സിബിഎല്‍ സീസണ്‍ 4; കൈനകരിയില്‍ കസറി കാരിച്ചാല്‍

വീയപുരത്തിനെ തോല്‍പ്പിച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്
Alleppey / November 23, 2024

കൈനകരി: കേരള ടൂറിസം സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ കൈനകരിയിലെ രണ്ടാം മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ ഒന്നാമതെത്തി. ഇഞ്ചോടിഞ്ച് മത്സരത്തില്‍ വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടനെയാണ് ഏതാനും തുഴപ്പാടുകള്‍ക്ക് കാരിച്ചാല്‍ തറപറ്റിച്ചത്.

ഹീറ്റ്സ് മത്സരങ്ങളിലെ മികച്ച സമയത്തിന്‍റെ അടിസ്ഥാനത്തില്‍ കാരിച്ചാലിനും വീയപുരത്തിനും പുറമെ യുബിസി കൈനകരി തുഴഞ്ഞ തലവടി ചുണ്ടനാണ് ഫൈനലില്‍ ഉണ്ടായിരുന്നത്. ആദ്യ പകുതിയില്‍ മൂന്ന് വള്ളങ്ങളും ഒപ്പത്തിനൊപ്പം തുഴഞ്ഞടുത്തു. അവസാന പകുതിയുടെ ആദ്യ പാദത്തില്‍ തലവടിയെ പിന്നിലാക്കി കാരിച്ചാല്‍ ലീഡ് കരസ്ഥമാക്കി. അവസാന പാദത്തില്‍ വീയപുരം അവിശ്വസനീയമായ കുതിപ്പിലൂടെ കാരിച്ചാലിനൊപ്പമെത്തി. നെഹ്റു ട്രോഫി ഫൈനലിലെ വാശി ആവര്‍ത്തിച്ച കൈനകരി നെട്ടായത്തില്‍ അവസാന അഞ്ചു മീറ്ററിലാണ് പിബിസിയുടെ കാരിച്ചാല്‍ ഒന്നാമതായി(3:57:51 മിനിറ്റ്) ഫിനിഷ് ചെയ്തത്. 3:58:42 മിനിറ്റില്‍ വീയപുരവും തുഴഞ്ഞെത്തി. യുബിസി കൈനകരി(4:01:63) മൂന്നാമതെത്തി.

നിരണം(നിരണം ബോട്ട് ക്ലബ്) നാല്, നടുഭാഗം(കുമരകം ടൗണ്‍ ബോട്ട് ക്ലബ്) അഞ്ച്, മേല്‍പ്പാടം(കുമരകം ബോട്ട് ക്ലബ്) ആറ്, പായിപ്പാട്(ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്) ഏഴ്, ചമ്പക്കുളം(പുന്നമട ബോട്ട് ക്ലബ്) എട്ട്, ആയാപറമ്പ് വലിയദിവാന്‍ജി (ചങ്ങനാശേരി ബോട്ട് ക്ലബ്) ഒമ്പത് എന്നിങ്ങനെയാണ് കൈനകരിയില്‍ ഫിനിഷ് ചെയ്തത്.

കൃഷി മന്ത്രി പി പ്രസാദ് കൈനകരിയിലെ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലാകളക്ടര്‍ അലക്സ് വര്‍ഗീസ് ഐഎഎസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, സിബിഎല്‍ ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പാണ്ടനാട്-ചെങ്ങന്നൂര്‍ (നവംബര്‍ 30), കരുവാറ്റ (ഡിസംബര്‍ 7), കായംകുളം (ഡിസംബര്‍ 14) ഗ്രാന്‍ഡ് ഫിനാലെ (ഡിസംബര്‍ 21) കൊല്ലം പ്രസിഡന്‍റ് ട്രോഫി എന്നിങ്ങനെയാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍.

ആകെ 3.20 കോടി രൂപയാണ് ആറ് മത്സരങ്ങളിലുമായി നല്‍കുന്ന സമ്മാനത്തുക. ഓരോ ലീഗ് മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ടീമിന് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ വീതം ലഭിക്കും. സിബിഎല്ലിന്‍റെ ആറ് ലീഗ് മത്സരങ്ങളുടെയും പോയിന്‍റുകളുടെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ടീമിന് 25 ലക്ഷവും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവര്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവും ലഭിക്കും.

ഇതിനു പുറമെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും  ഓരോ മത്സരത്തിനും മൂന്ന് ലക്ഷം രൂപ വീതവും ലഭിക്കും. ചുണ്ടന്‍വള്ളം ഉടമകള്‍ക്ക് ഓരോ മത്സരത്തിനും ഒരു ലക്ഷം രൂപ വീതം ബോണസും നല്‍കും.

 

Photo Gallery