ഹഡില്‍ ഗ്ലോബല്‍ 2024: ബ്രാന്‍ഡിംഗ് ചലഞ്ചിലേക്ക് അപേക്ഷിക്കാം

അവസാന തീയതി നവംബര്‍ 10
Trivandrum / November 6, 2024

തിരുവനന്തപുരം: 'ഹഡില്‍ ഗ്ലോബല്‍ ' ആറാം പതിപ്പിന്‍റെ ഭാഗമായി ഭക്ഷ്യസാങ്കേതികവിദ്യകളുടെ രൂപകല്‍പ്പനയും ബ്രാന്‍ഡിംഗും ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന 'ബ്രാന്‍ഡിംഗ് ചലഞ്ച് 2.0' മത്സരത്തിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

രാജ്യത്തെ പ്രമുഖ ഭക്ഷ്യ ഗവേഷണ-വികസന സ്ഥാപനങ്ങളിലെ അത്യാധുനിക ഭക്ഷ്യസാങ്കേതികവിദ്യകളുടെ രൂപകല്‍പ്പനയും ബ്രാന്‍ഡിംഗുമാണ് ഇത്തവണത്തെ മത്സരത്തിന്‍റെ പ്രമേയം. ബ്രാന്‍ഡിംഗ് ലോകത്ത് തങ്ങളുടെ മുദ്ര പതിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍, ഗ്രാഫിക് ഡിസൈനര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റുകള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

രാജ്യത്തെ ഭക്ഷ്യ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്ത് ഭക്ഷ്യസാങ്കേതികവിദ്യകള്‍ക്ക് ബ്രാന്‍ഡ് ഐഡന്‍റിറ്റി രൂപകല്പന ചെയ്ത് അവയുടെ സാങ്കേതിക കൈമാറ്റത്തെ ശാക്തീകരിക്കുക എന്നതാണ് ഈ ചലഞ്ചിന്‍റെ പ്രാഥമിക ലക്ഷ്യം. ഭക്ഷ്യസാങ്കേതികവിദ്യകള്‍ക്ക് ബ്രാന്‍ഡ് ഐഡന്‍റിറ്റി ലഭിക്കുന്നതിനൊപ്പം സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള ഇവയുടെ സാങ്കേതികവിദ്യാ കൈമാറ്റവും ബ്രാന്‍ഡിംഗ് ചലഞ്ചിലൂടെ സാധ്യമാകും.

ഭക്ഷ്യസാങ്കേതിക വിദ്യകളുടെ ബ്രാന്‍ഡിംഗും സാങ്കേതിക കൈമാറ്റവും കൂടുതല്‍ എളുപ്പമാക്കാന്‍ ബ്രാന്‍ഡിംഗ് ചലഞ്ച് 2.0 സഹായകമാകുമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ബ്രാന്‍ഡിംഗ് ചലഞ്ചിന്‍റെ ഭാഗമാകുന്നവരുടെ കഴിവുകളും നൂതന ആശയങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള മികച്ച പ്ലാറ്റ് ഫോമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍)-ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐഎആര്‍ഐ) ന്യൂഡല്‍ഹി, ഐസിഎആര്‍-സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് (സിഐഎഇ)ഭോപ്പാല്‍,  ഐസിഎആര്‍-സെന്‍ട്രല്‍ കോസ്റ്റല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിസിഎആര്‍ഐ) ഗോവ,  ഐസിഎആര്‍-ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐവിആര്‍ ഐ) ബറേലി, ഐസിഎആര്‍-നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍ഡിആര്‍ഐ) കര്‍ണാല്‍, ഐസിഎആര്‍-നാഷണല്‍ റിസര്‍ച്ച് സെന്‍റര്‍ ഫോര്‍ ഗ്രേപ്സ് (എന്‍ആര്‍സിജി) പൂനെ, സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍ഐഐഎസ്ടി) തിരുവനന്തപുരം, ഐസിഎആര്‍-സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം; ഐസിഎആര്‍-സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, കൊച്ചി എന്നിവിടങ്ങളില്‍ വികസിപ്പിച്ച ഭക്ഷ്യസാങ്കേതിക വിദ്യകളാണ് ബ്രാന്‍ഡിംഗ് ചലഞ്ചിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.


ബ്രാന്‍ഡിന്‍റെ പേര്, ലോഗോ, പാക്കേജ് ഡിസൈന്‍ തുടങ്ങിയവ മത്സരാര്‍ത്ഥികള്‍ പ്രദര്‍ശിപ്പിക്കണം. മികച്ച ഡിസൈനര്‍മാര്‍ക്ക് 'ഹഡില്‍ ഗ്ലോബല്‍ 2024 ഡിസൈനേഴ്സ് അവാര്‍ഡും' 10,000 രൂപയും ലഭിക്കും. എച്ച്പി യുമായി സഹകരിച്ചാണ് കെഎസ് യുഎം 'ബ്രാന്‍ഡിംഗ് ചലഞ്ച് 2.0' സംഘടിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബല്‍ കോവളത്ത് നവംബര്‍ 28 മുതല്‍ 30 വരെയാണ് നടക്കുക.

ബ്രാന്‍ഡിംഗ് ചലഞ്ചിലേക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി നവംബര്‍ 10.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: https://huddleglobal.co.in/branding_challenge/

Photo Gallery