മജീഷ്യന്‍ മുതുകാടിന്‍റെ ഭാരതപര്യടനത്തിന് ഡല്‍ഹിയില്‍ നാളെ(03.12.2024) സമാപനം

New Delhi / December 2, 2024

ന്യൂഡല്‍ഹി: ഏവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യ എന്ന പ്രമേയവുമായി രണ്ട് മാസം നീണ്ടു നിന്ന മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്‍റെ ഭാരതപര്യടനത്തിന് നാളെ (03.12.2024) ന്യൂഡല്‍ഹിയില്‍ സമാപനമാകും. സാമൂഹ്യമാറ്റത്തിന് മാജിക് എന്ന സന്ദേശവുമായാണ് മജീഷ്യന്‍ മുതുകാട് ഭാരതപര്യടനം നടത്തിയത്.

ജന്‍പഥിലെ ഡോ. അംബേദ്കര്‍ ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് സമാപന പരിപാടി നടക്കുന്നത്. മന്ത്രിമാര്‍, പാര്‍ലമന്‍റംഗങ്ങള്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിശിഷ്ടവ്യക്തികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. രാജ്യമെമ്പാടും നാല്‍പതിടങ്ങളിലായി നടത്തിയ സന്ദര്‍ശനത്തിന്‍റെ അവതരണവും ഇതോടനുബന്ധിച്ച് നടക്കും.

ദിവ്യാംഗവ്യക്തികളെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന സന്ദേശമാണ് പര്യടനത്തിലുടനീളം മജീഷ്യന്‍ മുതുകാട് രാജ്യത്തിന്‍റെ വൈവിദ്ധ്യമാര്‍ന്ന ജനവിഭാഗത്തിനിടയിലേക്ക് നല്‍കിയത്. കന്യാകുമാരിയില്‍ നിന്ന് ഒക്ടോബര്‍ ആറിനാണ് പര്യടനം ആരംഭിച്ചത്. ചെപ്പടിവിദ്യക്കാര്‍, തെരുവ് കലാകാരന്മാർ, ചിത്രകാരന്മാർ തുടങ്ങിയവരെയെല്ലാം ഉള്‍ക്കൊള്ളുന്ന മജീഷ്യന്‍ മുതുകാടിന്‍റെ തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റിന്‍റെ പ്രവര്‍ത്തനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഭാരതപര്യടനമെന്ന ആശയം ആരംഭിച്ചത്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് ഈ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് ഉള്‍ക്കൊള്ളിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് മാജിക്കിലൂടെ ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു ഉദ്ദേശ്യം.

സന്ദര്‍ശിച്ച സ്ഥലങ്ങളിലെല്ലാം മാജിക്കിലൂടെ ഒരുക്കിയ പ്രത്യേക സന്ദേശത്തിലൂടെ ജനങ്ങളെ രസിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിഞ്ഞുവെന്നതാണ് ഭാരതപര്യടനത്തിന്‍റെ പ്രത്യേകത. ദക്ഷിണേന്ത്യയില്‍ നിന്നാരംഭിച്ച് രാജ്യത്തിന്‍റെ തെക്കും വടക്കും വടക്കുകിഴക്കും മധ്യഭാഗത്തുമെല്ലാം മാജിക്കിലൂടെ ദേശീയോദ്ഗ്രഥനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഉള്‍ക്കൊള്ളലിന്‍റെയും സന്ദേശം അദ്ദേഹം പ്രചരിപ്പിച്ചു. എല്ലാ പരിപാടികളുടെയും അവസാനം അമിതാബ് ബച്ചന്‍ ഉള്‍പ്പെടുന്ന ജനഗണമനയുടെ ആംഗ്യഭാഷാ ആവിഷ്കാരം അവതരിപ്പിച്ചത് ഏറെ പ്രശംസ നേടിയിരുന്നു.

വര്‍ഗീയതയ്ക്കും തീവ്രവാദത്തിനെതിരുമുള്ള സന്ദേശം, ബൗദ്ധിതപരിമിതിയുള്ളവരെ സമൂഹത്തിലേക്ക് ഉള്‍ക്കൊള്ളിക്കുന്നതിന്‍റെ പ്രാധാന്യം, സമത്വം, എന്നിവയെല്ലാം അദ്ദേഹത്തിന്‍റെ മാജിക്കിലൂടെ സമൂഹത്തിലേക്കെത്തിക്കാന്‍ സാധിച്ചു. വിവിധ പരിമിതികള്‍ അനുഭവിക്കുന്നവരെ മുഖ്യധാരയില്‍ കൊണ്ടു വരുന്നതിനപ്പുറം അവരുടെ ആത്മവിശ്വാസവും സ്വാഭിമാനവും വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഈ യാത്രയുടെ ഭാഗമായി മജീഷ്യന്‍ മുതുകാട് നടത്തി.

മജീഷ്യന്‍ മുതുകാടിന്‍റെ എന്‍ജിഒ ആയ ഡിഫറന്‍റ് ആര്‍ട്ട് സെന്‍റര്‍(ഡിഎസി)യുടെ ആഭിമുഖ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കേന്ദ്രസര്‍ക്കാരിന്‍റെ സാമൂഹ്യനീതി മന്ത്രാലയത്തിന് കീഴിലുള്ള എംപവര്‍മന്‍റ് ഓഫ് പേര്‍സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് വകുപ്പിന്‍റെ സാമ്പത്തികേതര പിന്തുണയും യാത്രയ്ക്കുണ്ടായിരുന്നു. ലോക സെറിബ്രല്‍ പാള്‍സി ദിനമായ ഒക്ടോബര്‍ ആറിന് തുടങ്ങിയ യാത്ര ലോക അംഗപരിമിത ദിനമായ ഡിസംബര്‍ മൂന്നിന് അവസാനിക്കുകയാണ്.

യാത്രയ്ക്ക് മുന്നോടിയായി ലോക ആംഗ്യഭാഷാ ദിനമായ സെപ്തംബര്‍ 22 ന് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ചെന്നൈയിലെ മുന്നൊരുക്ക പരിപാടി മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് നിര്‍വഹിച്ചത്.  ഇതു കൂടാതെ ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ ലക്ഷദ്വീപിലും പരിപാടി നടത്തിയിരുന്നു.

മലയാളികളെ സംബന്ധിച്ച് ആമുഖം വേണ്ടാത്ത വ്യക്തിയാണ് മജീഷ്യന്‍ മുതുകാട്. നിലമ്പൂരില്‍ ജനിച്ച് തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ അദ്ദേഹം മാജിക്കിന്‍റെ മാസ്മരികത കേരളത്തിന് പരിചയപ്പെടുത്തിയതില്‍ പ്രധാന പങ്ക് വഹിച്ചു. 2011 ല്‍ ഇന്‍റര്‍നാഷണല്‍ മജീഷ്യന്‍ സൊസൈറ്റിയുടെ മെര്‍ലിന്‍ പുരസ്ക്കാരവും അദ്ദേഹത്തെ തേടിയെത്തി. ഹൗഡിനി ആക്ട് എന്ന രക്ഷപ്പെടല്‍ മാജിക് 1904 ന് ശേഷം ലോകത്ത് ആദ്യമായി ചെയ്ത മജീഷ്യന്‍(1995) എന്ന ഖ്യാതിയും മുതുകാടിന് സ്വന്തമാണ്. കേരളസംഗീത നാടക അക്കാദമി പുരസ്ക്കാരം(1995) അടക്കം പന്ത്രണ്ടോളം പുരസ്ക്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഇതിനു പുറമെ പത്തോളം പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഗോപിനാഥ് മുതുകാട്.

ഡിഎസി വഴി വിവിധ പരിമിതികളുള്ളവരെ മാജിക്കിലൂടെ പൊതുധാരയിലേക്ക് കൊണ്ടു വരാനും പലരെയും മാജിക് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ മാജിക്ക് പഠിച്ചവരുടെ മാജിക് ഷോ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

നേരത്തെ വിസ്മയ ഭാരത് യാത്ര(2002). ഗാന്ധിമന്ത്ര(2005), വിസ്മയ് സ്വരാജ് യാത്ര(2007), മിഷന്‍ ഇന്ത്യ (2010) എന്നീ യാത്രകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കേരളശ്രീ പുരസ്ക്കാരജേതാവ് കൂടിയാണ് അദ്ദേഹം.

 

 

Photo Gallery