സ്ത്രീ കേന്ദ്രീകൃത സാങ്കേതികവിദ്യയ്ക്കാണ് ഇനി സാധ്യതയെന്ന് പ്രിയങ്ക ഗില്‍
Trivandrum / November 30, 2024
തിരുവനന്തപുരം: സ്ത്രീ കേന്ദ്രീകൃത സാങ്കേതികവിദ്യയ്ക്ക് ഭാവിയില്‍ അനന്തസാധ്യതയാണ് ഉള്ളതെന്ന് ഗ്ലാം ഗ്രൂപ്പ് സഹ-സ്ഥാപകയും കലാരി ക്യാപ്പിറ്റല്‍ പാര്‍ട്ണറുമായ പ്രിയങ്ക ഗില്‍. സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍ 2024 ന്‍റെ ആറാം പതിപ്പിനോടനുബന്ധിച്ച് 'നവീന ആശയങ്ങളിലൂടെ സ്ത്രീകള്‍ക്കായി പുതിയ ഭാവി ഒരുക്കുക' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പുരുഷ കേന്ദ്രീകൃത സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സാങ്കേതികവിദ്യയുടെ കാര്യവും വിഭിന്നമല്ല. പുരുഷന്‍മാര്‍ക്കായി അവര്‍ രൂപകല്‍പ്പന ചെയ്ത സാങ്കേതികവിദ്യയാണ് നിലവില്‍ ഭൂരിഭാഗവും. സ്ത്രീകളുടെ സ്വഭാവ സവിശേഷതകളും ആവശ്യങ്ങളുമെല്ലാം പൂര്‍ണ്ണമായി നിരാകരിക്കപ്പെടുകയാണ് ചെയ്യുന്നത്. അതിന് മാറ്റം വരണം. സ്ത്രീകള്‍ക്ക് അനുയോജ്യമായ സാങ്കേതികവിദ്യക്കും സ്ത്രീകളാല്‍ നയിക്കപ്പെട്ടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി അവര്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും പ്രിയങ്ക ഗില്‍ പറഞ്ഞു.
തന്‍റെ കലാരി ക്യാപ്പിറ്റല്‍ എന്ന സ്ഥാപനം സ്ത്രീകളുടെ സംരംഭങ്ങള്‍ക്ക് വേണ്ട സഹായം നല്‍കി വരുന്നു. മൂലധനം, പരിശീലനം, വിപണി എന്നിവ സാധ്യമാക്കുകയും വനിതാ സിഇഒ മാര്‍ക്കായി ' നിലം ഒരുക്കി നല്‍കുക' എന്ന ആശയത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
എഐ പോലുള്ള നവീന സാങ്കേതികവിദ്യയുടെ രൂപകല്‍പ്പനയിലും പ്രവര്‍ത്തനങ്ങളിലും സ്ത്രീകളുടെ ഇടപെടലുകള്‍ സാധ്യമാക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇതിനായി സ്ത്രീ സംരംഭകരും സാങ്കേതികരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളും സ്ത്രീപക്ഷ ചിന്തകള്‍ അടിസ്ഥാനമാക്കി സാങ്കേതിക പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ പരിശ്രമിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്ക് പുരുഷന്‍മാരെ അപേക്ഷിച്ച് സമ്പാദ്യശീലം കൂടുതലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നതായി പറഞ്ഞ അവര്‍ 78 ശതമാനം സ്ത്രീകള്‍ക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ടും 57 ശതമാനം സ്ത്രീകള്‍ക്കും മികച്ച ക്രെഡിറ്റ് സ്കോറും ഉള്ളതായി അഭിപ്രായപ്പെട്ടു. 53 ശതമാനം സ്ത്രീകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ വഴി സാധനങ്ങള്‍ വാങ്ങുന്നു. അതേസമയം സാമ്പത്തിക രംഗത്തെ സാങ്കേതികവിദ്യ പുരുഷന്‍മാര്‍ക്കായി മാത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നുവെന്ന് ഗില്‍ പറഞ്ഞു. അതുകൊണ്ടാണ് കലാരി ക്യാപ്പിറ്റല്‍ സ്ത്രീകള്‍ക്കായി ഒരു സാമ്പത്തിക പ്ലാറ്റ് ഫോം എന്ന ആശയത്തെ പിന്തുണയ്ക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
തങ്ങളുടെ ആപ്പ് (എല്‍എക്സ്എംഇ) സ്ത്രീകളെ സാമ്പത്തികമായി ആത്മവിശ്വാസവും കരുത്തും ഉള്ളവരാക്കാന്‍ ലക്ഷ്യമിടുന്നതായി അവര്‍ പറഞ്ഞു. സ്ത്രീകളാല്‍ നയിക്കപ്പെടുന്ന സാങ്കേതികവിദ്യകള്‍ക്ക് (ഫെംടെക്കിന്) ധാരാളം സാധ്യതകളാണുള്ളത്. സ്ത്രീകള്‍ ആവിഷ്കരിക്കുന്ന സാങ്കേതികവിദ്യയെയും സ്റ്റാര്‍ട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കണമെന്നും പ്രിയങ്ക ഗില്‍ പറഞ്ഞു. ജോലി സ്ഥലത്ത് സ്തീകള്‍ നേരിടുന്ന ലിംഗപരമായ പക്ഷപാതവും അസമത്വവും മാറ്റുന്നതിന് പുരുഷന്‍മാര്‍ പരിശ്രമിക്കണമെന്നും അത്തരം പ്രവണതകള്‍ ഇല്ലാതാക്കാന്‍ പുരുഷന്‍മാര്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും ചോദ്യോത്തര വേളയില്‍ അവര്‍ പറഞ്ഞു. ഭാവി ശോഭനവും സ്തീകളുടേതുമാണെന്ന് പറഞ്ഞാണ് അവര്‍ പ്രഭാഷണം അവസാനിപ്പിച്ചത്.
Photo Gallery
