കോഴിക്കോട് ജില്ല സീനിയര്‍ ഫുട്ബോള്‍ ടീമിനെ കാലിക്കറ്റ് എഫ് സി സ്പോണ്‍സര്‍ ചെയ്യും

Calicut / November 9, 2024

കോഴിക്കോട്: സ്കൂള്‍ കായികമേളയില്‍ കോഴിക്കോട് ജില്ലയുടെ സീനിയര്‍ ആണ്‍കുട്ടികളുടെ ഫുട്ബോള്‍ ടീമിനെ സൂപ്പര്‍ ലീഗ് കേരളയുടെ ഫൈനലിസ്റ്റും പോയിന്‍റ് പട്ടികയിലെ മുന്‍നിരക്കാരുമായ കാലിക്കറ്റ് എഫ്സി സ്പോണ്‍സര്‍ ചെയ്യും. കാലിക്കറ്റ് എഫ്സിയുടെ ലോഗോയുളള ജേഴ്സിയണിഞ്ഞാകും കോഴിക്കോടിന്‍റെ ഭാവി ഫുട്ബോള്‍ വാഗ്ദാനങ്ങള്‍ മൈതാനത്തിറങ്ങുന്നത്.

കേരളത്തിലെ ഫുട്ബോളിനെ അന്താരാഷ്ട്രനിലവാരത്തില്‍ പ്രൊഫഷണലാക്കുകയെന്ന വലിയ ലക്ഷ്യം കൂടി കാലിക്കറ്റ് എഫ്സിയ്ക്കുണ്ടെന്ന് ടീം ഉടമയും ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ സ്ഥാപകനുമായ വി കെ മാത്യൂസ് പറഞ്ഞു. മികച്ച പ്രതിഭകളെ കണ്ടെത്തുകയും അവര്‍ക്ക് വേണ്ട പ്രോത്സാഹനങ്ങളും ആധുനിക പരിശീലന സൗകര്യങ്ങളും നല്‍കി സ്പോര്‍ട്സ് അധിഷ്ഠിതമായ ഭാവിയിലേക്ക് വളര്‍ത്തിക്കൊണ്ടു വരാനാണ് ശ്രമം. എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കോഴിക്കോടിന്‍റെ ജില്ലാ സ്കൂള്‍ ഫുട്ബോള്‍ ടീമിനെ പിന്തുണയ്ക്കുന്നത് ഇതിന്‍റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.

 പ്രതിഭകളായ കുട്ടികളെ പ്രൊഫഷണല്‍ ഫുട്ബോളര്‍മാര്‍ ആക്കാനുള്ള പരിശ്രമത്തില്‍ ഇത്തരം പിന്തുണ വളരെ നിര്‍ണായകമാണെന്ന് സന്തോഷ്ട്രോഫി കേരള ടീമിന്‍റെ കോച്ചും കാലിക്കറ്റ് എഫ്സിയുടെ അസിസ്റ്റന്‍റ് കോച്ചുമായ ബിബി തോമസ് മുട്ടത്ത് പറഞ്ഞു.  കോഴിക്കോട് ടീമിലെ കുട്ടികളുടെ കളി നിരീക്ഷിച്ചുകൊണ്ട് ഭാവി വാഗ്ദാനങ്ങളെ കണ്ടെത്തുന്നതിനായി കാലിക്കറ്റ് എഫ്സി ടീമിന്‍റെ പ്രതിനിധികള്‍ മത്സരം സസൂക്ഷ്മം നിരീക്ഷിക്കും. മികച്ച പ്രകടനം നടത്തുന്നവരെ ടീമിനൊപ്പം പരിശീലനത്തിനും അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മലബാറിന്‍റെ ഫുട്ബോള്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ കാലിക്കറ്റ് എഫ്സി പ്രതിജ്ഞാബദ്ധമാണ്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ രണ്ട് കോടിയുടെ നവീകരണപ്രവര്‍ത്തനങ്ങളാണ് ക്ലബ് നടത്തുന്നത്. ഇറക്കുമതി ചെയ്ത ഫ്ളഡ് ലൈറ്റുകള്‍, കളിക്കളത്തില്‍ പുതിയ പുല്ല്, കളിക്കാരുടെ ഡ്രസിംഗ് റൂം നവീകരണം, പൊതുവെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങിയവയാണ് ചെയ്യുന്നത്. കോഴിക്കോട് ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കാനും കാലിക്കറ്റ് എഫ് സി തീരുമാനിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സൗകര്യങ്ങളോടെയുള്ള ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം നിര്‍മ്മിക്കാനായി അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്ലബ്.

സൂപ്പര്‍ ലീഗ് കേരളയുടെ ഫൈനലില്‍ കാലിക്കറ്റ് എഫ് സി ഫോഴ്സ കൊച്ചിയുമായി ഞായറാഴ്ച(10.11.2024) ഏറ്റുമുട്ടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് ഫൈനല്‍.

 

Photo Gallery

+
Content
+
Content