കൈസെമി കണ്‍ട്രോള്‍ സിസ്റ്റംസ് ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു
Trivandrum / November 27, 2024
തിരുവനന്തപുരം: സെമി കണ്ടക്ടര്‍ ഉപകരണങ്ങള്‍ക്കായി നൂതന നിയന്ത്രണ സംവിധാനങ്ങള്‍ നല്‍കുന്നതില്‍ മുന്‍നിരയിലുള്ള കൈസെമി കണ്‍ട്രോള്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു. സെമി കണ്ടക്ടര്‍ മേഖലയില്‍ അത്യാധുനിക പരിഹാരങ്ങള്‍ നല്‍കുന്നതിന് കേരളത്തിലെ വളരുന്ന സാങ്കേതിക ആവാസവ്യവസ്ഥയെ പ്രയോജനപ്പെടുത്തുന്നതിന് ഇതിലൂടെ കൈസെമിക്ക് സാധിക്കും. ടെക്നോപാര്‍ക്ക് ഫേസ്- ഒന്നിലെ എസ്ടിപിഐ കെട്ടിടത്തിലാണ് കൈസെമി പ്രവര്‍ത്തിക്കുക.
ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. എസ്ടിപിഐ ഡയറക്ടര്‍ ഗണേഷ് നായക്, ജിടെക് സെക്രട്ടറിയും ടാറ്റ എല്‍ക്സിയുടെ സെന്‍റര്‍ മേധാവിയുമായ ശ്രീകുമാര്‍ വി, കെന്നഡിസ് ഐക്യു സിഇഒ ടോണി ജോസഫ്, കിംഗ്സ്റ്റണ്‍ ബോര്‍ഡ് ഡയറക്ടര്‍ റോങ്മിംഗ് ലിയു, കിംഗ്സ്റ്റോണ്‍ എക്സിക്യൂട്ടീവ് അമന്‍ഡ യിംഗ് മുന്‍നിര ഐടി കമ്പനികളുടെ സിഎക്സഒകള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കൈസെമി മാനേജിംഗ് ഡയറക്ടര്‍ ജെഫ് ബോക്കര്‍, കൈസെമിയുടെ ഡയറക്ടര്‍മാരായ ജേസണ്‍ ഹോങ്, അനു ജോസഫ്, ഫഹദ് സലാം എന്നിവര്‍ സെമി കണ്ടക്ടര്‍ വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കുന്നതില്‍ കമ്പനിയുടെ പങ്കിനെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് പങ്കിട്ടു. അത്യാധുനിക ഓട്ടോമേഷനും നിയന്ത്രണ പരിഹാരങ്ങളും ഉപയോഗിച്ച് സെമി കണ്ടക്ടര്‍ സൗകര്യം ശക്തിപ്പെടുത്തുക, തടസ്സമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുക, മെച്ചപ്പെടുത്തിയ ഉല്‍പ്പാദനക്ഷമത, മികച്ച പ്രകടനം എന്നിവ ഉറപ്പാക്കുക എന്നതാണ് കമ്പനിയുടെ ദൗത്യമെന്ന് അവര്‍ ഊന്നിപ്പറഞ്ഞു.
ടെക്നോപാര്‍ക്കിലെ ലോകോത്തര സൗകര്യങ്ങള്‍ ഹൈടെക് കമ്പനികളെയും സ്റ്റാര്‍ട്ടപ്പുകളെയും കാമ്പസിലേക്ക് ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് കമ്പനി ഉദ്ഘാടനം ചെയ്തുകൊണ്ട് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. ടെക്നോപാര്‍ക്കിന്‍റെ ആവാസവ്യവസ്ഥയെ വ്യത്യസ്തമാക്കുന്നത് വ്യത്യസ്ത വിഭാഗങ്ങളിലുള്ള കമ്പനികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെയും വിഭവങ്ങളുടെയും ലഭ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ കൈസെമിയുടെ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കൈസെമി എംഡി ജെഫ് ബോക്കര്‍ പറഞ്ഞു. ഈ സൗകര്യം നവീകരണത്തിനും മികവിനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയെ കാണിക്കുന്നു. സെമി കണ്ടക്ടര്‍ വ്യവസായത്തില്‍ മുന്‍നിരയിലുള്ള കിംഗ്സ്റ്റോണുമായി സഹകരിച്ചാണ് കൈസെമി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈസെമി ഡയറക്ടര്‍മാരായ അനു ജോസഫ് ചടങ്ങിന് സ്വാഗതവും ഫഹദ് സലാം നന്ദിയും പറഞ്ഞു.
ടെക്നോപാര്‍ക്കില്‍ സൗകര്യം ആരംഭിക്കുന്നതോടെ സാങ്കേതികവിദ്യയുടെയും നൂതനത്വത്തിന്‍റെയും കേന്ദ്രമെന്ന നിലയില്‍ കേരളത്തിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതില്‍ കൈസെമി കണ്‍ട്രോള്‍ സിസ്റ്റംസിന് നിര്‍ണായക പങ്ക് വഹിക്കാനാകും.
Photo Gallery
