ഹഡില്‍ ഗ്ലോബലില്‍ വ്യവസായ പങ്കാളികളുടെ ശ്രദ്ധനേടി എലിവേറ്റ്ഹെര്‍ ഫൈനലിസ്റ്റുകളായ വനിതാ സ്റ്റാര്‍ട്ടപ്പുകള്‍

Trivandrum / November 29, 2024

തിരുവനന്തപുരം: ഹഡില്‍ ഗ്ലോബല്‍-2024 സ്റ്റാര്‍ട്ടപ് സമ്മേളനത്തില്‍ നൂതന ആശയങ്ങളും വിപണന തന്ത്രങ്ങളും ഉപയോഗിച്ച് വ്യവസായ പങ്കാളികളെ ആകര്‍ഷിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ്‌യുഎം) 'എലിവേറ്റ്ഹെര്‍' പരിപാടിയിലെ ഫൈനലിസ്റ്റുകള്‍.


ഹഡില്‍ ഗ്ലോബല്‍ 2024-ന്‍റെ മുന്നോടിയായി 'എലിവേറ്റ്ഹെര്‍' ഇന്‍വെസ്റ്റ്മെന്‍റ് പാത്ത് വേ ഫോര്‍ വിമന്‍ ഫൗണ്ടേഴ്സ്' പരിപാടി വനിതകളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായാണ് കെഎസ്‌യുഎം സംഘടിപ്പിച്ചത്. കോവളത്ത് നടക്കുന്ന ത്രിദിന സ്റ്റാര്‍ട്ടപ് സമ്മേളനത്തില്‍ 'എലിവേറ്റ്ഹെറി'ലെ അഞ്ച് ഫൈനലിസ്റ്റുകളും തങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിച്ച് നിക്ഷേപകര്‍, ഉപദേഷ്ടാക്കള്‍, സംരംഭകര്‍, സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ എന്നിവരുടെ ശ്രദ്ധയാകര്‍ഷിച്ചു.

സ്ത്രീകള്‍ നയിക്കുന്ന ഒമ്പത് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മൂന്നാഴ്ചത്തെ ഹൈബ്രിഡ് നിക്ഷേപ സന്നദ്ധത പരിപാടി കെഎസ്‌യുഎം സംഘടിപ്പിച്ചിരുന്നു. ഇതില്‍ നിന്നാണ് അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ ഫൈനലില്‍ പ്രവേശിച്ചത്. ഇവര്‍ക്ക് ഹഡില്‍ ഗ്ലോബല്‍ 2024-ന്‍റെ വിമന്‍ സോണ്‍ വിഭാഗത്തില്‍ നടന്ന 'ഓപ്പണ്‍ പിച്ച്' സെഷനില്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരിഹാരങ്ങളും അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. വിപണിയിലെ മുന്‍നിര ബ്രാന്‍ഡുകളുമായി മത്സരിക്കാനും സാന്നിധ്യം നിലനിര്‍ത്താനുമുള്ള താല്‍പ്പര്യവും അതിനാവശ്യമായ കേന്ദ്രീകൃത പദ്ധതികളും അവര്‍ അവതരിപ്പിച്ചു.

ഡബ്ല്യുആര്‍ഡിഎച്ച്ആര്‍ഡി ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപക കുഹു കൃഷ്ണ, റെവാഗോ സ്ഥാപകയും സിഇഒയുമായ ജൂലിയാന ബിജു, സ്യൂ സഹസ്ഥാപകന്‍ കൃഷ്ണ കരപ്പത്ത്, കിച്ച് നാച്ചുറല്‍ കുക്ക് വെയര്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകയും സിഇഒയുമായ പ്രിയ ദീപക്, ബ്രെഡ്ക്രംബ്സ് എഐ സഹസ്ഥാപകയും സിഇഒയുമായ ചന്ദന എസ് എന്നിവരാണ് സമ്മേളനത്തില്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിച്ചത്.

ഉയര്‍ന്ന നിലവാരമുള്ളതും സുസ്ഥിരവുമായ കൈത്തറി ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പാണ് സ്യൂ. ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിന് സ്മാര്‍ട്ട് മീറ്റ് പ്ലാനിംഗ് നല്‍കുന്ന സ്റ്റാര്‍ട്ടപ്പാണ് ബ്രെഡ്ക്രംബ്സ് എഐ ഇമേജ് വിശകലനം, ഓഡിയോ ട്രാന്‍സ്ക്രിപ്റ്റുകള്‍ എന്നിവയും ഇത് വാഗ്ദാനം ചെയ്യുന്നു.

കിച്ച് നാച്ചുറല്‍ കുക്ക് വെയര്‍ പ്രകൃതിദത്ത  കുക്ക് വെയറിന്‍റെ വില്‍പ്പനയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുവഴി ഇന്ത്യയിലുടനീളമുള്ള കരകൗശല തൊഴിലാളികള്‍ക്ക് ഉപജീവനമാര്‍ഗം ഉറപ്പാക്കുന്നു. റെവാഗോ ഒരു ഇ-കൊമേഴ്സ്  പ്ലാറ്റ് ഫോമാണ്.


ഡബ്ല്യുആര്‍ഡിഎച്ച്ആര്‍ഡി ടെക്നോളജീസ് വികസിപ്പിച്ച നോയ്സ് ലി.എഐ ഹിന്ദി, ഇംഗ്ലീഷ്, ഹിംഗ്ലീഷ്, കന്നഡ, ബംഗാളി എന്നിവയുള്‍പ്പെടെ പത്തിലധികം ഇന്ത്യന്‍ ഭാഷകളില്‍ സന്ദേശം റെക്കോര്‍ഡ് ചെയ്യാനും കൃത്യമായ തത്സമയ ട്രാന്‍സ്ക്രിപ്ഷന്‍ നേടാനും ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നു.


നിലവില്‍ ഏഷ്യാ-പസഫിക് വിപണിയിലാണ് ഡബ്ല്യുആര്‍ഡിഎച്ച്ആര്‍ഡി ടെക്നോളജീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ 0.25 കോടി വിപണി വിഹിതം നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും കുഹു കൃഷ്ണ പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ റീ-ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് റെവാഗോ ലക്ഷ്യമിടുന്നതെന്ന് ജൂലിയാന ബിജു പറഞ്ഞു.

പ്രധാനമായും ഫാബ്രിക്കിലും ക്രാഫ്റ്റിലുമാണ് സ്യൂ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും തുണികളിലെ ചായം മുക്കലിനായി ജിഐ ടാഗ് ഉള്ള കണ്ണൂര്‍ കൈത്തറിയാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്നും കൃഷ്ണ കരപ്പത്ത് പറഞ്ഞു. കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്‍റെയും കോളേജുകളുടെയും സ്കൂളുകളുടെയും യൂണിഫോം ഡിസൈന്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ഹെസ്കൂള്‍ വിഭാഗത്തിലെ ഫാഷന്‍ സിലബസ് രൂപകല്‍പ്പന ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. വിപണി വിപുലീകരണത്തിന്‍റെ ഭാഗമായി വന്‍കിട നഗരങ്ങളിലും ആഗോളതലത്തില്‍ ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമിലും സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


ഹഡില്‍ ഗ്ലോബലിലെ വുമണ്‍ സോണില്‍ 'ഇന്‍ക്ലൂസീവ് ലീഡര്‍ഷിപ്പ്:ബില്‍ഡിംഗ് സൊല്യൂഷന്‍സ് ഫോര്‍ എ ബെറ്റര്‍ ടുമാറോ' എന്ന സെഷനില്‍ മൈന്‍ഡ് ആന്‍ഡ് മോം സിഇഒയും കോ-ഫൗണ്ടറുമായ പദ്മിനി ജാനകി, സഹോദരി ഫൗണ്ടേഷന്‍ സ്ഥാപകയും ഡയറക്ടറുമായ കല്‍ക്കി സുബ്രഹ്മണ്യന്‍, സീവ്.ഇന്‍ കോ-ഫൗണ്ടര്‍ സിമി ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

വുമണ്‍ സോണില്‍ വനിതാ സംരംഭകരുടെ നേതൃ പ്രഭാഷണങ്ങള്‍, വുമണ്‍ എന്‍റര്‍പ്രണേഴ്സ് എക്സ്പോ, വുമണ്‍ ഇന്നൊവേറ്റേഴ്സ് ഹബ് തുടങ്ങിയ സെഷനുകളും നടന്നു. കൂടാതെ സ്ത്രീകള്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ പ്രദര്‍ശിപ്പിക്കുകയും മെന്‍റര്‍ഷിപ്പ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ബൂട്ട് ക്യാമ്പുകളും മാസ്റ്റര്‍ക്ലാസുകളും ഉപയോഗിച്ച് സ്ത്രീകള്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂല്യവത്തായ ഉള്‍ക്കാഴ്ചകളും നല്‍കുന്നു.

 

 

 

Photo Gallery

+
Content