ടൂറിസം വ്യവസായത്തിലെ ലിംഗസമത്വത്തിനുള്ള അന്താരാഷ്ട്ര കൂട്ടായ്മയ്ക്ക് കേരളം മുന്‍കയ്യെടുക്കും- ടൂറിസം സെക്രട്ടറി
Idukki / November 30, 2024
ഇടുക്കി: ടൂറിസം വ്യവസായത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും അവര്‍ക്ക് ഈ രംഗത്തേക്ക് വരാനുള്ള മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി അന്താരാഷ്ട്ര വനിതാ കൂട്ടായ്മയ്ക്ക് കേരളം മുന്‍കയ്യെടുക്കുമെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയും സംയുക്തമായി ഇടുക്കി ജില്ലയിലെ മാങ്കുളത്ത് സംഘടിപ്പിച്ച ത്രിദിന ലിംഗസമത്വ-ഉത്തരവാദിത്ത ടൂറിസമെന്ന വിഷയത്തില്‍ ആഗോള സമ്മേളനത്തിന്‍റെ ആദ്യ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസം ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ഹാരോള്‍ഡ് ഗുഡ് വിന്‍ പാനല്‍ ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു. നൊമാഡ്ഹെര്‍ സ്ഥാപക ഹ്യോജോങ് കിം, യുകെയിലെ അണ്‍സീന്‍ ടൂര്‍സ് സിഇഒ ജ്യോതി ഗുഡ്ക, ട്രാവലര്‍ സ്റ്റോറി ടെല്ലര്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപക എലീസ സ്പാംപിനാറ്റോ, ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസം പ്രതിനിധി മനീഷ പാണ്ഡേ, സൗത്ത് ഏഷ്യ റിസര്‍ച്ച് അക്കാദമി കോ-ഡയറക്ടര്‍ ലെന്നി യുസ്റാനി തുടങ്ങിയവരാണ് ഈ വിഷയത്തില്‍ സംസാരിച്ചത്.
വനിതകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമായുള്ള സമ്മേളനമായി ഇതിനെ ചുരുക്കാനാകില്ലെന്ന് ടൂറിസം സെക്രട്ടറി പറഞ്ഞു. ഈ രംഗത്ത് വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളും മികച്ച അവസരങ്ങളുമുണ്ട്. ഇതെക്കുറിച്ച് ആശയവിനിമയം നടത്താനുള്ള വേദി അനിവാര്യമാണ്. ഈ ആഗോള സമ്മേളനത്തിന്‍റെ പരിണിതഫലമായി ഇത്തരം ഒരു അന്താരാഷ്ട്ര കൂട്ടായ്മ രൂപീകരിക്കാന്‍ കേരള ടൂറിസം മുന്‍കയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വനിതകളെ മാത്രമല്ല, പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാ ജനവിഭാഗങ്ങളെയും ടൂറിസം സംരംഭത്തിലും അതിന്‍റെ ഗുണഫലങ്ങളിലും പങ്കാളികളാക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. വനിതകളുടെ ശാക്തീകരണത്തിന് പിന്തുണ നല്‍കേണ്ടത് പൊതുസമൂഹമാണെന്ന് പറഞ്ഞു. സ്വന്തം കഴിവിനെ ആത്മവിശ്വാസത്തോടു കൂടി അവതരിപ്പിക്കാനുള്ള സാഹചര്യം ഒരുക്കി നല്‍കുക എന്നതാണ് ആര്‍ടി മിഷന്‍ പോലുള്ള സ്ഥാപനങ്ങളുടെ ചുമതലയെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
സുരക്ഷിത സഞ്ചാരമെന്നാല്‍ ആക്രമിക്കപ്പെടുമോയെന്ന ഭയത്തില്‍ നിന്നുള്ള രക്ഷ മാത്രമല്ലെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. സുരക്ഷിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ടൂറിസം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. യുഎന്‍ വിമന്‍ പ്രതിനിധി പൗലോമി പാല്‍ മോഡറേറ്റായിരുന്നു. ഉത്തരാഖണ്ഡ് ടൂറിസം അഡി. ഡയറക്ടര്‍ പൂനം ചന്ദ്, ഫിലിപ്പൈന്‍സിലെ സെബു നോര്‍മല്‍ സര്‍വകലാശാല അസി. പ്രൊഫസര്‍ ക്ലെയര്‍സില്‍ ഡി ലാഡ്രിംഗന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയില്‍ വന്നിറങ്ങുന്നത് മുതല്‍ ടൂറിസം ഡെസ്റ്റിനേഷനുകളിലേക്കോ ഹോട്ടലുകളിലേക്കോ ഉള്ള യാത്രയില്‍ വരെ സ്ത്രീ-ശിശു-മാതൃ സൗഹൃദമാകണമെന്ന് ശിഖ സുരേന്ദ്രന്‍ പറഞ്ഞു. വനിതാ ടൂര്‍ ഗൈഡുകള്‍, നല്ല ശൗചാലയങ്ങള്‍, മാതൃസൗഹൃദ ടൂറിസം കേന്ദ്രങ്ങളും ഹോട്ടലുകളും, ശിശുസൗഹൃദ ഗതാഗത സംവിധാനങ്ങള്‍ എന്നിവയെല്ലാം ഈ നിര്‍വചനത്തിന്‍റ പരിധിയില്‍ വരുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
നൂതനസാങ്കേതിക വിദ്യയുടെ ഉപയോഗം വനിതാ കേന്ദ്രീകൃതമായി ടൂറിസം മേഖലയില്‍ വര്‍ധിപ്പിക്കണം. വനിതാസൗഹൃദ യാത്രാ ശൃംഖലകള്‍, ഫീഡ് ബാക്ക് സൗകര്യം എന്നിവ കാര്യക്ഷമമാക്കണമെന്നും ടൂറിസം ഡയറക്ടര്‍ പറഞ്ഞു.
ടൂറിസത്തിലെ വനിതാ സംരംഭകത്വം എന്ന വിഷയത്തില്‍ ടാറ്റ ട്രസ്റ്റിന്‍റെ ടൂറിസം മേധാവി മൃദുല താംഗരാല, എസ്ഡബ്ല്യൂ അക്കാദമിയിലെ നൈപുണ്യ വിഭാഗം പ്രൊജക്ട് ലീഡര്‍ പ്രിയദര്‍ശിനി പരമശിവം, ലെറ്റ്സ് ഗോ ഫോര്‍ എ ക്യാമ്പ് സ്ഥാപക ഗീതു മോഹന്‍ദാസ്, ഡിഡിഎച് ഹോസ്പിറ്റാലിറ്റിയിലെ ജൂലി ജോയ്, വാപ്സീ സ്ഥാപക രഞ്ജിനി തമ്പി എന്നിവര്‍ അവതരണം നടത്തി.