ഗൊയ്ഥെ -സെന്‍ട്രം ജാസ് കണ്‍സേര്‍ട്ട് നവംബര്‍ 8 ന്

Trivandrum / November 1, 2024

തിരുവനന്തപുരം: തിരുവനന്തപുരത്തെ ജര്‍മന്‍ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെന്‍ട്രം ജര്‍മ്മന്‍ സംഗീതജ്ഞരായ ലൂയിസ് വോള്‍ക്മാന്‍, പോള്‍ ജാരറ്റ്, മാക്സ് ആന്‍ഡ്രെജ്യൂസ്കി എന്നിവരുടെ ജാസ് കണ്‍സേര്‍ട്ടിന് വേദിയാകുന്നു. ജവഹര്‍ നഗറിലെ അലയന്‍സ് ഹൗസില്‍ നവംബര്‍ 8 നാണ് പരിപാടി. ഗൊയ്ഥെ ഇന്‍സ്റ്റിറ്റ്യൂട്ട്, ന്യൂഡല്‍ഹിയിലെ മാക്സ് മുള്ളര്‍ ഭവന്‍ എന്നിവയുമായി സഹകരിച്ചാണ് ഗൊയ്ഥെ സെന്‍ട്രം പരിപാടി സംഘടിപ്പിക്കുന്നത്.

ആദ്യത്തെ 100 പേര്‍ക്കാണ് പരിപാടിയിലേക്ക് പ്രവേശനം. സൗജന്യ പാസുകള്‍ ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഒക്ടോബര്‍ 29 ന് കറാച്ചിയില്‍ നിന്ന് ആരംഭിച്ച ഇവരുടെ ദക്ഷിണേഷ്യന്‍ സംഗീത പര്യടനം കൊളംബോ, ന്യൂഡല്‍ഹി, പൂനെ എന്നീ നഗരങ്ങളില്‍ സഞ്ചരിച്ചാണ് തിരുവനന്തപുരത്ത് എത്തുന്നത്. ധാക്കയിലാണ് ഇവരുടെ അടുത്ത പരിപാടി.

ലളിതമായ നാടോടി ഗാനങ്ങളും ഇംപ്രവൈസ് ചെയ്ത ഗാനശകലങ്ങളും ഉള്‍പ്പെടുന്നതാണ് വോള്‍ക്മാന്‍-ജാരറ്റ്-ആന്‍ഡ്രെജ്യൂസ്കി ടീമിന്‍റെ കണ്‍സേര്‍ട്ട്. ആസ്വാദകരെ ഊര്‍ജ്ജസ്വലവും ഒഴുക്കുള്ളതുമായ സംഗീത യാത്രയ്ക്കൊപ്പം സഞ്ചരിക്കാന്‍ പ്രചോദിപ്പിക്കുന്നതാണ് ഇവരുടെ ശൈലി.

ജര്‍മനിയിലെ കൊളോണ്‍ സ്വദേശിയായ സാക്സഫോണിസ്റ്റായ ലൂയിസ് വോള്‍ക്മാന്‍ വര്‍ഷങ്ങളായി ഫ്രാന്‍സിലാണ് താമസം. ജാസിന്‍റെ പരിവര്‍ത്തന സാധ്യതകളിലാണ് വോള്‍ക്മാന്‍റെ താത്പര്യം. ലീപ്സിഗ്, പാരീസ്, കൊളോണ്‍ എന്നിവിടങ്ങളില്‍ ജാസ് സാക്സഫോണ്‍, കോമ്പോസിഷന്‍, മ്യൂസിക്കോളജി എന്നിവയില്‍ പഠനം പൂര്‍ത്തിയാക്കി. ചെറുതും വലുതുമായ വിവിധ സംഘങ്ങളുടെ ബാന്‍ഡ് ലീഡറായി വോള്‍ക്മാന്‍ സജീവമാണ്. ജര്‍മന്‍, ഫ്രഞ്ച് ജാസ് മേഖലയില്‍ സോളോ പ്രകടനത്തിലും വോള്‍ക്മാന്‍ ശ്രദ്ധേയയാണ്. പ്രതിവാര മാസികയായ ഡെയ് സെയ്റ്റും റെഡക്ടിയോന്‍സെറ്റ്സ്വെര്‍ക് ഡീറ്റ്സച്ലന്‍ഡും 2018-ലെയും 2021-ലെയും മികച്ച ആല്‍ബങ്ങളില്‍ ഒന്നായി വോള്‍ക്മാന്‍റെ ആല്‍ബങ്ങള്‍ തിരഞ്ഞെടുത്തു. പ്രശസ്തമായ യൂറോപ്യന്‍ ഫെസ്റ്റിവലുകളിലും ജാസ് ക്ലബ്ബുകളിലും പോപ്പ്, സമകാലിക, ലോക സംഗീതം എന്നിവയില്‍ വോള്‍ക്മാന്‍ പ്രകടനം നടത്തിയിട്ടുണ്ട്.

ബെര്‍ലിനില്‍ താമസിക്കുന്ന മ്യൂസിക് കമ്പോസറും ഡ്രമ്മറുമാണ് മാക്സ് ആന്‍ഡ്രെജ്യൂസ്കി. സമകാലിക ശാസ്ത്രീയ സംഗീതത്തിലും മ്യൂസിക് ഇംപ്രവൈസേഷനിലും അദ്ദേഹം ശ്രദ്ധവയ്ക്കുന്നു.

കമ്പോസര്‍, ഇംപ്രൊവൈസര്‍, പ്രോജക്റ്റ് ലീഡര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ഗിത്താറിസ്റ്റാണ് പോള്‍ ജാരറ്റ്. വിവിധ സംഗീത ഗ്രൂപ്പുകളുമായും പ്രോജക്ടുകളുമായും അദ്ദേഹം സഹകരിക്കുന്നു. ഫ്രഞ്ച്, യൂറോപ്യന്‍ ജാസ് മേഖലയില്‍ ശ്രദ്ധേയനാണ്. തന്‍റെ സംഗീതസപര്യയിലൂടെ പരിസ്ഥിതി, സുസ്ഥിര വികസനം തുടങ്ങിയ മൂല്യങ്ങളിലുള്ള നിലപാടുകളും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു.

കണ്‍സേര്‍ട്ടിന്‍റെ പാസിനായി ഈ ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്യുക.

Photo Gallery