ഹഡില്‍ ഗ്ലോബല്‍ 2024: പ്രതിരോധ മേഖലയിലെ സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു
Trivandrum / November 29, 2024
തിരുവനന്തപുരം: പ്രതിരോധ മേഖലയിലെ നവീന ആശയങ്ങളും സഹകരണവും സാധ്യമാക്കുന്നതിന് കേരള ഡിഫന്‍സ് ഇന്നൊവേഷന്‍ സോണ്‍ (കെ-ഡിഐഇസഡ്) ആരംഭിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍) എന്നിവ രണ്ട് സുപ്രധാന ധാരണാപത്രങ്ങള്‍ കൈമാറി. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്, ഐടി, ഇലക്ട്രോണിക്സ് വകുപ്പ് സെക്രട്ടറി രത്തന്‍ യു. ഖേല്‍ക്കര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക, ടിഡിഎഫ്, ഡിആര്‍ഡിഒ അഡീഷണല്‍ ഡയറക്ടര്‍ റാം പ്രകാശ്, ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) എന്നിവര്‍ ധാരണാപത്രം കൈമാറിയത്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഹഡില്‍ ഗ്ലോബലിന്‍റെ ആറാം പതിപ്പില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഇത്.
സതേണ്‍ എയര്‍ കമാന്‍ഡ് കമോഡര്‍ മാത്യു ജോണ്‍, പാങ്ങോട് മിലിറ്ററി സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സലില്‍ എംപി, രോഹിത് കൗര ഗ്രൂപ്പ് ക്യാപ്റ്റന്‍ (റിട്ട), കെല്‍ട്രോണ്‍ എംഡി വൈസ് അഡ്മിറല്‍ ശ്രീകുമാര്‍ നായര്‍, കേരള സ്പേസ് പാര്‍ക്ക് സിഇഒ ജി. ലെവിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സേനയുമായി ബന്ധം ദൃഢമാക്കുന്നതിനും മേഖലയിലെ സംരംഭകരെ ഒരുമിച്ച് കൂട്ടി കേരളത്തില്‍ നിന്നുളള സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്നൊവേറ്റര്‍മാര്‍ക്കും പ്രതിരോധ എയ്റോസ്പേയ്സ് മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും ഇത് വഴിയൊരുക്കുമെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.
ഇന്ത്യന്‍ സായുധസേന സാങ്കേതിക പുരോഗതിയുടെ പ്രാധാന്യം തിരിച്ചറിയുന്നതായും സാങ്കേതികവിദ്യയാണ് ആശയങ്ങളെ നയിക്കുന്നതെന്നും സതേണ്‍ എയര്‍ കമാന്‍ഡ് കമോഡര്‍ മാത്യു ജോണ്‍ പറഞ്ഞു. ആഗോളതലത്തിലുള്ള മുന്നേറ്റത്തിന് അനുയോജ്യമായ സാങ്കേതിക നവീകരണത്തിന് സായുധസേന സജ്ജമാണ്. അതിനുള്ള മികച്ച പ്ലാറ്റ് ഫോമിനായാണ് ഇന്നത്തെ കരാറില്‍ ഒപ്പിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സമീപനം നവീന ആശയങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യയുടെ ഇന്‍കുബേറ്ററായി സൈനീക സേനകള്‍ പ്രവര്‍ത്തിക്കുന്നതായും നിരീക്ഷണം, നാവിഗേഷന്‍, പരിശീലനം, ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി സേനയ്ക്ക് വേണ്ട സേവനങ്ങളില്‍ സാങ്കേതികവിദ്യ നിര്‍ണായകമാണെന്നും പാങ്ങോട് മിലിറ്ററി സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സലില്‍ എം പി പറഞ്ഞു. സേനകള്‍, വ്യവസായം, അക്കാദമിക് സ്ഥാപനങ്ങള്‍ എന്നിവ തമ്മിലുള്ള സഹകരണത്തിന് മികച്ച പ്ലാറ്റ് ഫോമായിരിക്കും കേരള ഡിഫന്‍സ് ഇന്നൊവേഷന്‍ സോണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Photo Gallery
