ഹാരിസണ്‍സ് മലയാളം തൊഴിലാളികളുടെ സ്നേഹസംഗമം

Kalpetta / November 2, 2024

 

കല്‍പ്പറ്റ: വയനാട്ടിലെ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് സെന്‍റിനല്‍ റോക്ക് എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കുമായി നവജീവിതം-സ്നേഹസംഗമം പരിപാടി സംഘടിപ്പിച്ചു.

ടി സിദ്ദിഖ് എം.എല്‍.എ, എച്ച് എം എല്‍ സി ഇ ഒ ചെറിയാന്‍ എം ജോര്‍ജ്, ട്രേഡ് യൂണിയന്‍ നേതാക്കള്‍, അറാപ്പറ്റ, അച്ചൂര്‍, ചുണ്ടലെ, ടൂറമുള്ള എസ്റ്റേറ്റുകളിലെ തൊഴിലാളി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഹാരിസണില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരുടെ ഒത്തുചേരലായി മാറിയ പരിപാടി ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ ആഘാതത്തില്‍ നിന്ന് കരകയറുന്നതിനുള്ള ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. ജീവനക്കാര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും പരസ്പരം ആശ്വാസം പകരുകയും ചെയ്തു. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് തൊഴിലിലേക്ക് തിരിച്ചെത്താനുള്ള പ്രേരണ നല്‍കുന്നതായിരുന്നു പരിപാടി.

മൂപ്പനാട് മേപ്പാടി, സെന്‍റ് ജോസഫ്സ് ജൂബിലി മെമ്മോറിയല്‍ ഹാളില്‍ നടന്ന പരിപാടി ദീപാവലി, കേരളപ്പിറവി ആഘോഷങ്ങളുടെ കൂടി വേദിയായി മാറി. വനിതാ ജീവനക്കാര്‍ക്കായി സാരിയും പുരുഷന്മാര്‍ക്ക് മുണ്ടും ഷര്‍ട്ടുകളും വിതരണം ചെയ്തു. ജീവനക്കാര്‍ക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്തു. ജീവനക്കാര്‍ക്കുള്ള സ്വീറ്റ് ബോക്സും സമ്മാന വിതരണവും എച്ച് എം എല്‍ സി ഇ ഒ ചെറിയാന്‍ എം ജോര്‍ജും ട്രേഡ് യൂണിയന്‍ നേതാക്കളും നിര്‍വ്വഹിച്ചു.

രാജഗിരി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ഗ്രൂപ്പ് കൗണ്‍സിലിംഗ് സെഷനുകളും ജീവനക്കാരുടെ സാംസ്കാരിക പരിപാടികളും നടന്നു.

Photo Gallery

+
Content