ദീപാവലിക്ക് മധുരം പകരാന്‍ മില്‍മയുടെ ഉല്‍പ്പന്ന വൈവിധ്യം
Trivandrum / October 29, 2024
തിരുവനന്തപുരം: ദീപാവലിക്ക് പാലിന്‍റെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാനത്തുടനീളം വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കി മില്‍മ.
ദീപാവലി ആഘോഷത്തിനായി ആകര്‍ഷകമായ മധുര പലഹാരങ്ങളാണ് മില്‍മ വിപണിയില്‍ എത്തിച്ചിട്ടുള്ളത്. മില്‍മ പേഡ, കോക്കനട്ട് ബര്‍ഫി, മില്‍ക്കി ജാക്ക്, ഗുലാബ് ജാമുന്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തുടനീളം മില്‍മ നേരിട്ട് നടത്തുന്ന സ്റ്റാളുകളിലും മറ്റ് പാര്‍ലറുകളിലും കടകളിലും അംഗീകൃത ഏജന്‍സികളിലും ഇത്ലഭ്യമാണ്.
വിപണി വിപുലീകരണവും വൈവിധ്യവല്‍ക്കരണവും ലക്ഷ്യമാക്കി മില്‍മ നടപ്പാക്കിയ 'റീ പൊസിഷനിംഗ് മില്‍മ' പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ റെഡി-ടു ഈറ്റ് പാലട പായസവും ടെന്‍ഡര്‍ കോക്കനട്ട് ഐസ്ക്രീമും ഇതിനോടൊപ്പം വിപണിയിലുണ്ട്. തനത് കേരളീയ രുചിയുള്ള ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. അടുത്തിടെ വിപണിയിലെത്തിച്ച പല ഫ്ളേവറുകളിലുള്ള കാഷ്യു വിറ്റ പൗഡര്‍ ആണ് ഈ പദ്ധതിയിലെ ഏറ്റവും പുതിയ ഉല്‍പ്പന്നം.
വിപണി വിപുലീകരണത്തിന്‍റെ ഭാഗമായി മില്‍മ പുറത്തിറക്കിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. എല്ലാവര്‍ക്കും ദീപാവലി, കേരളപ്പിറവി ആശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.
ഒസ്മാനിയ ബട്ടര്‍ ബിസ്കറ്റും ബട്ടര്‍ ഡ്രോപ്സുമാണ് 'റീപൊസിഷനിംഗ് മില്‍മ'യിലെ മറ്റ് ജനപ്രിയ ഉല്‍പ്പന്നങ്ങള്‍.