കൊല്ലം ടെക്നോപാര്‍ക്കിലെ ഓറിയന്‍റ് സിഡിഎസിന്‍റെ സാങ്കേതികവിദ്യ ആഗോള എസ്എപി സ്റ്റോറില്‍

'ഷെയര്‍ലോഗ്' വേഗവും ചെലവ് കുറഞ്ഞതുമായ ഓഡിറ്റിംഗ് പ്രകിയ
Kollam / December 5, 2024

കൊല്ലം: കൊല്ലം ടെക്നോപാര്‍ക്ക് (ടെക്നോപാര്‍ക്ക് ഫേസ്-5) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ കമ്പനിയായ ഓറിയന്‍റ് സിഡിഎസ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച 'ഷെയര്‍ലോഗ്' ജര്‍മ്മനി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എസ്എപി സ്റ്റോറില്‍ പ്രവര്‍ത്തനം തുടങ്ങി. എസ്എപി ക്കും മറ്റ് സുപ്രധാന സേവനങ്ങള്‍ക്കുമായാണ് ഈ ആഗോള ഓണ്‍ലൈന്‍ വിപണന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

സെക്യൂരിറ്റി ഓഡിറ്റ് ലോഗ് റിപ്പോര്‍ട്ടിംഗ് പ്രക്രിയകള്‍ കൂടുതല്‍ ലളിതവും കാര്യക്ഷമവുമാക്കാം എന്നതാണ് ഇതിന്‍റെ നേട്ടം. ഡാറ്റ പ്രോസസ്സിംഗും റിപ്പോര്‍ട്ടിംഗും ഇത് സ്വയം ചെയ്യുന്നു. മാനുഷികമായി സംഭവിക്കാവുന്ന പിശകുകള്‍ കുറയ്ക്കുക വഴി ധാരാളം സമയം ലാഭിക്കാനും സാധിക്കുന്നു.

ഓറിയന്‍റ്  സിഡിഎസിന്‍റെ ഈ സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍ എസ്എപി എസ്/4 ഹാന ക്ലൗഡ് പ്രൈവറ്റ് എഡിഷനും എസ്എപിഇആര്‍പി (എന്‍റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ്) യും ചേര്‍ന്നാണ് സെക്യൂരിറ്റി ഓഡിറ്റ് റിപ്പോര്‍ട്ടിംഗ് സാധ്യമാക്കുന്നത്. ബിസിനസ് പ്രക്രിയകള്‍ നടപ്പാക്കുന്നതിനുള്ള സോഫ്റ്റ് വെയറുകള്‍ നിര്‍മ്മിക്കുന്ന ലോകത്തെ മുന്‍നിരക്കാരില്‍ ഒരാളാണ് എസ്എപി.

ഇതൊരു സുപ്രധാന ഏടാണെന്ന് ഓറിയന്‍റ് സിഡിഎസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ടിറ്റി കോശി പറഞ്ഞു. എസ്എപി സ്റ്റോറില്‍ ഷെയര്‍ലോഗ് അവതരിപ്പിക്കുന്നതും എസ്എപിയുമായുള്ള പങ്കാളിത്തവും കമ്പനിയുടെ നവീകരണത്തെയും ബിസിനസിലെ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള ഇച്ഛാശക്തിയെയും പ്രകടമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നൊവേഷന്‍റെയും സാങ്കേതികവിദ്യയുടെയും കേന്ദ്രമായ കൊല്ലം ടെക്നോപാര്‍ക്കില്‍ നിന്നും എസ്എപി സ്റ്റോര്‍ വഴി ആഗോള തലത്തില്‍ ഷെയര്‍ലോഗ് എത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. പരിധികളില്ലാതെ എസ്എപി സേവനങ്ങള്‍ വിനിയോഗിക്കുന്നതിന് ഇത് ഉപഭോക്താക്കളെ സഹായിക്കും. വെല്ലുവിളികള്‍ മുന്‍കൂട്ടി കണ്ടെത്താനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനും സാധിക്കുന്നതിന് പുറമേ കാര്യക്ഷമതവും എളുപ്പവുമാണ് ഇതിന്‍റെ പ്രവര്‍ത്തനരീതിയെന്നും അദ്ദേഹം പറഞ്ഞു.

എസ്എപി ഓഡിറ്റ് രംഗത്ത് നാഴികക്കല്ലായ ഷെയര്‍ലോഗ് വികസിപ്പിച്ച കൊല്ലം ടെക്നോപാര്‍ക്കില്‍ ഓറിയന്‍റ് സിഡിഎസിന്‍റെ അത്യാധുനിക ഗവേഷണ-വികസന കേന്ദ്രം പ്രവര്‍ത്തിക്കുന്നു. വിപുലമായ സാധ്യതകകള്‍ ഉപയോഗിച്ച് അപാകതകള്‍ കണ്ടെത്താനും എന്‍ക്രിപ്റ്റ് ചെയ്ത ഓഡിറ്റ് ലോഗുകള്‍ സൃഷ്ടിക്കുന്നതിനും അത് ഓഡിറ്റ് ടീമിനെ സഹായിക്കുന്നു. ചെലവ് കുറഞ്ഞതും എളുപ്പത്തില്‍ സ്വതന്ത്രമായി ചെയ്യാനാകുന്നതുമായ പരിഹാരം ഇത് സാധ്യമാക്കുന്നു.

എസ്എപിയില്‍ നിന്നും അതിന്‍റെ മറ്റ് പങ്കാളികളില്‍ നിന്നുമായി 2,300-ലധികം സൊല്യൂഷനുകള്‍ വാങ്ങുന്നതിനും കണ്ടെത്തുന്നതിനും പരീക്ഷിക്കുന്നതിനുമായി തീര്‍ത്തും ലളിതമായ ഡിജിറ്റല്‍ ഉപഭോക്ത്യ അനുഭവം എസ്എപി സ്റ്റോര്‍ നല്‍കുന്നു.

റിയല്‍ എസ്റ്റേറ്റ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഓട്ടോമോട്ടീവ് ആവശ്യതകള്‍ തുടങ്ങിയവയില്‍ ഓഫറുകള്‍ സൃഷ്ടിച്ച് ബിസിനസ് ഫലങ്ങള്‍ നേടുന്നതിന് ഉപഭോക്താക്കളെ സഹായിക്കുന്നതിനായി ഓറിയന്‍റ് സിഡിഎസ്, എസ്എപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

ബിസിനസ് ആവശ്യങ്ങള്‍ക്കനുസൃതമായി ഉയര്‍ന്ന നിലവാരവും വേഗതയും ചെലവ് കുറഞ്ഞതുമായ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന എസ്എപി പാര്‍ട്ണര്‍ എഡ്ജ് പ്രോഗ്രാമിലെ പങ്കാളിയുമാണ് കമ്പനി.

എസ്എപി കണ്‍സള്‍ട്ടന്‍സിക്ക് പുറമേ, ബിസിനസ് നടപടികള്‍ മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി തയ്യാറാക്കിയിരിക്കുന്ന അത്യാധുനിക എസ്എപി അധിഷ്ഠിത ഉത്പന്നങ്ങളുടെ വിതരണവും ഓറിയന്‍റ് സിഡിഎസ് ലക്ഷ്യമിടുന്നു.

Photo Gallery

+
Content