരെ വിസ്മയഭരിതരാക്കി. പരിപാടിയുടെ അവസാനം അമിതാബ് ബച്ചന്‍ ഉള്‍പ്പെടുന്ന ജനഗണമനയുടെ ആംഗ്യഭാഷാ ആവിഷ്കാരം അവതരിപ്പിച്ചതും ശ്രദ്ധേയമായി.
ഭിന്നശേഷി പ്രശ്നങ്ങള്‍ മറികടന്നും ഡിഎസിയിലെ അംഗങ്ങള്‍ സംഗീതോപകരണങ്ങള്‍ വായിച്ചത് ഹൃദ്യമായി. രുക്സാന അന്‍വര്‍ വയലിന്‍ വായിച്ചപ്പോള്‍ ക്രിസ്റ്റീന്‍ റോസ് കീബോര്‍ഡും ഹരി ഗോവിന്ദ് തബലയും വായിച്ചു. ആദിത്യ സുരേഷിന്‍റെ ബോളിവുഡ് ഹിറ്റ് ഗാനം കൂടിയായതോടെ സംഗതി ഗംഭീരമായി. ഈ കുട്ടികള്‍ പുഷ്പങ്ങളെപ്പോലെയാണെന്നും മനസിലുള്ള വീക്ഷണം മാറ്റി ഇവരെയും തുറന്ന മനസോടെ സ്വീകരിക്കണമെന്ന് മുതുകാട് പറഞ്ഞു.
മലയാളികളെ സംബന്ധിച്ച് ആമുഖം വേണ്ടാത്ത വ്യക്തിയാണ് മജീഷ്യന്‍ മുതുകാട്. നിലമ്പൂരില്‍ ജനിച്ച് തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ അദ്ദേഹം മാജിക്കിന്‍റെ മാസ്മരികത കേരളത്തിന് പരിചയപ്പെടുത്തിയതില്‍ പ്രധാന പങ്ക് വഹിച്ചു. 2011 ല്‍ ഇന്‍റര്‍നാഷണല്‍ മജീഷ്യന്‍ സൊസൈറ്റിയുടെ മെര്‍ലിന്‍ പുരസ്ക്കാരവും അദ്ദേഹത്തെ തേടിയെത്തി. ഹൗഡിനി ആക്ട് എന്ന രക്ഷപ്പെടല്‍ മാജിക് 1904 ന് ശേഷം ലോകത്ത് ആദ്യമായി ചെയ്ത മജീഷ്യന്‍(1995) എന്ന ഖ്യാതിയും മുതുകാടിന് സ്വന്തമാണ്. കേരളസംഗീത നാടക അക്കാദമി പുരസ്ക്കാരം(1995) അടക്കം പന്ത്രണ്ടോളം പുരസ്ക്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഇതിനു പുറമെ പത്തോളം പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഗോപിനാഥ് മുതുകാട്.


ഡിഎസി വഴി ഭിന്നശേഷിയുള്ളവരെ മാജിക്കിലൂടെ പൊതുധാരയിലേക്ക് കൊണ്ടു വരാനും പലരെയും മാജിക് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ മാജിക്ക് പഠിച്ചവരുടെ മാജിക് ഷോ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
നേരത്തെ വിസ്മയ ഭാരത് യാത്ര(2002). ഗാന്ധിമന്ത്ര(2005), വിസ്മയ് സ്വരാജ് യാത്ര(2007), മിഷന്‍ ഇന്ത്യ (2010) എന്നീ യാത്രകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കേരളശ്രീ പുരസ്ക്കാരജേതാവ് കൂടിയാണ് അദ്ദേഹം. 

 

Photo Gallery

+
Content
+
Content
+
Content
+
Content
+
Content
+
Content