അടുത്ത മാസത്തോടെ വ്യവസായ വകുപ്പിൻ്റെ ഭൂമി പൂര്‍ണമായും ഉപയോഗപ്പെടുത്തും- പി രാജീവ്

വ്യവസായവകുപ്പിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലെത്താന്‍ ഉദ്യോഗസ്ഥര്‍ നേരിട്ടിറങ്ങണം
Kochi / November 11, 2024

കൊച്ചി: അടുത്തമാസം അവസാനത്തോടെ സംസ്ഥാനത്ത് വ്യവസായപാര്‍ക്കിനായി ഏറ്റെടുത്ത എല്ലാ സ്ഥലങ്ങളും പൂര്‍ണമായി ഉപയോഗപ്പെടുത്തുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.ദേശീയതലത്തിലും സംസ്ഥാനതലത്തിലും വ്യവസായ വകുപ്പ് നേടിയ നേട്ടങ്ങള്‍ ജനങ്ങളിലേക്കും വ്യവസായസമൂഹത്തിലേക്കും എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ നേരിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.


വ്യവസായവകുപ്പിന്‍റെ ഇയര്‍ ഓഫ് ഒണ്‍ട്രപ്രൈസസിന്‍റെ അവലോകനവും ഭാവി ചര്‍ച്ചയും കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ സൗഹൃദത്തില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയതില്‍ മന്ത്രി ജീവനക്കാരെ അഭിനന്ദിച്ചു.വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം ഇപ്പോള്‍ മൂന്നേകാല്‍ ലക്ഷത്തിലധികം സംരംഭങ്ങളായി മാറിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.


പിഎംഎഫ്എംഇ(പ്രധാന്‍മന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ്മൈക്രോ ഫുഡ്പ്രൊസസിംഗ് ഒണ്‍ട്രപ്രൈസസ്) വെബ്സൈറ്റും മന്ത്രി പുറത്തിറക്കി.
സംരംഭങ്ങളുടെ എണ്ണത്തില്‍ തിരുവനന്തപുരം ജില്ലയാണ് മുന്‍പന്തിയിലെങ്കില്‍ നിക്ഷേപത്തിന്‍റെ കാര്യത്തില്‍ എറണാകുളമാണ് മുന്നിലെന്ന് മന്ത്രി പറഞ്ഞു. ആറ് ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് ഇയര്‍ ഓഫ് ഒണ്‍ട്രപ്രൈസസ് വഴി സൃഷ്ടിക്കപ്പെട്ടത്.


103988 വനിതാ സംരംഭകരാണ് ഇക്കാലയളവില്‍ ഈ രംഗത്തേക്ക് വന്നത്. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വനിതാസംരംഭക സംഗമം ജനുവരിയില്‍ എറണാകുളത്ത് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായവകുപ്പിന്‍റെ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറുകയാണ്.
ഇതുവരെ 31 സ്വകാര്യ വ്യവസായപാര്‍ക്കുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു. ഈ പാര്‍ക്കുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം വ്യവസായമേഖലയായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.


വ്യവസായവകുപ്പ് മുന്‍കയ്യെടുത്ത് നടത്തിയ നിയമഭേദഗതികള്‍, ദേശീയ-സംസ്ഥാനതലത്തില്‍ നേടിയ നേട്ടങ്ങള്‍ ജനങ്ങളിലേക്കും സംരംഭക സമൂഹത്തിലേക്കും എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എം ഡി എസ് ഹരികിഷോര്‍, വ്യവസായവകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍, കിന്‍ഫ്ര എം ഡി സന്തോഷ് കോശി തോമസ്, വ്യവസായവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ രാജീവ് ജി, വിവിധ വ്യവസായ സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Photo Gallery

+
Content