ആയുര്‍വേദം, പെര്‍ഫോമന്‍സ് കെമിക്കല്‍സ് എന്നിവയിലെ മികവിന്‍റെ കേന്ദ്രങ്ങള്‍ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയില്‍ സ്ഥാപിക്കും
സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പദ്ധതികള്‍ക്ക്
Trivandrum / October 16, 2024
തിരുവനന്തപുരം: സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍ഐഐഎസ്ടി) യുടെ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കാമ്പസില്‍ ആയുര്‍വേദ ഗവേഷണത്തിലെ മികവിന്‍റെ കേന്ദ്രത്തിന് ഇന്ന് (ഒക്ടോബര്‍ 17) കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് തറക്കല്ലിടും. ആയുര്‍വേദത്തിന്‍റെ ആഗോള വ്യാപനത്തിലേക്കുള്ള ചുവടുവയ്പ്പില്‍ സുപ്രധാന നാഴികക്കല്ല് ആയിരിക്കുമിത്. വൈകുന്നേരം 3 ന് നടക്കുന്ന ചടങ്ങില്‍ പെര്‍ഫോമന്‍സ് കെമിക്കല്‍സ് ആന്‍ഡ് സസ്റ്റെയ്നബിള്‍ പോളിമറുകളിലെ മികവിന്‍റെ കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും.
വളര്‍ന്നുവരുന്ന ശാസ്ത്ര മേഖലകളില്‍ സംഭാവനകള്‍ നല്‍കുകയും രാജ്യത്തെ മികച്ച ഗവേഷണ-വികസന സ്ഥാപനങ്ങളിലൊന്നായി നിലനില്‍ക്കുകയും ചെയ്യുന്ന സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയുടെ സുപ്രധാന സംരംഭങ്ങളാണ് ഇവ രണ്ടും.
ആയുര്‍വേദ ചികിത്സാ സമ്പ്രദായത്തിന്‍റെ വര്‍ധിച്ചുവരുന്ന പ്രാധാന്യവും ലോകമെമ്പാടുമുള്ള സ്വീകാര്യതയും കണക്കിലെടുത്ത്, ആയുര്‍വേദ മരുന്നുകളുടെ മൂല്യനിര്‍ണയത്തിലും നിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആയുഷ് ഗുണനിലവാര പരിശോധനയ്ക്കും നൂതന ആശയങ്ങള്‍ നടപ്പാക്കാനും നവീകരണത്തിനുമായി പ്രധാന സൗകര്യമായാണ് ആയുര്‍വേദത്തിന്‍റെ മികവിന്‍റെ കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്.
ആയുര്‍വേദത്തോടുള്ള ആഗോള താല്‍പര്യം വര്‍ധിക്കുന്നതിനനുസരിച്ച് ആയുര്‍വേദ മരുന്നുകളുടെ സുരക്ഷയും ഫലപ്രാപ്തിയും ഗുണനിലവാരവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു. ആയുര്‍വേദ മരുന്നുകളുടെ സാധൂകരണത്തിന്‍റെ ആവശ്യകത ഈ പരമ്പരാഗത മരുന്നുകളെ അന്താരാഷ്ട്ര തലത്തിലുള്ള ഗുണനിലവാരം ഉറപ്പു വരുത്തുന്നത് നിര്‍ണായകമാണ്. ഈ വെല്ലുവിളിയെ നേരിടാനാണ് പുതിയ കേന്ദ്രം ലക്ഷ്യമിടുന്നത്. ഉയര്‍ന്ന നിലവാരമുള്ള ആയുര്‍വേദ ഉല്‍പന്നങ്ങളുടെ ആഗോള കേന്ദ്രമായി കേരളത്തെ ഉയര്‍ത്താനും ഈ സംരംഭം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെമിക്കല്‍, പോളിമര്‍ മേഖലകളിലെ ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ഗവേഷണവും വികസനവും ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയില്‍ പെര്‍ഫോമന്‍സ് കെമിക്കല്‍സ് ആന്‍ഡ് സസ്റ്റെയ്നബിള്‍ പോളിമറുകളിലെ മികവിന്‍റെ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കും. 2030-ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുകയെന്ന ഇന്ത്യയുടെ ലക്ഷ്യവുമായി ചേര്‍ന്നു നില്‍ക്കുന്നതാണിത്. പ്രവര്‍ത്തനക്ഷമത, കാര്യക്ഷമത, സ്വാശ്രയത്വം എന്നിവ വര്‍ധിപ്പിക്കുന്ന ഒപ്റ്റോ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഊര്‍ജ്ജ സാങ്കേതിക വിദ്യകളുടെയും വികസനത്തില്‍ ഇത് നിര്‍ണായകമാണ്.
സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിക്ക് കെമിക്കല്‍, പോളിമര്‍ മേഖലകളിലെ പ്രവര്‍ത്തനത്തിന് നാല് പതിറ്റാണ്ട് നീണ്ട വൈദഗ്ധ്യമുണ്ട്. കൂടാതെ സമഗ്രമായ ഒരു വിജ്ഞാന ശേഖരവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഡോ. അനന്തരാമകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള 13-ലധികം ശാസ്ത്രജ്ഞരുടെ സംഘം ഈ കേന്ദ്രത്തിലുണ്ടാകും.
2024-ലെ ലോക ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് 'ഇന്നേക്കും നാളേക്കുമായി ആയുര്‍വേദം: പാരമ്പര്യത്തിന്‍റെയും ആധുനികതയുടെയും സമന്വയം' എന്ന വിഷയത്തില്‍ കോണ്‍ക്ലേവും കാമ്പസില്‍ സംഘടിപ്പിക്കും. ആയുര്‍വേദ വിദഗ്ധര്‍, ഗവേഷകര്‍, പ്രാക്ടീഷണര്‍മാര്‍ എന്നിവര്‍ ആയുര്‍വേദത്തിന്‍റെ ആഗോള പ്രസക്തി, ആയുര്‍വേദ സമ്പ്രദായങ്ങളെ സാധൂകരിക്കുന്നതിനുള്ള ശാസ്ത്രീയ സമീപനം, ആധുനിക വെല്‍നെസ് ചികിത്സാ മാതൃകകളുമായുള്ള സംയോജനം എന്നിവ ചര്‍ച്ച ചെയ്യും.