വൈക്കത്ത് കെഎസ്എഫ്ഡിസി തിയേറ്റര്‍ സമുച്ചയം വരുന്നു

നിര്‍മ്മാണോദ്ഘാടനം മന്ത്രി സജി ചെറിയാന്‍ ഇന്ന് (ജൂലൈ 3) നിര്‍വ്വഹിക്കും
Kottayam / July 2, 2022

കോട്ടയം: നൂതന സാങ്കേതികവിദ്യകള്‍ സമന്വയിപ്പിച്ച് കോട്ടയം വൈക്കത്ത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ (കെഎസ്എഫ്ഡിസി) തിയേറ്റര്‍ സമുച്ചയം വരുന്നു. കെഎസ്എഫ്ഡിസി വൈക്കം നഗരസഭയുടെ സഹകരണത്തോടെ പണികഴിപ്പിക്കുന്ന തിയേറ്ററിന്‍റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് (ജൂലൈ 3) രാവിലെ 11.30 ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും. 


ആധുനിക നിലവാരത്തിലുള്ള സിനിമാസ്വാദനം ഗ്രാമീണ മേഖലകളിലും സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കെഎസ്എഫ്ഡിസി ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15.56 കോടി രൂപ ചെലവില്‍ തിയേറ്റര്‍ നിര്‍മ്മിക്കുന്നത്. വൈക്കം നഗരസഭ അനുവദിച്ച 80 സെന്‍റ് സ്ഥലത്താണ് രണ്ട് സ്ക്രീനുകളുള്ള തിയേറ്റര്‍ സമുച്ചയം വരുന്നത്. 
രണ്ടു തിയേറ്ററുകളിലായി 380 സീറ്റുകളാണുള്ളത്. 4 കെ ത്രിഡി ലേസര്‍ ഡിജിറ്റല്‍ പ്രൊജക്ഷന്‍, ഡോള്‍ബി അറ്റ്മോസ് സൗണ്ട് സിസ്റ്റം, ജെബിഎല്‍ സ്പീക്കര്‍, സില്‍വര്‍ സ്ക്രീന്‍, ഇന്‍വേര്‍ട്ടര്‍ ടൈപ്പ് ശീതീകരണ സംവിധാനം, എല്‍ഇഡി ഡിസ്പ്ലേ, സോഫ-പുഷ്ബാക്ക് ഇരിപ്പിടങ്ങള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ തിയേറ്ററിലുണ്ടാകും.


ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, എംഡി എന്‍.മായ ഐഎഫ്എസ്, രാഷ്ട്രീയ, സാംസ്കാരിക, സിനിമാ മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വൈക്കം നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക സതീഷ് തിയേറ്റര്‍ നിര്‍മ്മാണത്തിനുള്ള സ്ഥലത്തിന്‍റെ രേഖകള്‍ കെഎസ്എഫ്ഡിസിക്ക് കൈമാറും.
 

Photo Gallery