തൊഴിലാളികള്‍ക്കായി നൂറോളം താമസസ്ഥലങ്ങള്‍ പുതുതായി ഒരുക്കി ഹാരിസണ്‍സ് മലയാളം

Kalpetta / October 30, 2024

 

കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ താമസസ്ഥലം നഷ്ടപ്പെട്ട തേയിലത്തോട്ടം തൊഴിലാളികള്‍ക്കായി ഹാരിസണ്‍സ് മലയാളം 95 പുതുക്കിയ താമസസ്ഥലങ്ങള്‍ ഒരുക്കി. ഒഴിഞ്ഞു കിടന്ന ലയങ്ങളാണ് മികച്ച രീതിയില്‍ പുതുക്കിപ്പണിത് താമസത്തിന് യോഗ്യമാക്കിയത്.


പ്രളയക്കെടുതി അവസാനിച്ചതു മുതല്‍ തന്നെ തൊഴിലാളികളുടെ വാസസ്ഥലം പുതുക്കി തയ്യാറാക്കുന്നതിന് ഹാരിസണ്‍സ് മലയാളം പദ്ധതി ആവിഷ്ക്കരിച്ചിരുന്നു. 127 കുടുംബങ്ങള്‍ക്കാണ് പ്രളയത്തിലൂടെ പാര്‍പ്പിടം നഷ്ടമായിരുന്നത്.
ഒഴിഞ്ഞു കിടന്ന ലയങ്ങളില്‍ കാര്യമായ അറ്റകുറ്റപ്പണി നടത്തിയതിനു ശേഷമാണ് തൊഴിലാളികള്‍ക്കായി നല്‍കിയത്. ഓരോ കുടുംബങ്ങള്‍ക്കും നിത്യോപയോഗ സാമഗ്രികളുടെ കിറ്റ്, പാത്രങ്ങള്‍ തുടങ്ങിയവയും സൗജന്യമായി നല്‍കി. അരപ്പെട്ട, ചൂണ്ടേല്‍, അച്ചൂര്‍ എസ്റ്റേറ്റുകളിലാണ് ഇതേര്‍പ്പെടുത്തിയിരുന്നത്. 45 കുടുംബങ്ങള്‍ ഇതിനകം പുതിയ സ്ഥലത്തേക്ക് താമസം മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവരും ഉടനെത്തും. 
വീട് നഷ്ടപ്പെട്ടവര്‍ക്ക് താത്കാലികമായി താമസിക്കുന്നതിന് ചെലവാകുന്ന വാടക സര്‍ക്കാര്‍ തിരികെ തരുമെന്ന് പ്രഖ്യാപിച്ചതിനാല്‍ വാടകവീട് ലഭിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു.


പ്രളയത്തെത്തുടര്‍ന്ന് 40 തൊഴിലാളികള്‍ മറ്റ് തോട്ടങ്ങളിലേക്ക് സ്ഥലം മാറ്റം ആവശ്യപ്പെട്ടിരുന്നു. അവര്‍ക്ക് അരപ്പെട്ട, ചുണ്ടേല്‍ എസ്റ്റേറ്റുകളിലേക്ക് സ്ഥലം മാറ്റം അനുവദിച്ചു. മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സ്ഥിരം ജോലി വാഗ്ദാനം ചെയ്തിരുന്നു. അതില്‍ മൂന്ന് പേര്‍ ഇതിനകം ജോലിക്ക് കയറി. ഇതിനു പുറമെ ദുരന്തത്തെത്തുടര്‍ന്ന് മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ് അടക്കമുള്ള സംവിധാനങ്ങളും ഹാരിസണ്‍സ് മലയാളം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Photo Gallery