സാങ്കേതിക നൈപുണ്യത്തോടൊപ്പം സാമ്പത്തിക സാക്ഷരതയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രധാനം- ഐഇഡിസി സമ്മിറ്റ്

Calicut / October 19, 2024

കോഴിക്കോട്: സാങ്കേതികനൈപുണ്യത്തോടൊപ്പം സാമ്പത്തിക സാക്ഷരതയും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് അത്യാവശ്യമാണെന്ന് കോഴിക്കോട് നടന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഐഇഡിസി സമ്മിറ്റ് അഭിപ്രായപ്പെട്ടു. പതിനായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടന്ന ഐഇഡിസി സമ്മിറ്റില്‍ പങ്കെടുത്തത്.

ഇനോവേഷന്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ്, ഡെവലപ്മന്‍റ് സെന്‍ററുകളാണ് സ്റ്റാര്‍ട്ടപ്പുകളുടെ നട്ടെല്ലെന്ന് പറയുന്നത്. ഏറ്റവും താഴെത്തട്ടിലുള്ള ഈ മേഖലയില്‍ നടത്തുന്ന സക്രിയമായ എല്ലാ ഇടപെടലുകളും സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് വളരെയധികം സഹായം ചെയ്യുമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ഐഇഡിസി സമ്മറ്റിന്‍റെ ഒമ്പതാമത് സമ്മേളനമാണ് നടക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സംരംഭക കുതുകികളുടെ കൂടിച്ചേരലാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നൂറിലേറെ പ്രഭാഷകരാണ് 15 വേദികളിലായി വിവിധ വിഷയങ്ങളില്‍ സംസാരിക്കുന്നത്. സാങ്കേതിക നൈപുണ്യശേഷി വികസിപ്പിക്കുന്നതിനൊപ്പം സാമ്പത്തിക വിജ്ഞാനവും സംരംഭകര്‍ സ്വായത്തമാക്കേണ്ടതുണ്ടെന്ന് അനൂപ് അംബിക പറഞ്ഞു.
ഡിആര്‍ഡിഒ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ സിസ്റ്റംസ് ഡിജി ഡോ. ബി കെ ദാസ്, കോഴിക്കോട് എന്‍ഐടി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ, ചെയര്‍പേഴ്സണ്‍ ഡോ. സുധീര്‍ എ പി തുടങ്ങിയ പ്രമുഖരും സമ്മേളനത്തെ അഭിസംബോധന ചെയ്തു.

പോളണ്ടില്‍ നടന്ന പത്താമത് യൂറോപ്യന്‍ റോവര്‍ ചലഞ്ചില്‍ പങ്കെടുത്ത് നേട്ടമുണ്ടാക്കിയ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ടീം ഹൊറൈസണ്‍, എന്‍ജിനീയറിംഗ് ബിരുദത്തിനിടെ തന്നെ ഫാബ് അക്കാദമിയുടെ ആറു മാസ ഡിപ്ലോമ പൂര്‍ത്തിയാക്കിയ രാജഗിരി എന്‍ജിനീയറിംഗ് കോളേജിലെ തേജ് ടി തോമസ് എന്നിവരെ ഉച്ചകോടിയില്‍ ആദരിച്ചു.

സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 502 ഐഇഡിസികളാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇതിനകം സ്ഥാപിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം ആശയങ്ങളെ പ്രവര്‍ത്തന മാതൃകളാക്കാനും അതിന്‍റെ വാണിജ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള വിജ്ഞാനം, നിക്ഷേപ സാധ്യതകള്‍, വിദഗ്ധോപദേശം തുടങ്ങിയവ ഐഇഡിസി കേന്ദ്രങ്ങള്‍ വഴി ലഭിക്കും.

സംരംഭകര്‍ക്കും നൂതനാശയമുള്ളവര്‍ക്കും വിദ്യാര്‍ത്ഥികളുമായി ആശയവിനിമയവും സഹകരണവും വളര്‍ത്താനും അതുവഴി സംസ്ഥാനത്തിന്‍റെ സംരംഭകത്വ മേഖലയില്‍ യുവാക്കളുടെ പ്രാതിനിധ്യം വളര്‍ത്താനും ഈ കേന്ദ്രങ്ങള്‍ വഴി സാധിക്കുന്നു.
 

 

Photo Gallery

+
Content