വനിതാ കേന്ദ്രീകൃത ടൂറിസം ഉപയോഗപ്പെടുത്താത്ത സ്വര്‍ണഖനി: ലിംഗനീതി-ഉത്തരവാദിത്ത ടൂറിസം ആഗോള വനിതാ സമ്മേളനം

Idukki / December 1, 2024

ഇടുക്കി: വനിതാ ടൂറിസ്റ്റുകളും വനിതാ ടൂറിസം സംരംഭകരും സൃഷ്ടിക്കുന്ന സാമ്പത്തിക അവസരം ഉപയോഗപ്പെടുത്താന്‍ അനുയോജ്യമായ ആവാസവ്യവസ്ഥയാണ് കേരളത്തിലുള്ളതെന്ന് മാങ്കുളത്ത് നടക്കുന്ന ലിംഗനീതി-ഉത്തരവാദിത്ത ടൂറിസം ആഗോള വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു. ഈ അവസരം ഉപയോഗപ്പെടുത്തിയാല്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ കേരളം മാതൃകയാകുമെന്ന് സമ്മേളനത്തില്‍ സംസാരിച്ചവര്‍ വ്യക്തമാക്കി.

ലോകത്തുടനീളം വനിതാ ടൂറിസ്റ്റുകളുടെ എണ്ണം ദ്രുതഗതിയില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഈ അവസരത്തെ ഉപയോഗപ്പെടുത്താന്‍ കേരളം പോലുള്ള സംസ്ഥാനത്തിന് വലിയ സാധ്യതയുണ്ട്. ലിംഗനീതിയുമായി ബന്ധപ്പെട്ട് കേരളത്തിന്‍റെ നിലപാടുകള്‍ ഏറെ പുരോഗമനപരമാണെന്നും സമ്മേളനം വിലയിരുത്തി.

കഴിഞ്ഞ മൂന്ന് ദശകമായി ലോക ടൂറിസം ഭൂപടത്തില്‍ തായ് ലാന്‍റ്  നടത്തിയ മുന്നേറ്റത്തില്‍ അവിടുത്തെ സ്ത്രീകള്‍ക്ക് വലിയ പങ്കുണ്ടെന്ന് സൂസന്‍ ദുസെറ്റ് സര്‍വകലാശാലയിലെ അസി. പ്രൊഫസര്‍ ഡോ. ഓങ്ക്രിസ സാന്‍ചുമോങ് ചൂണ്ടിക്കാട്ടി. തായ് ലാന്‍റ്  ടൂറിസം മേഖലയിലെ അമ്പത് ശതമാനത്തിനടുത്ത് വനിതകളാണ്. അവിടുത്തെ ടൂറിസം വരുമാനത്തിന്‍റെ പകുതിയിലധികം സ്ത്രീകളുടെ സംഭാവനയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വനിതാകേന്ദ്രീകൃത ടൂറിസത്തിന് സാമൂഹ്യമായ പ്രാധാന്യം മാത്രമല്ല, സാമ്പത്തികമായ അവസരം കൂടിയുണ്ടെന്ന തിരിച്ചറിവ് ഈ സമ്മേളനത്തിലൂടെ ലഭിച്ചുവെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം മേഖലയെ പൂര്‍ണമായും വനിതാസൗഹൃദമാക്കുമെന്ന പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. സമ്മേളനത്തിലെ വിവിധ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് ഇതിനുള്ള നടപടികളെടുക്കുമെന്നും അവര്‍ പറഞ്ഞു.

ദിനം തോറും വളര്‍ന്നു കൊണ്ടിരിക്കുന്ന നൂതന സാങ്കേതികവിദ്യ വനിതാ ടൂറിസം സംരംഭകര്‍ ഉപയോഗപ്പെടുത്തണമെന്ന് നൊമാഡ്ഹെര്‍ സ്ഥാപക ഹ്യോജോങ് കിം ചൂണ്ടിക്കാട്ടി. കേരളം പോലുള്ള സ്ഥലത്ത് ഏകാംഗ യാത്രികയ്ക്ക് ആസ്വദിക്കാവുന്ന നിരവധി കാര്യങ്ങളുണ്ട്. അതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നതാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ചുമതലയെന്നും അവര്‍ പറഞ്ഞു.

വനിതകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനോടാപ്പം പല സാമൂഹിക മാമൂലുകളും തകര്‍ക്കാന്‍ ടൂറിസത്തിലൂടെ സാധിക്കുമെന്ന് ശ്രീലങ്കയിലെ ലിംഗനീതി പ്രവര്‍ത്തക ചമീര മേല്‍ഗെ ചൂണ്ടിക്കാട്ടി.

വയോജനങ്ങളുടെ വിനോദസഞ്ചാരത്തിലുള്ള താത്പര്യം വളരെയധികം വര്‍ധിച്ചിട്ടുണ്ടെന്ന് ആസുത്രണബോര്‍ഡംഗം മിനി സുകുമാര്‍ പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളില്‍ ഇവര്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംവിധാനമൊരുക്കണം. കെഎസ്ആര്‍ടിസി നടത്തുന്ന ബജറ്റ് ടൂറുകളില്‍ പങ്കെടുക്കുന്നവരില്‍ വലിയൊരു വിഭാഗം വിരമിച്ച വയോജനങ്ങളും സ്ത്രീകളുമാണെന്ന് അവര്‍ പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ മികച്ച പ്രകടനം നടത്തിയ 18 വനിതകളെ സമ്മേളനത്തില്‍ ആദരിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനുഷ വി, പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി വി ആശ, ആര്‍ടി മിഷന്‍ സൊസൈറ്റി പ്രവര്‍ത്തകരായ സതി മുരളീധരന്‍, അജിത സുരേഷ്, അമ്പിളി എം സോമന്‍, സുഹൈറ കെ, വിദ്യ എം വി, ശ്രീ വിദ്യ, അലീമത്ത് സഹാദിയ, ശ്രീദേവി പി നമ്പൂതിരിപ്പാട്, പി ബി ബിദുല, സരിത വി ആര്‍, ഇന്ദിര എം ജി, രമ്യ മോഹന്‍, ഫൗസിയ അഷ്റഫ്, യാസ്മിന്‍ എന്‍ കെ എന്നിവരെയാണ് ആദരിച്ചത്.

പഞ്ചാബ് ടൂറിസം ഡയറക്ടര്‍ അമൃത് സിംഗ്, ലേ ടൂറിസം അസി. ഡയറക്ടര്‍ പദ്മ അംഗ്മോ, ഹായ് ഇന്‍ ഇന്ത്യ, റുമേനിയ സ്ഥാപക കാറ്റലീന പവല്‍, നേപ്പാള്‍ ഹോംസ്റ്റേ നെറ്റ് വര്‍ക്ക് സിഇഒ ആയുഷ പ്രസേന്‍, ഇക്കോടെല്‍ ഹോസ്പിറ്റാലിറ്റീസ് എംഡി എം ആര്‍ നാരായണന്‍, കേരള വര്‍മ കോളേജ് കൊമേഴ്സ് വിഭാഗം അസി. പ്രൊഫസര്‍ മിനു എം ഗോപാല്‍, അഗ്രോനേച്വര്‍ ഡയറക്ടര്‍ ഡോ. മേ ജേക്കബ് എന്നിവര്‍ അവതരണം നടത്തി.

കേരള ടൂറിസം അഡി. ഡയറക്ടര്‍ (ജനറല്‍) പി വിഷ്ണുരാജ് , ആര്‍ടിമിഷന്‍ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാര്‍, യുഎന്‍ വിമന്‍ കേരള കോ-ഓര്‍ഡിനേറ്റര്‍ പ്രീജാ രാജന്‍, ഫ്രണ്ട്ലൈന്‍ സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ ടി കെ രാജലക്ഷ്മി, ട്രാവല്‍ വ്ളോഗര്‍ ലക്ഷ്മി ശരത്, ബ്ലോഗര്‍ രമ്യ എസ് ആനന്ദ്, ഗൗരിയുടെ യാത്രകള്‍ സ്ഥാപക ഗൗരി തുടങ്ങിയവരും വിവിധ അവതരണങ്ങള്‍ നടത്തി.

 

Photo Gallery

+
Content