ടൂറിസം മേഖലയില്‍ ആധുനിക സാങ്കേതികവിദ്യാ സമന്വയം; ഡിജിറ്റല്‍ സര്‍വകലാശാലയുമായി ധാരണാപത്രം ഒപ്പിട്ട് ടൂറിസം വകുപ്പ്

Trivandrum / October 24, 2024

തിരുവനന്തപുരം: ടൂറിസം മേഖലയില്‍ അത്യാധുനിക സാങ്കേതികവിദ്യയും നൂതനത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസും(കിറ്റ്സ്) ഡിജിറ്റല്‍ സര്‍കലാശാലയും ധാരണാപത്രം ഒപ്പിട്ടു. ടൂറിസം മേഖലയിലെ വിദ്യാര്‍ത്ഥികള്‍, വ്യവസായലോകത്തെ പ്രൊഫഷണലുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ആധുനിക ടെക്നോളജി മേഖലയില്‍ പരിജ്ഞാനം നല്‍കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കിറ്റ്സിന്‍റെ ചെയര്‍മാന്‍ കൂടിയായ ടൂറിസം  മന്ത്രി പി എ മുഹമ്മദ് റിയാസും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥും ധാരണാപത്രം കൈമാറി. കിറ്റ്സ് ഡയറക്ടര്‍ ഡോ. ദിലീപ് എം ആറും ഡിജിറ്റല്‍ സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. മുജീബുമാണ് ധാരണാപത്രത്തില്‍ ഒപ്പു വച്ചിട്ടുള്ളത്. കേരള ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍,  കിറ്റ്സ് പ്രിന്‍സിപ്പല്‍ ഡോ. ബി രാജേന്ദ്രന്‍, കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഹരി കൃഷ്ണന്‍, ഡിജിറ്റല്‍ സര്‍വകലാശാല അധ്യാപകരായ പ്രൊഫ. സന്തോഷ് കുറുപ്പ്, ഡോ. സിനി വി പിള്ള തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

കിറ്റ്സിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ അക്കാദമി ബ്ലോക്ക് അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് ഡിജിറ്റല്‍ സര്‍വകലാശാലയുമായുള്ള ധാരണാപത്രം. ഇത്തരം പ്രവര്‍ത്തനങ്ങളുമായി ടൂറിസം വകുപ്പ് മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം മേഖലയിലെ ഡിജിറ്റല്‍വത്കരണം ദ്രുതഗതിയില്‍ നടക്കുന്ന സാഹചര്യത്തില്‍ ഈ സഹകരണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ട്രിപ്പ് ബുക്ക് ചെയ്യുന്നതു മുതല്‍ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും ആധുനിക സാങ്കേതികവിദ്യയാണ് ഇന്ന് സഞ്ചാരികള്‍ ഉപയോഗപ്പെടുത്തുന്നത്. അതിനാല്‍ മാറിമാറി വരുന്ന ടെക്നോളജിയുള്ള പരിജ്ഞാനം മത്സരാധിഷ്ഠിത വിപണിയില്‍ മേല്‍ക്കൈ നേടാന്‍ സംസ്ഥാനത്തെ ടൂറിസം സംരംഭങ്ങളെ സഹായിക്കും. നിര്‍മ്മിത ബുദ്ധി(എഐ), സൈബര്‍ സുരക്ഷ, ഡാറ്റ അനലിറ്റിക്സ്, ഡിജിറ്റല്‍-സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, മാനേജ്മന്‍റ് സിസ്റ്റം തുടങ്ങിയ വിഷയങ്ങളിലാകും കോഴ്സുകള്‍ നടത്തുന്നത്.

കിറ്റ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതു വഴി അഡിഷണല്‍ ഡിപ്ലോമ ലഭിക്കും. ഡിജിറ്റല്‍ ടെക്നോളജിയിലുള്ള അധികപരിജ്ഞാനം മെച്ചപ്പെട്ട ജോലികള്‍ ലഭിക്കുന്നതിന് അവര്‍ക്ക് സഹായകരമാകും. ടൂറിസം പ്രൊഫഷണലുകള്‍ക്കാകട്ടെ കൂടുതല്‍ മെച്ചമായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് നടത്താനും ഭരണപരമായ കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും സാധിക്കും. ഡിടിപിസി പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ ക്രയശേഷി വര്‍ധിപ്പിക്കാനും സൈബര്‍ സുരക്ഷ പോലുള്ള വിഷയങ്ങളില്‍ കൂടുതല്‍ പരിജ്ഞാനം നേടാനും ഇത് സഹായിക്കും.

ടൂറിസം മേഖലയിലെ പങ്കാളികളെ അത്യാധുനിക സാങ്കേതികവിദ്യയിലൂടെ ശാക്തീകരിക്കുന്നതിലൂടെ ഈ വ്യവസായത്തിന്‍റെ മൊത്തം കാര്യക്ഷമത കൂട്ടുന്നതിനും ഭാവിയിലേക്ക് തയ്യാറാക്കാനും ലക്ഷ്യമിടുന്നു.

Photo Gallery

+
Content